ഇന്നത്തെ പ്രധാന വാർത്തകൾ (15-11-2019)

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ട്രഷറിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നു. അത്യാവശ്യ ചെലവുകൾ ഒഴികെ ഒരു ബില്ലും പാസാക്കേണ്ടതില്ലെന്ന് ട്രഷറിക്ക് കർശന നിർദേശം. ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെയാണ് നിയന്ത്രണമെന്ന് ധനവകുപ്പ്. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്.

വിഷ്ണു പ്രസാദിന്റെ ബാഗ് തിരികെ ലഭിച്ചു; സോഷ്യൽ മീഡിയക്ക് നന്ദി

കഴിഞ്ഞ ദിവസം തൃശൂർ നഗത്തിൽ വെച്ച് വിദ്യാഭ്യാസ രേഖകളടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരൻ്റെ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിഷ്ണു പ്രസാദ് എന്ന ചെറുപ്പക്കാരൻ പൊട്ടിക്കരഞ്ഞു കൊണ്ട് ആ ബാഗിലെ വിദ്യാഭ്യാസ രേഖകളെങ്കിലും തിരികെ നൽകണമെന്നാവശ്യപ്പെട്ടതും നമ്മൾ കണ്ടു. നമ്മളിൽ പലരും അത് പങ്കുവെക്കുകയും ചെയ്തു. അസംഖ്യം ഷെയറുകൾക്കും അന്വേഷണങ്ങൾക്കും ശേഷം ഇപ്പോഴിതാ ആ ബാഗ് തിരികെ ലഭിച്ചിരിക്കുകയാണ്.

 

‘ശബരിമല യുവതീപ്രവേശ വിധി അതേപടി നിലനിൽക്കുന്നു; കോടതി വിധി കളിക്കാനുള്ളതല്ല:’ ജസ്റ്റിസ് ആർ എഫ് നരിമാൻ

ശബരിമല യുവതീപ്രവേശ വിധി അതേപടി നിലനിൽക്കുന്നുവെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ. സുപ്രിംകോടതി വിധി കളിക്കാനുള്ളതല്ല. പുനഃപരിശോധനാ ഹർജികളിലെ ഭിന്നവിധി വായിച്ചു നോക്കാനും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നരിമാൻ ആവശ്യപ്പെട്ടു.

ശബരിമലയിലെത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് സർക്കാർ

ശബരിമലയിലെത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് സർക്കാർ. ഇത് സംബന്ധിച്ച് സർക്കാരിന് നിയമോപദേശം കിട്ടി. സുപ്രിംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് സർക്കാരിന് നിയമോപദേശം നൽകിയത്. വിധിയുടെ കൃത്യമായ ഉള്ളടക്കം സംബന്ധിച്ച് പഠിച്ച ശേഷം തുടർനടപടി മതിയെന്നാണ് നിയമോപദേശം.

കൂടത്തായി കൊലപാതക പരമ്പര: ശാസ്ത്രീയ സ്ഥിരീകരണത്തിന് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം

കൂടത്തായി കൊലപാതക പരമ്പര ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരും. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരും അന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസിൽ ജോളിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More