ഇന്നത്തെ പ്രധാന വാർത്തകൾ (1/5/2019)

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; ഇന്ത്യയുടെ വൻ നയതന്ത്ര നേട്ടം
ഇന്ത്യയുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ പാക്കിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെ യുഎൻ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇക്കാര്യത്തിലുണ്ടായിരുന്ന എതിർപ്പ് ചൈന പിൻവലിച്ചതിനെ തുടർന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയത്. നാലു വർഷത്തിനു ശേഷമാണ് ചൈനയുടെ നിലപാട് മാറ്റം. ഇന്ത്യയുടെ വൻ നയതന്ത്ര വിജയമാണിത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചെന്ന വിവരം യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീനാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഏപ്രിൽ മാസത്തിൽ കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ലഭിച്ചത് 189.84 കോടി രൂപ
ഏപ്രിൽ മാസത്തിൽ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത് റെക്കോർഡ് വരുമാനം. 189.84 കോടി രൂപയാണ് കഴിഞ്ഞ മാസം ലഭിച്ചത്. റൂട്ടുകളിൽ ബസ്സുകൾ ഒരുമിച്ചു പോകുന്നത് ഒഴിവാക്കിയതും മുൻഗണനാ ക്രമത്തിൽ സർവീസുകൾ നടത്തിയതുമാണ് വരുമാനം വർദ്ധിക്കാനുള്ള കാരണമെന്ന് കെ.എസ്.ആർ.ടി.സി വിലയിരുത്തി.ശബരിമല സീസൺ കൂടി ഉൾപ്പെടുന്ന ജനുവരി മാസത്തേക്കാൾ ഉയർന്ന വരുമാനമാണ് ഏപ്രിലിൽ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്.ജനുവരിയിൽ 189.71 കോടി രൂപയും, ഫെബ്രുവരിയിൽ 168.58 കോടി രൂപയും മാർച്ചിൽ 183.68 കോടി രൂപയുമായിരുന്ന സ്ഥാനത്ത് ഏപ്രിൽ മാസം ലഭിച്ചത് 189.84 കോടി രൂപയാണ്.
മഹാരാഷ്ട്രയിൽ ഐഇഡി സ്‌ഫോടനം; 16 കമാൻഡോകൾ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിൽ ഐഇഡി സ്‌ഫോടനം. സ്‌ഫോടനത്തിൽ 16 കമാൻഡോകൾ കൊല്ലപ്പെട്ടു. ഗച്ചിറോളിയിലാണ് കമാൻഡോകൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കമാൻഡോ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തൃക്കരിപ്പൂർ കള്ളവോട്ട്; ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി
കല്യാശ്ശേരി പുതിയങ്ങാടിയിലെ കള്ളവോട്ട് വിഷയത്തിൽ കാസർഗോഡ് ജില്ലാ കലക്ടർ അന്വേഷണം ആരംഭിച്ചു. ബന്ധപ്പെട്ട ജീവനക്കാരുടെ വിശദീകരണം കലക്ടർ തേടി. തൃക്കരിപ്പൂർ കള്ളവോട് സംബന്ധിച്ച് കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
വയനാട് എൽഡിഎഫ് സ്ഥാനാർത്ഥി പിപി സുനീറിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി പിവി അൻവർ
വയനാട്ടിൽ പി.പി.സുനീറിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണങ്ങളുമായി പി.വി.അൻവർ എംഎൽഎ.
ക്വാറി മുതലാളിമാരിൽ നിന്ന് സുനീർ പണം പിരിച്ചെന്നും, നേതൃത്വം ഇതന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. 360യിലായിരുന്നു അൻവറിന്റ പ്രതികരണം. ഇടതു പക്ഷത്തിന്റെ ഒരു സ്ഥാനാർത്ഥി മറ്റൊരു സ്ഥാനാർത്ഥിക്കെതിരെ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് സിപിഎം-സിപിഐ നേതൃത്വങ്ങൾക്ക് മറുപടി പറയേണ്ടി വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here