ഈന്തപ്പഴം, ഖുര്‍ആന്‍, ഭക്ഷ്യക്കിറ്റ്, ബിരിയാണി ചെമ്പ്; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് കെ.ടി ജലീല്‍

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് കെ ടി ജലീല്‍ എംഎല്‍എ. മുഖ്യമന്ത്രിയെന്ന ജനനായകനെ അമ്പെയ്ത് വീഴ്ത്താന്‍ ആവനാഴിയിലെ അവസാന അസ്ത്രവും യുഡിഎഫും ബിജെപിയും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. ആരോപണങ്ങളിലും അന്വേഷണങ്ങളിലും കേന്ദ്ര ഏജന്‍സികളടക്കം എന്താണ് കണ്ടെത്തിയതെന്നും ജലീല്‍ ചോദിച്ചു.(kt jaleel in niyamasabha against udf gold allegations)
കെ ടി ജലീല്‍ പറഞ്ഞത്;
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ഫുള്‍ ടൈം ഭരണത്തിന് ശേഷം വീണ്ടും അധികാരത്തിലെത്തുന്ന ഒരേയൊരു സര്‍ക്കാര്‍ പിണറായി സര്‍ക്കാരാണ്. ഒരേയൊരു മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ നായകനെ യുഡിഎഫും ബിജെപിയും ഭയപ്പെടുന്നു. ആ ജനനായകനെ അമ്പെയ്ത് വീഴ്ത്താന്‍ ആവനാഴിയിലെ അവസാന അസ്ത്രവും അവര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. അല്ലെങ്കില്‍ മൂന്നാം തവണയും അവര്‍ക്ക് അപ്പുറത്ത് തന്നെ ഇരിക്കേണ്ടി വരുമെന്നാണ് അവരുടെ ഭയം. അതൊഴിവാക്കാന്‍ വേണ്ടിയാണ് യുഡിഎഫും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് ഒരു മഹാസഖ്യമുണ്ടാക്കിയത്. അവരാണ് കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരായി അണിനിരന്നത്. എന്നിട്ടോ, തോറ്റുതുന്നം പാടി.
തുടര്‍ച്ചയായ പരാജയങ്ങളുടെ, നിരാശയുടെ ഫലമായാണ് കള്ളക്കഥകളുടെ നയാഗ്രാ വെള്ളച്ചാട്ടമാണ് യുഡിഎഫ് ഒഴുക്കുന്നത്. റംസാന്‍ കാലത്ത് യുഎഇ കോണ്‍സുലേറ്റ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ അത് സ്വര്‍ണകിറ്റാണോ എന്ന് ബിജെപി നേതാവ് സുരേന്ദ്രന്‍ പറഞ്ഞു. ഇത് യുഡിഎഫ് ഏറ്റുപിടിച്ചു. എനിക്കെതിരെ ബെന്നി ബെഹന്നാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പിന്നെ, ഈന്തപ്പഴത്തിന്റെ പേരിലും സ്വര്‍ണക്കടത്ത് ആരോപിച്ചു. അതും ആവിയായി പോയി.
പിന്നീട് ഖുര്‍ആന്റെ പേരില്‍ സ്വര്‍ണക്കടത്ത് ആരോപിച്ചു. എന്നിട്ടതെല്ലാം ആവിയായി പോയി. അവയുടെ പേരില്‍ യുഡിഎഫും ബിജെപിയും കേരളത്തെ കലാപഭൂമിയാക്കി. വലതുപക്ഷമാധ്യമങ്ങളും ഇതിന് കൂട്ടുനിന്നു. ഡോളര്‍ കടത്തിന്റെ കഥകളും പൊളിഞ്ഞു. ഈ കേസുകളിലൊക്കെ അമിത താത്പര്യം കാണിച്ച കെഎം ഷാജിയും വി ടി ബല്‍റാമുമൊക്കെ ഇപ്പോള്‍ എവിടെയാണ്? സഭയിലെത്തിയോ? അവസാനം ബിരിയാണി ചെമ്പും സ്വര്‍ണക്കടത്തും ആരോപിച്ചു. അതുംനിങ്ങള്‍ക്ക് ഇന്നത്തോടെ അവസാനിപ്പിക്കേണ്ടിവരും.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എന്തായി? കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നല്ലേ,. കുടത്തില്‍ തപ്പിയിട്ട് എന്തുകിട്ടി? ഒരു ചുക്കും ചുണ്ണാമ്പും കിട്ടിയില്ല. മൂന്ന് അന്വേഷണ ഏജന്‍സികള്‍ എന്നെ ചോദ്യം ചെയ്തു. എന്തെങ്കിലും കണ്ടെത്തിയോ .. കെ ടി ജലീല്‍ ചോദിച്ചു.
Story Highlights: kt jaleel in niyamasabha against udf gold allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here