ഇന്നത്തെ പ്രധാന വാർത്തകൾ ( 18-05-2022)

ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് മേൽക്കൈ ( May 18 news round up )
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേരിയ മേല്‍ക്കൈ. അതേസമയം, തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ടുവാർഡുകളില്‍ ഇടതുസീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി അട്ടിമറി വിജയം നേടി. ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം ജില്ലയിലെ വെളിനല്ലൂർ പഞ്ചായത്തില്‍ ഭരണമാറ്റത്തിനും കളമൊരുങ്ങി.
‘ആരോപണങ്ങൾ ഉന്നയിക്കുന്നത് കുഞ്ഞിനെ തരാതിരിക്കാൻ’; ഒളിവിലുള്ള മെഹ്‌നാസ് 24നോട്
വ്‌ളോഗർ റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തന്നെ വേട്ടയാടുന്നുവെന്ന് ഭർത്താവ് മെഹനാസ് ട്വന്റിഫോറിനോട്. തെറ്റായ കാര്യങ്ങളാണ് തന്നെകുറിച്ച് പ്രചരിക്കുന്നതെന്നും റിഫ പോയശേഷം മാനസികമായി തളർന്നനിലയിലാണുള്ളതെന്നും മെഹ്നാസ് പറയുന്നു.
തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സമൂഹ മാധ്യമങ്ങള്‍ വഴിയാണറിഞ്ഞത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കൊപ്പം കര്‍ദിനാളിനെ സന്ദര്‍ശിച്ചു. സഭയുടെ മുഖ പത്രത്തില്‍ സ്ഥാനാര്‍ത്ഥി വിവാദത്തില്‍ മുഖപ്രസംഗത്തിന് പിന്നാലെയാണ് കര്‍ദിനാളിന്റെ പ്രതികരണം.
അപ്രതീക്ഷിത നീക്കം; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി വൈ എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ കളമശേരി. യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന് പരസ്യത്തിന് എതിരെയാണ് പരാതി. കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്റെ പേരിലായിരുന്നു പ്രഖ്യാപനം.
മുഖ്യമന്ത്രിയെ പുലഭ്യം പറയാനാണ് കെ സുധാകരന്റെ ശ്രമം, ഇതുനാക്കുപിഴയല്ല; എം സ്വരാജ്
മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം നാക്കുപിഴയല്ലെന്ന് എം. സ്വരാജ്. കെ സുധാകരൻ നടത്തിയത് വിമർശനമല്ല. ബോധപൂർവം മുഖ്യമന്ത്രിയെ പുലഭ്യം പറയാനാണ് കെ സുധാകരന്റെ ശ്രമം. സുധാകരനെതിരെ നടപടിയെടുക്കുമോയെന്ന് കോൺഗ്രസ് വ്യക്തമാക്കണം. രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ഇത്തരത്തിലാണോ സുധാകരൻ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ പറഞ്ഞാൽ മാത്രമേ കോൺഗ്രസ് പാർട്ടി നടപടിയെടുക്കുകയുള്ളൂവെന്നും എം സ്വരാജ് പരിഹസിച്ചു.
കോൺഗ്രസിന് തിരിച്ചടി; ഹാർദിക് പട്ടേൽ പാർട്ടി വിട്ടു
ഗുജറാത്തിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്‍റ് ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറിയ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് ജനതയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കത്തില്‍ ഹാര്‍ദ്ദിക് പട്ടേല്‍ അതൃപ്തനായിരുന്നു.ഹാർദിക് ബിജെപിയിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്.
32 വർഷത്തെ ജയിൽവാസത്തിന് വിട; രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം
32 വർഷം ജയിലിൽ കഴിഞ്ഞ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒടുവിൽ മോചനം. പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്. എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തിൽ നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. ജയിലിൽ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. വിചാരണക്കോടതി മുതൽ സുപ്രിംകോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി.
സാബു എം ജേക്കബിനെ ആക്രമിച്ച ഇരുമുന്നണികളും ട്വന്റി ട്വന്റിക്ക് പിന്നാലെ; കെ സുരേന്ദ്രൻ
മത്സരം കടുക്കുന്തോറും ഇരുമുന്നണികളും ട്വന്റി ട്വന്റിക്ക് പിന്നാലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത് തൃക്കാക്കരയിൽ എൽഡിഎഫിന് ഗുണം ചെയ്യില്ല. എൽഡിഎഫ് സർക്കാർ സാബു എം ജേക്കബിനെ വേട്ടയാടിയപ്പോൾ കോൺഗ്രസും അവർക്കൊപ്പമാണ് നിന്നത്. പിവി ശ്രീനിജിൻ എംഎൽഎ ആയ ശേഷം സാബു ജേക്കബ് അദ്ദേഹത്തിനെതിരെ പലതവണ പരാതി ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം ബെന്നി ബെഹനാനും പിടി തോമസും ഉൾപ്പടെയുള്ളവർ എൽഡിഎഫിനൊപ്പം നിന്ന് സാബു ജേക്കബിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആ സമയത്ത് ട്വന്റി ട്വന്റിക്കൊപ്പം നിന്നത് ബിജെപി മാത്രമാണെന്നും അതുകൊണ്ട് അവരുടെ വോട്ടുകൾ എൻഡിഎയ്ക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ജാതി പറഞ്ഞ് വോട്ടു തേടുന്നത് സോഷ്യൽ എൻജിനീയറിംഗ് എന്ന ഓമനപ്പേരിൽ; വി ഡി സതീശൻ
തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന ആരോപണം വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വലിയ മാർജിനിൽ എൽഡിഎഫ് തോൽക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. അതുകൊണ്ടുതന്നെ ജാതി പറഞ്ഞ് വോട്ട് പിടിച്ച് ഉമ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് എൽഡിഎഫ് നേതാക്കളുടെ ശ്രമം. ഇതുശരിയായ മാർഗമല്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇറക്കുമതി കൽക്കരി വാങ്ങാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപണം
ഇറക്കുമതി കൽക്കരി വാങ്ങാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപണം. തദ്ദേശ കൽക്കരിയേക്കാൾ മൂന്നിരട്ടി വിലയുള്ള കൽക്കരി ഇറക്കുമതി ചെയ്യാൻ കേന്ദ്ര സമ്മർദ്ദമെന്ന ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ഇറക്കുമതി കൽക്കരി വാങ്ങിയാൽ രാജസ്ഥാന് 1736 കോടിയുടെ അധിക ബാധ്യതയുണ്ടാകും. കൽക്കരി ഇറക്കുമതിക്കുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകിയില്ലെങ്കിൽ പത്ത് ശതമാനം കൂടി അധിക ചെലവ് വരുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി വ്യക്തമാക്കി.
എൽഡിഎഫിന്റേത് സഭാ സ്ഥാനാർത്ഥിയോ? രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സഭയുടെ പേര് വലിച്ചിഴയ്ക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് കത്തോലിക്കാ മുഖപത്രമായ ദീപികയിൽ ലേഖനം. ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് കത്തോലിക്കാ സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം വോട്ട് സ്വരൂപിക്കാനും ഭിന്നിപ്പിക്കാനുമാണെന്നാണ് വിമർശനം. വിവാദങ്ങളുണ്ടാവുമ്പോൾ സഭയുടെ മേൽ പഴിചാരുന്നത് ദൗർഭാഗ്യകരമാണ്. കെസിബിസി ഐക്യജാഗ്രതാ കമ്മിഷൻ സെക്രട്ടറിയുടെ ലേഖനമാണ് ദീപിക എഡിറ്റ് പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Story Highlights: May 18 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here