സ്വർഗം തേടി ഹിമാലയത്തിലേക്ക് ഒരു യാത്ര


ആൽവിൻ ജോസ്/യാത്രാക്കുറിപ്പ്
അബുദാബി ലുലു ഇന്റർനാഷണലിൽ ഇന്റേണൽ ഓഡിറ്ററാണ് ലേഖകൻ.
സ്വർഗം എന്നത് മരിച്ചതിന് ശേഷം മാത്രമല്ല, ജീവിച്ചിരിക്കുമ്പോഴും ഉണ്ട്. എവിടെ ആണെന്നോ, അങ്ങ് ഹിമാചൽ പ്രദേശിലെ ഹംപ്ത പാസ് മലനിരകളിൽ. ഇന്ന് മാസങ്ങൾക്ക് ശേഷം മരുഭൂമിയുടെ മണ്ണിൽ ഇരുന്ന് എഴുതുമ്പോൾ, അന്ന് കണ്ടതൊക്കെയും സ്വപ്നമാണോ എന്ന് പോലും സംശയമാണ്. അത്ര ഭംഗിയാണ്, ആ മലനിരകളിലെ കാഴ്ചകൾക്ക്. സ്വർഗം പോലെ ഒന്ന്.

നാല് ദിവസം കൊണ്ട് 26 കിലോമീറ്റർ നടന്ന് വേണം ഹംപ്ത പാസ് മലനിരകളെ കീഴടക്കാൻ. ഓരോ ദിവസവും ഓരോ മണിക്കൂറും ഓരോ നിമിഷവും പുതിയ കാഴ്ചകൾ കണ്ട് നമ്മൾ അമ്പരക്കും. ചില സ്ഥലങ്ങളിൽ അദ്ഭുത ലോകം കണ്ട് നമ്മൾ നമ്മളെ തന്നെ മറന്ന് അലറി വിളിക്കും. അത്രക്ക് ഭംഗിയാണ് ഇളം പച്ച നിറത്തിലുള്ള മലനിരകളും അതിനെ തലോടി ഒഴുകുന്ന പാൽ നിറമുള്ള നദികളും, മാനത്തു പറന്നു നടക്കുന്ന ഇളം മഞ്ഞും. ഇതല്ലാതെ പിന്നെ ഏതാണ് സ്വർഗം?

മണാലിയിൽ നിന്ന് തുടങ്ങി ജൂബ്ര വഴി നടന്ന് ചിക്ക, ബാലു ഖാ ഘേരയും കടന്ന് 14,100 അടി ഉയരത്തിലുള്ള ഹംപ്ത പാസ് മലകളും കടന്ന് മൂന്ന് ദിവസം കൊണ്ട് സിയ ഗുരു എത്തും. അവിടെ നിന്ന് നടന്ന് നാലാം നാൾ ചത്രു. പോകുന്ന വഴികളിൽ ഓരോ ദിവസവും എത്തുന്ന പല മലഞ്ചെരുവുകളിലെ ടെന്റിൽ താമസം. മിതമായ ഭക്ഷണം. അത് പോകുന്ന സ്ഥലത്തുവച്ച് ഉണ്ടാക്കും. കുളി, നന തുടങ്ങിയവയെപ്പറ്റി ആലോചിക്കുകയേ വേണ്ട. എന്തിനാ വെറുതെ, നടക്കില്ല, അത്രക്ക് തണുപ്പാണ് വെള്ളത്തിനൊക്കെ. പിന്നെ അടിസ്ഥാന കാര്യങ്ങൾക്ക് താമസിക്കുന്ന ടെന്റുകൾക്ക്, കുറച്ച് അകലെയായി താത്കാലിക കക്കൂസുകൾ ഉണ്ടാക്കിട്ടുണ്ടാകും. പുരാതന കാലം തന്നെ. ! അയ്യേ എന്നൊന്നും പറയണ്ട. നമ്മൾ തനി സ്വർഗത്തിലേക്കാണ് പോകുന്നത്. അവിടെ ഇങ്ങനെ ഒക്കെ തന്നെ ആകും. പിന്നെ ഈ നാല് ദിവസവും ഫുൾ സമാധാനം ആണ് കേട്ടോ. വൈദ്യതി, മൊബൈൽ നെറ്റ് വർക്ക് തുടങ്ങിയ ആഡംബരം കാണില്ല, നമ്മളും പ്രകൃതിയും സുഹൃത്തുക്കളും മാത്രം.

