Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (14-05-22)

May 14, 2022
Google News 3 minutes Read

ഉദയ്പൂരിലെ ചിന്തകൾ; കോൺഗ്രസ് ചിന്തൻ ശിബിർ രണ്ടാം ദിവസത്തിലേക്ക്

കോൺഗ്രസ് ചിന്തൻ ശിബിർ ഇന്ന് രണ്ടാം ദിവസത്തിലേക്ക് . സംഘടനയെ മുന്നോട്ട് നയിക്കാൻ യുവനിരയെത്തണമെന്ന നിർദേശം ശിബിരം അംഗീകരിച്ചേക്കും. കാലത്തിനനുസരിച്ച് കോലം മാറിയിട്ടില്ല പാർട്ടിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി അജയ് മാക്കൻ പറഞ്ഞു. കമൽനാഥ് പ്രധാനപദവിയിലേക്ക് എത്തുമെന്ന് സൂചന.

ഡൽഹി തീപിടുത്തത്തിൽ മരണം 27; മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പൊലീസ്

ഡൽഹി മുണ്ട്കയിൽ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ 27 ആയി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ആറ് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീപൂർണ്ണമായി അണച്ചത്.

യു.എ.ഇ പ്രസിഡൻ്റിൻ്റെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം

യു.എ.ഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം. സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പകുതി താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ലെന്നും സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അറിയിച്ചു.

കെഎസ്ആർടിസി പണിമുടക്ക്; നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി

കെഎസ്ആർടിസി പണിമുടക്കിൽ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ദേശീയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ശമ്പളം പിടിക്കാൻ തീരുമാനം. ഈ മാസം 5 ന് പണിമുടക്കിയവരുടെ ശമ്പളവും പിടിക്കും. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക്.

തൃക്കാക്കരയിൽ നേരിട്ട് കളത്തിലിറങ്ങാൻ മുഖ്യമന്ത്രി; ലോക്കൽ കമ്മിറ്റികളിൽ ഇന്നു മുതൽ പങ്കെടുക്കും

തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി തെരഞ്ഞെടുപ്പ് ഏകോപനം നേരിട്ട് നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്താകും മുഖ്യമന്ത്രി പ്രചരണം ഏകോപിപ്പിക്കുക. ഇന്നു മുതൽ ലോക്കൽ കമ്മിറ്റികളിൽ പങ്കെടുക്കും. 60 എംഎൽഎമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തും.(cm thrikkakara bypoll)

സിൽവർ ലൈൻ ഡിപിആർ തട്ടിക്കൂട്ട്; സിസ്ട്രയ്ക്ക് മറുപടിയുമായി അലോക് കുമാർ വർമ

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ സിസ്ട്ര അയച്ച മാനനഷ്ട നോട്ടിസിന് മറുപടി നൽകി റെയിൽവേ മുൻ ചീഫ് എഞ്ചിനീയറുമായ അലോക് കുമാർ വർമ. താനാണ് മാനനഷ്ടക്കേസ് നൽകേണ്ടത് . വസ്തുതാ വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. ആരോപണം ആവർത്തിച്ച വർമ, താൻ അഭിപ്രായങ്ങൾ ഉന്നയിച്ചത് ദീർഘകാലത്തെ പ്രവൃത്തിപരിചയത്തെ മുൻനിർത്തിയാണെന്ന് മറുപടി നൽകി. സിൽവർ ലൈൻ ഡി പി ആർ തട്ടിക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ മുഖേനയാണ് സിസ്ട്രയ്ക്ക് മറുപടി നൽകിയത്.

തൃക്കാക്കരയിലേത് കാഴ്ചപ്പാടുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ; ജോ ജോസഫിനായി പ്രചാരണം ആരംഭിച്ച് കെ വി തോമസ്

തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനായി കെ വി തോമസ് പ്രചാരണം ആരംഭിച്ചു. തൃക്കാക്കരയിലേത് കാഴ്ചപ്പാടുകൾ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. പ്രചാരണം ശക്തമാകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്‌തു. ട്വന്റി ട്വന്റി യോട് വോട്ട് തേടുന്നത് കോൺഗ്രസിന്റെ കാഴ്ചപ്പാടിന്റെ ദാരിദ്ര്യം മാത്രമാണ്. പി ടി തോമസിന്റെ ആദർശം ഉമ തോമസ് മനസിലാക്കണമെന്നും കെ വി തോമസ് പ്രതികരിച്ചു.(kv thomas started ldf campaign in thrikkakara)

ജവാൻ ഉത്പാദനം കൂട്ടാത്തത് സ്പിരിറ്റിന്റെ ലഭ്യതക്കുറവ് കാരണം; മദ്യ വില വർധന പരിഗണനയിൽ; എം വി ഗോവിന്ദൻ

സംസ്ഥാനത്തെ മദ്യ വില വർധന പരിഗണനയിലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. സ്പിരിറ്റ് ലഭ്യതയിൽ കുറവുണ്ട്. നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സംസ്ഥാനത്ത് ജവാൻ ഉത്പാദനം കൂട്ടാനാകാത്തത് സ്പിരിറ്റിന്റെ ലഭ്യതക്കുറവ് കാരണമാണ്.(mv govindhan about spirit price)

മുണ്ട്ക തീപിടിത്തം; അന്വേഷണത്തിന് ഉത്തരവ്, 10 ലക്ഷം നഷ്ടപരിഹാരം നൽകും

ഡൽഹി മുണ്ട്ക തീപിടിത്തത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് സ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അതേസമയം തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് കേരളത്തിലും; ക്ലിഫ് ഹൗസില്‍ സൗകര്യം ഒരുക്കും

ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് മോഡല്‍ സംവിധാനം കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത് മോഡൽ ഭരണ നിർവഹണം നടപ്പാക്കാൻ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. ക്ലിഫ് ഹൗസിൽ സി എം ഡാഷ് ബോർഡ് സംവിധാനം സ്ഥാപിക്കണമെന്ന റിപ്പോർട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കൈമാറി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രവർത്തനം തുടങ്ങാനാണ് ആലോചന. ക്ലിഫ് ഹൗസ് ഡാഷ് ബോർഡ് നിർമ്മാണത്തിന് ഊരാളുങ്കലിനെ ചുമതലപ്പെടുത്തും. ഗുജറാത്തിലും സി എം ഡാഷ് ബോർഡുള്ളത് മുഖ്യമന്ത്രിയുടെ വസതിയിലാണ്.(kerala plan to implement gujarat model dashboard system)

കേരളത്തിൽ മെയ് 17 വരെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മെയ് 17 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here