ഇന്നത്തെ പ്രധാന വാർത്തകൾ (16-08-2019)
പ്രളയം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതമെന്ന് തോമസ് ഐസക്; ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്
പ്രളയം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. വരുമാനം കുറയുകയും ചെലവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്യും. സാമ്പത്തിക മുരടിപ്പിലേക്ക് നീങ്ങുന്ന സമയത്തുണ്ടായ പ്രളയം സമ്പദ്ഘടനയുടെ ഞെരുക്കത്തെ കൂടുതല്‍ തീക്ഷ്ണമാക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്.
ആണവായുധത്തിന്റെ കാര്യത്തിൽ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നിലപാടിൽ ഭാവിയിൽ മാറ്റമുണ്ടാകാമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സംഘർഷമുണ്ടാകുന്ന സാഹചര്യത്തിൽ ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്നതാണ് ഇന്നുവരെയുള്ള ഇന്ത്യയുടെ നയം.
ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ്; സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി
ആലപ്പുഴ, ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ്. സിപിഐഎം കുറുപ്പുകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനാണ് പിരിവ് നടത്തിയത്. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടി വാടക ഇനത്തിലാണ് പിരിവ് നടത്തിയത്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യവക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ഇതിനും ക്യാമ്പിലുള്ളവരില്‍ നിന്ന് പണം ഓമനക്കുട്ടന്‍ പിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സിബിഐ അന്വേഷണം നേരിടുന്നയാളെ കൺസ്യൂമർ ഫെഡ് എം.ഡി യായി നിയമിക്കാൻ നീക്കം
സിബിഐ അന്വേഷണം നേരിടുന്നയാളെ കൺസ്യൂമർ ഫെഡ് എം.ഡി സ്ഥാനത്തേക്ക് നിയമിക്കാൻ നീക്കം. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡി കെ.എ രതീഷിനെ എം.ഡി യായി നിയമിക്കാനാണ് നീക്കം. ഇതിനായി വിജിലൻസ് ക്ലിയറൻസ് തേടിയിട്ടുണ്ട്. വിജിലൻസിന്റെ അനുമതി ലഭിച്ചാൽ നിയമനം നൽകാനാണ് തീരുമാനം. കൺസ്യൂമർ ഫെഡ് എംഡി സ്ഥാനത്തേക്കുള്ളവരുടെ അഭിമുഖത്തിന് ശേഷം അന്തിമ പട്ടികയിൽ രതീഷാണ് ഒന്നാം സ്ഥാനത്തുള്ളത്.
‘മോദി ചെങ്കോട്ടയിൽ നുണ പറയുന്നു’; പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ്. #ModiLiesAtRedFort ഹാഷ് ടാഗിൽ ട്വിറ്ററിലാണ് മോദിയെ കോൺഗ്രസ് കടന്നാക്രമിച്ചത്. മോദിയുടെ പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ എടുത്തുകാട്ടിയായിരുന്നു വിമർശം.
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് കാര്യമായ മഴ പെയ്തില്ല. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് പിന്‍വലിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here