പതിനാറ് പേരാണ് സ്വർഗം കാണാൻ ഞങ്ങളുടെ ടീമിലെ അംഗങ്ങൾ. 15 പേർ എന്നെ പോലെ മനുഷ്യരും പതിനാറാമൻ ആയി വഴിയിൽ ഒപ്പം കൂടിയ ഒരു മൗണ്ടൻ ഡോഗും. പേരില്ലാത്ത അവനെ തത്കാലം നമുക്ക് ബ്രൂണോ എന്ന് വിളിക്കാം. ഞങ്ങളുടെ ഗ്യാങ് ലീഡർ, അഭിഷേക്, ഒരു മണാലിക്കാരൻ ചെങ്ങായ്.

ചിക്ക എന്ന സ്ഥലത്തേക്ക് യാത്ര തുടങ്ങുന്നത് ഹിമാചലിലെ മണാലിയിൽ നിന്നാണ്. ആദ്യ ദിവസമല്ലേ, രണ്ട് മണിക്കൂർ വണ്ടിയിൽ പിന്നെ ഒരു മണിക്കൂർ നടത്തം. വരും ദിവസത്ത നീണ്ട നടത്തത്തിനുള്ള യാത്രയുടെ തുടക്കം മാത്രമാണ് ഇത്.
മണാലിയിൽ നിന്ന് ജൂബ്ര വരെ ടാറ്റ സുമോയിൽ ആണ് യാത്ര. പിന്നെ അങ്ങോട്ട് നടത്തം. മൂന്ന് ടാറ്റ സുമോകൾ റെഡി ആയി നിൽപ്പുണ്ട്. ഒരു ടാറ്റ സുമോയുടെ മുകളിൽ ബാഗൊക്കെ കയറ്റിവച്ച് ഞങ്ങൾ റെഡി ആയി. മണാലി സ്വദേശിയാണ് വണ്ടി ഓടിക്കുന്നത്. നല്ല കുണ്ടും കുഴിയുമൊക്കെയുള്ള പൊട്ടി പൊളിഞ്ഞ വഴി. കൃത്യം രണ്ട് മണിക്കൂർ ജൂബ്ര എത്തി. ഇനി അങ്ങോട്ട് നടത്തമാണ്. അവിടെ തൊട്ട് ബ്രൂണോയും നമ്മുടെ കൂടെ ഉണ്ട്. മൗണ്ടൻ ഡോഗുകൾക്ക് ഒരു പ്രത്യേകത ഉണ്ട്, അവർ കൂടെ കൂടുന്ന ആളുകളെ മല കടത്തി ലക്ഷ്യം എത്തുന്നതുവരെ ഒപ്പം കൂടും. ലക്ഷ്യം എത്തിയാൽ പിന്നെ ഒന്നും പറയാതെ അടുത്ത കൂട്ടരെ തേടി അങ്ങ് പോകും, ആരോടും പറയാതെ.

ഹിമാചലിൽ മഴ കഴിഞ്ഞ സമയമാണ്. എന്തൊരു പച്ചപ്പാണ്..! ഞങ്ങൾ ഓരോരുത്തരായി നിരയായി മുന്നോട്ട് നടക്കുവാണ്.! ഏറ്റവും പിറകിൽ ബ്രൂണോ. ഇടക്ക് ചെങ്ങായിക്ക് ബോർ അടിച്ചപ്പോൾ എല്ലാരുടെയും കാലിന്മേൽ ഉരസി മുന്നിൽ പോയി നിന്നു. കുന്നിൻ ചെരുവിൽ കൂടി വളരെ സൂക്ഷിച്ചാണ് എല്ലാവരും നടക്കുന്നത്. ചില ഭാഗത്ത് വെള്ളചാലുകൾ ഉണ്ട്. താഴെ അലറി വിളിച്ച് ഒഴുകുന്ന പുഴയാണ്. ! എല്ലാവരും പരസ്പരം സഹായിച്ചൊക്കെ മുന്നോട്ട് പോയ്‌ക്കൊണ്ടേ ഇരിക്കുന്നു.. ഓരോ സ്ഥലവും, പച്ചപ്പിന്റെ ഭംഗി അത് അങ്ങേ അറ്റം ആണ്. ഒപ്പം പറന്നു നടക്കുന്ന മഞ്ഞുകൂടിയാകുമ്പോൾ എജ്ജാതി ഫീലാണ് ! അങ്ങനെ പോകുന്ന വഴിയിൽ ഒരു കുന്നിന്റെ മുകളിൽ കയറി നിന്നിട്ട് താഴേക്ക് ഒന്ന് നോക്കണം.
‘എന്റെ ദൈവമേ ! എന്താ ഭംഗി ! തനി സ്വർഗം’

ഇങ്ങനെ ഒരു ലോകം ഉണ്ടോ എന്ന് ആലോചിച്ചു പോകും. വലിയ പാറക്കെട്ടുകൾ, അതിന് ഇടയിലൂടെ മഞ്ഞുകൾ ഒഴുകുന്നു. ഇളം കാറ്റ്. തണുത്ത കാലാവസ്ഥ. ചുറ്റും പച്ചപ്പ് അല്ലാതെ മറ്റൊരു നിറമില്ല… അവിടെ നിന്ന് ഒന്ന് അലറി വിളിക്കാൻ തോന്നും ! സന്തോഷം കൊണ്ടാണ് ! ആഗ്രഹിച്ചാൽ പിന്നെ ഒന്നും നോക്കാൻ പാടില്ല, ഒരു ഒത്ത കല്ലിന്റെ മുകളിൽ പടച്ചു കയറി, എന്നിട്ട് അങ്ങ് പച്ചപ്പ് നിറഞ്ഞ താഴ്വാരം നോക്കി ആഞ്ഞു കൂവി..

