ഒറ്റ നിയമം, ഒറ്റ സിവില്‍ കോഡ്, ഇതൊന്നും ഇന്ത്യാ രാജ്യത്ത് പ്രായോഗികമല്ല; പി.കെ. കുഞ്ഞാലിക്കുട്ടി

ഏകീകൃത സിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സമയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയില്‍ നിരവധി ന്യൂനപക്ഷങ്ങളുണ്ട്. അവയെല്ലാം സംരക്ഷിച്ചുപോകേണ്ട സംസ്‌കാരമാണ്. അതിന് എതിരായി കൊണ്ടുവരുന്ന ഒറ്റ നിയമം ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം മുസ്ലീം ലീഗ് സംഘടിപ്പിക്കാന്‍ പോകുന്ന സെമിനാറില്‍ സിപിഐഎമ്മിനെ ക്ഷണിക്കുമോ എന്നതില്‍ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല.(Uniform civil code is not practicable in India says P.K. Kunhalikutty)
പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ലെന്ന തീരുമാനത്തിലേക്കെത്തിയത്. യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം സെമിനാറില്‍ ക്ഷണിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗിലെ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ഈ വിഭാഗത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്ന വിധത്തിലാണ് യോഗത്തില്‍ തീരുമാനമുണ്ടായത്.
ഏകീകൃത സിവില്‍ കോഡിനെ മുസ്ലീം വിഷയമായി കാണരുതെന്നും ഇതൊരു പൊതുവിഷയമാണെന്നുമാണ് ലീഗ് നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ഏകീകൃത സിവില്‍ കോഡ് വിഷയം ഒരു സെമിനാര്‍ മാത്രമായി ചുരുക്കരുതെന്നും പാണക്കാട്ടെ നേതൃയോഗത്തിന് ശേഷം ലീഗ് നേതാക്കള്‍ പറഞ്ഞു.
Read Also: ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎമ്മിനൊപ്പം ചേരാതെ ലീഗ്; പകല്‍കിനാവായി മുന്നണിമാറ്റം?
അതേസമയം ലീഗ് നിലപാടിനെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎമ്മിനെ വിമര്‍ശിക്കുകയും ചെയ്തു. കുറുക്കന്‍ നയമാണ് സിപിഐഎമ്മിന്റേത് എന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന. മുസ്ലീം ലീഗിനെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റുക എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യമാണ്. അതിനുള്ള ശ്രമങ്ങള്‍ അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ആ കെണിയില്‍ വീഴുന്നില്ല എന്നതാണ് മുസ്ലിം ലീഗിന്റെ പ്രത്യേകത. മുസ്ലീം ലീഗിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
Story Highlights: Uniform civil code is not practicable in India says P.K. Kunhalikutty