Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (26/06/2019)

June 26, 2019
Google News 2 minutes Read

പീരുമേട് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവം; നെടുങ്കണ്ടം സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കൂടി സ്ഥലംമാറ്റം

ഇടുക്കി പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കൂടി സ്ഥലംമാറ്റം. എഎസ്ഐ റോയ്, രണ്ട് സിപിഒമാർ എന്നിവരെയാണ് സ്ഥലംമാറ്റിയത്. എആർ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

ആൾക്കൂട്ട കൊലപാതകം വേദനിപ്പിക്കുന്നു; ഇതിന്റെ പേരിൽ ജാർഖണ്ഡിനെയാകെ അപമാനിക്കരുതെന്നും പ്രധാനമന്ത്രി

ജാർഖണ്ഡിൽ കഴിഞ്ഞയാഴ്ചയുണ്ടായ ആൾക്കൂട്ട കൊലപാതകത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാർഖണ്ഡിലുണ്ടായ ആൾക്കൂട്ട കൊലപാതകം വേദനിപ്പിക്കുന്നതാണ്. എന്നാൽ ഇതിന്റെ പേരിൽ ജാർഖണ്ഡിനെയാകെ അപമാനിക്കരുതെന്നും മോദി പറഞ്ഞു.

ലേക് പാലസ് വിവാദം; പിഴ തുകയായ 2.71 കോടി തന്നെ ലേക് പാലസിൽ നിന്ന് ഈടാക്കും;സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം തള്ളി ആലപ്പുഴ നഗരസഭ

മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക്ക് പാലസ് റിസോർട്ടിനു അനുകൂലമായ സർക്കാർ നിർദ്ദേശം തള്ളി ആലപ്പുഴ നഗരസഭ. റിസോർട്ടിലെ അനധികൃത നിർമ്മാണത്തിന് നഗരസഭ നേരത്തെ നിശ്ചയിച്ച 1.17 കോടി തന്നെ പിഴ ഈടാക്കാൻ കൗൺസിൽ തീരുമാനിച്ചു.

എ.പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു; താൻ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി

മുൻ കോൺഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡയിൽ നിന്നാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്.

പ്രളയപുനരധിവാസം; നഷ്ടപരിഹാര കണക്കുകൾ വ്യക്തമാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

പ്രളയപുനരധിവാസവുമായി ബന്ധപ്പെട്ട് നൽകിയ നഷ്ടപരിഹാരത്തിന്റെ കണക്കുകൾ വിശദീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. പുനരധിവാസത്തിനുള്ള അപേക്ഷകളിൽ എന്ത് തുടർനടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു.

ബലാക്കോട്ട് ആക്രമണത്തിന്റെ സൂത്രധാരൻ സാമന്ത് ഗോയൽ ഇനി ‘റോ’ മേധാവി

രഹസ്യാന്വേഷണ വിഭാഗം തലപ്പത്ത് അഴിച്ചു പണിയുമായി കേന്ദ്ര സർക്കാർ. ദേശീയ ഇന്റലിജൻസ് ഏജൻസിയായ ‘റോ’ യുടെ തലവായി സാമന്ത് ഗോയലിനെ നിയമിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാറിനെ പുതിയ ഇന്റലിജൻസ് ബ്യൂറോ മേധാവിയായും നിയമിച്ചിട്ടുണ്ട്.

പ്രതിപക്ഷം ഭീരുക്കളെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; മുഖ്യമന്ത്രിയുടേത് പുത്തരിക്കണ്ടത്തെ പ്രസംഗമെന്ന് പ്രതിപക്ഷം

നിയമസഭയിൽ പി.ടി തോമസ് എംഎൽഎക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അന്ധമായ സോഷ്യലിസ്റ്റ് വിരോധമാണ് പി.ടി തോമസിനുള്ളതെന്നും ശത്രുതാ മനോഭാവമാണ് പി.ടി തോമസിൽ കണ്ടെതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പാർത്ഥാ കൺവെൻഷൻ സെന്ററിന് ഈ മാസം അനുമതി നൽകും : മന്ത്രി എസി മൊയ്തീൻ

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കെട്ടിടം പാർത്ഥാ കൺവെൻഷൻ സെന്ററിന് ഈ മാസം അനുമതി നൽകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ ആണ് ഇക്കാര്യം അറിയിച്ചത്.

ശബരിമലയിലെ യുവതീപ്രവേശം അണികൾക്ക് ആഘാതമായെന്ന് സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്

ശബരിമലയിലെ യുവതീപ്രവേശം അണികൾക്ക് ആഘാതമായെന്നും വനിതാ മതിൽ വോട്ടായി മാറിയില്ലെന്നും സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. അവലോകന റിപ്പോർട്ട് ഇന്ന് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചു.

തൃശൂർ കളക്ടർ സ്ഥാനത്ത് നിന്നും ടി വി അനുപമയെ മാറ്റി

തൃശൂർ കളക്ടർ സ്ഥാനത്ത് നിന്നും ടി വി അനുപമയെ മാറ്റി. പകരം സി ഷാനാവാസിനെ തൃശൂർ കളക്ടറായി നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ഓയോക്കെതിരെ സമാന്തര ഓൺലൈൻ പോർട്ടൽ തുടങ്ങുമെന്ന് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ

ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് രംഗത്തെ ഭീമനായ ഓയോക്ക് സമാന്തരമായി ബുക്കിംഗ് പോർട്ടൽ ആരംഭിക്കുമെന്ന് കേരളാ ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ. ആദ്യം വലിയ ഓഫറുകൾ തന്ന് കരാറൊപ്പിട്ട ഓയോ പിന്നീട് ഹോട്ടലുകളുടെ വയറ്റത്തടിക്കുകയാണെന്ന് അസോസിയേഷൻ സെക്രട്ടറി ടി.ജെ മനോഹരൻ പറഞ്ഞു.

മികച്ച രണ്ടാമത്തെ ലോംഗ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടി ആനന്ദ് പട് വർധന്റെ ‘വിവേക്’

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ മികച്ച രണ്ടാമത്തെ ലോംഗ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടി ആനന്ദ് പട് വർധന്റെ വിവാദ ഡോക്യുമെന്ററി ‘വിവേക്’. ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച ഡോക്യുമെൻററിക്കുള്ള പുരസ്‌കാരം നിർമൽ ചന്ദർ സംവിധാനം ചെയ്ത ‘മോത്തീ ബാഗും’ പങ്കജ് ഋഷികുമാറിന്റെ ‘ജനനീസ് ജൂലിയറ്റും പങ്കിട്ടു’.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here