ഇന്നത്തെ പ്രധാന വാർത്തകൾ
പൂരം വിളംബരം ചെയ്യാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും; അനുമതി കർശന ഉപാധികളോടെ
തൃശൂർ പൂര വിളിംബരത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ അനുമതി. കർശന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. പൂര വിളംബരത്തിന് ഒരു മണിക്കൂർ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കളക്ടർ അധ്യക്ഷയായ സമിതിയുടെ അനുമതി. ആനയുടെ പത്തു മീറ്റർ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനും നിർദ്ദേശമുണ്ട്.
കണ്ണൂരിൽ കള്ളവോട്ട് ചെയ്ത കൂടുതൽ പേർക്കെതിരെ കേസ്
കണ്ണൂരിൽ കള്ളവോട്ട് ചെയ്ത കൂടുതൽ പേർക്കെതിരെ കേസെടുത്തു. പാമ്പുരുത്തിയിൽ കള്ളവോട്ടു ചെയ്ത ഒൻപത് ലീഗ് പ്രവർത്തകർക്കും ധർമ്മടത്ത് കള്ളവോട്ടു ചെയ്ത സായൂജിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലെ 166 -ാം നമ്പർ ബൂത്തിൽ ഒൻപത് പേർ പന്ത്രണ്ട് കള്ളവോട്ടുകൾ ചെയ്തതായി കണ്ടെത്തിയിരുന്നു.
കേരളത്തിൽ ചാവേറാക്രമണത്തിന് രണ്ട് തവണ ഗൂഢാലോചന നടത്തിയെന്ന് റിയാസ് അബൂബക്കർ
കേരളത്തിൽ ചാവേറാക്രമണത്തിന് രണ്ട് തവണ ഗൂഢാലോചന നടത്തിയെന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ പിടിയിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ. കൊച്ചിയിൽ രണ്ടിടങ്ങളിൽ വച്ചായിരുന്നു ആസൂത്രണമെന്നും ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി.
പാക്കിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. ഗ്വാദറിലെ പേൾ കോണ്ടിനെന്റൽ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. നാല് ആയുധ ധാരികളാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്. സുരക്ഷാ സേന ഹോട്ടൽ വളഞ്ഞിരിക്കുകയാണ്.
വിദ്യാർത്ഥികൾക്ക് വേണ്ടി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; തന്റെ അറിവോടെയായിരുന്നില്ലെന്ന് വിദ്യാർത്ഥി
അധ്യാപകൻ ഉത്തരകടലാസ് തിരുത്തിയത് തന്റെ അറിവോടെയല്ലെന്ന് കോഴിക്കോട് നീലേശ്വരം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. ഇത്തവണ നന്നായി പരീക്ഷ എഴുതിയെന്നും, ജയിക്കുമെന്ന് ഉറപ്പിച്ചതായും വിദ്യാർത്ഥി പറഞ്ഞു. പരീക്ഷാഫലം പുറത്ത് വരാത്തത് കടുത്ത നിരാശയുണ്ടായെന്നും വിദ്യാർത്ഥി പറഞ്ഞു.
സീറ്റ് നൽകാൻ കെജ്‌രിവാൾ ആറു കോടി വാങ്ങി; ഗുരുതരാരോപണവുമയി എഎപി സ്ഥാനാർത്ഥിയുടെ മകൻ
ഡല്‍ഹിയില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടി സീറ്റ് നൽകാൻ എഎപി നേതാവ് അരവിന്ദ് കെജ്‌രിരിവാള്‍ ആറ് കോടി രൂപ വാങ്ങിയെന്ന ആരോപണവുമായി സ്ഥാനാര്‍ത്ഥിയുടെ മകന്‍ രംഗത്ത്. വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ത്ഥിയായ ബാല്‍ബില്‍ സിംഹ് ജാഖറിന്റെ മകനായ ഉദയ് ജാഖറാണ് ആം ആദ്മി പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here