Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ ( 09-04-2019)

April 9, 2019
Google News 0 minutes Read

കെഎം മാണി അന്തരിച്ചു

കെഎം മാണി അന്തരിച്ചു. ഇന്ന് വൈകീട്ട് 4.57ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. രാവിലെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് വീണ്ടും വഷളാവുകയായിരുന്നു.

നോട്ട് അസാധുവാക്കല്‍ വന്‍ അഴിമതി; തെളിവ് പുറത്തുവിട്ട് കോണ്‍ഗ്രസ്

എന്‍ഡിഎ സര്‍ക്കാറിന്റ നോട്ട് അസാധുവാക്കല്‍ വന്‍ അഴിമതി. തെളിവ് പുറത്തു വിട്ട് കോണ്‍ഗ്രസ്. നോട്ട് നിരോധനത്തിന്റെ മറവില്‍ അസാധു നോട്ടുകളാണ് മാറി നല്‍കിയതെന്നും ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക് ഉദ്യോഗസ്ഥരും പങ്കാളികളായെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു.

കന്യാസ്ത്രീ പീഡനത്തിനിരയായത് 13 തവണ; ബലാത്സംഗം ഉള്‍പ്പെടെ ആറ് വകുപ്പുകള്‍; ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ ചേര്‍ത്ത് പാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 74 പേജുള്ള കുറ്റപത്രത്തില്‍ പത്തുപേരുടെ രഹസ്യമൊഴിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 83 പേരുടെ സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

മലപ്പുറത്ത് മൂന്നുവയസുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് തേടി

മലപ്പുറം വണ്ടൂരില്‍ മൂന്നുവയസ്സുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി വിശദമായ റിപ്പോര്‍ട്ട് തേടി. പോഷകാഹാരക്കുറവ് ഉള്‍പ്പെടെ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച പരിശോധനകള്‍ ഉടന്‍ നടക്കും.

ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ അരുണിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു

തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ കോടതി വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു. പോക്സോ കേസിലെ തെളിവെടുപ്പിന് വേണ്ടിയാണ് തൊടുപുഴ കോടതി പ്രതിയെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായത്.

ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം; അഭയ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

അഭയ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. ഒന്നും മൂന്നും പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ സിബിഐ കോടതിയില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ കോടതി ഉത്തരവിനെതിരെ ഈ രണ്ടു പ്രതികളും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ വിധി.

തെരഞ്ഞെടുപ്പ് ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇരുപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 91 ലോക്സഭാ മണ്ഡലങ്ങളിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here