Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (20/05/2019)

May 20, 2019
Google News 1 minute Read

ചെയർമാൻ പദവി; ജോസ് കെ മാണിയും പി ജെ ജോസഫും പരസ്യ ഏറ്റുമുട്ടലിലേക്ക്

കേരള കോൺഗ്രസ് ചെയർമാൻ പദവിയെ ചൊല്ലി ജോസ് കെ മാണിയും പി ജെ ജോസഫും പരസ്യ ഏറ്റുമുട്ടലിലേക്ക്. സമവായത്തിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, സംസ്ഥാന കമ്മറ്റിയിൽ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടുമായി ജോസ് കെ മാണി രംഗത്തെത്തി. പാർട്ടിയെ സ്‌നേഹിക്കുന്നവർ വിഭാഗീയ പ്രവർത്തനം അനുവദിക്കില്ലെന്നും ജോസ് കെ മാണി തുറന്നടിച്ചു.

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ നീക്കവുമായി ബിജെപി; ഭൂരിപക്ഷമില്ലെന്ന് കാണിച്ച് ഗവർണർക്ക് കത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച വിജയം നേടുമെന്ന എക്‌സിറ്റ് പോളുകൾ വന്നതിനു പിന്നാലെ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനുള്ള കരുനീക്കങ്ങളുമായി ബിജെപി. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും ഉടൻ തന്നെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി.

‘എക്‌സിറ്റ് പോൾ പലതും പാളിയിട്ടുണ്ട്’; എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി

ലോക്‌സഭ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ . 23 വരെ കാത്തിരിക്കാമെന്നും എക്‌സിറ്റ് പോളുകൾ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും പലതും പാളിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷത്തിന് ഉയർന്ന വിജയമുണ്ടാകുമെന്നതിൽ സംശയമില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

കെവിൻ വധക്കേസ്; സാക്ഷിയെ മർദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി

കെവിൻ വധക്കേസിൽ സാക്ഷിയെ മർദ്ദിച്ച പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കി. പ്രതികളായ മനു, ഷിബു എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. തങ്ങൾക്കനുകൂലമായി സാക്ഷി പറയാൻ തയ്യാറാകാത്ത 37ാം സാക്ഷി രാജേഷിനെയാണ് പ്രതികളും സുഹൃത്തുക്കളും നടു റോഡിൽ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെ സുഹൃത്തുക്കളായ ഷാജഹാൻ, റോബിൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

സീറോ മലബാർ വ്യാജരേഖാ കേസ്; പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി

കർദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസിൽ പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. എഫഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഫാ.പോൾ തേലക്കാട്ട് എന്നിവരാണ് ഹർജി നൽകിയത്

വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കുമെന്ന് ഡിജിപി; 22,640 പൊലീസുകാരെ നിയോഗിച്ചു

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷയൊരുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 22,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ദിവസം ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ എല്ലാ ജില്ലകളിലുമായി വിന്യസിക്കുക.

എക്‌സിറ്റ് പോൾ അന്തിമവിധിയല്ല, സൂചനകൾ മാത്രമെന്ന് നിതിൻ ഗഡ്കരി

എക്‌സിറ്റ് പോൾ ഫലങ്ങൾ അന്തിമവിധിയല്ലെന്നും സൂചനകൾ മാത്രമാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നതിന്റെ സൂചനകളാണ് എക്‌സിറ്റ് പോളുകളിലൂടെ ലഭിക്കുന്നതെന്നും തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൊതുവായ ഒരു ചിത്രം എക്‌സിറ്റ് പോളുകളിൽ പ്രതിഫലിക്കുന്നതായും ഗഡ്കരി നാഗ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ശാരദാ ചിട്ടി തട്ടിപ്പ് കേസ്; അറസ്റ്റ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ സുപ്രീംകോടതിയെ സമീപിച്ചു

അറസ്റ്റ് നടപടികൾ വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ കൊൽക്കത്ത സിറ്റി പോലീസ് കമ്മീഷണർ സുപ്രീം കോടതിയെ സമീപിച്ചു. ത്രിണമൂൽ കോൺഗ്രസ്സ് നേതാക്കൾ പ്രതിയായ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് സംശയിക്കുന്ന രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നലെയാണ് രാജിവ് കുമാറിൻറെ നീക്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here