മുന്നിൽ പോയവർ എന്നെ നോക്കി ചിരിക്കുന്നുണ്ട്. ഞാനും തിരിച്ച് ചിരിച്ചു കാണിച്ചു. ഇത് എന്റെ സ്വർഗം കണ്ട സന്തോഷം ആണെന്ന് അവർക്കും മനസിലായിട്ട് ഉണ്ടാവും. വീണ്ടും ഉയരങ്ങളിലേക്ക് നടന്നു. ചിലയിടത്ത് 10 മിനിറ്റ് ഇരുന്നും നിന്നും അങ്ങനെ ഏകദേശം രണ്ട് മണിക്കൂർ എടുത്തു കാണും. ‘ചിക്ക ‘എത്തി.. 10,100 അടി ഉയരം. നല്ല ഭംഗിയുള്ള സ്ഥലം ! ഒൻപതോളം ടെന്റുകൾ റെഡി ആയിട്ടുണ്ട്. അരികിലായി ചെറിയ ഓളങ്ങൾ തല്ലി ഒരു ചെറിയ പുഴയും. അതൊരു ഫീലാണ്. രാത്രി കിടക്കുമ്പോൾ പുഴയുടെ ഓളം തള്ളുന്ന ശബ്ദവും ചെറിയ കാറ്റും അല്ലാതെ വേറെ ഒന്നും കേൾക്കില്ല.!
രണ്ടാം ദിവസം 11,900 അടി ഉയരത്തിലുള്ള’ ബാലു ഖാ ഘേരയിലേക്ക്’ ആണ് നടത്തം. ഒൻപത് മണിക്കൂർ തുടർച്ചയായി നടക്കണം. രണ്ടാം ദിവസം ഒരു വെള്ളച്ചാട്ടം കടന്നു വേണം പോകാൻ. രാവിലെ തൊട്ട് ടീം ലീഡർ അഭിഷേക് എന്തൊക്കെ ബിൽഡപ്പ് ആയിരുന്നു എന്ന് കാണണം.

‘ഇന്ന് നമ്മൾ വേഗം നടക്കണം, ആരും കാഴ്ചയൊക്കെ കണ്ടു വൈകരുത്, എത്രയും വേഗം വെള്ളച്ചാട്ടം മുറിച്ചു കടന്നില്ലെങ്കിൽ അപകടമാണ് എന്നൊക്കെ.’
നടന്ന് അധികം താമസിച്ചില്ല, വെള്ളച്ചാട്ടം എത്തി. പതഞ്ഞു ഒഴുകുന്ന ഒരു ഭംഗിയുള്ള പുഴ. ഒരോരുത്തരായി പരസ്പരം കൈ ചേർത്തുപിടിച്ച് വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങി. ഞാൻ ആണ് ഏറ്റവും അവസാനം. എനിക്ക് മുൻപിൽ മുംബൈക്കാരി ഡിംപി താക്കറെ. ഡിംപിക്ക് മുൻപിൽ ഡൽഹിക്കാരൻ പുനീത്.. അങ്ങനെ ഓരോരുത്തർ.. ഞാൻ ട്രെക്കിംഗ് ഷൂ ഊരി പരസ്പരം കെട്ടി തോളിലൂടെ മുന്നോട്ട് ഇട്ടു. നനഞ്ഞാൽ ശരിയാകില്ല. വളരെ ലാഘവത്തോടെ വെള്ളത്തിലേക്ക് കാലുവച്ചു.

തണുപ്പെന്നുവച്ചാൽ അമ്മാതിരി തണുപ്പ്. നമ്മൾ ഒരു മിനിറ്റ് കൈ ഫ്രീസറിൽവച്ചാൽ എങ്ങനെ ഉണ്ടാവും? അതേ അവസ്ഥ. ഈ അവസ്ഥയിൽ വെള്ളത്തിൽ ഒരു അഞ്ച് മിനിറ്റ് നിന്നാൽ കാലൊക്കെ മരച്ച് ഐസാകും. ! തണുപ്പ് മാത്രമല്ല, സമയം പോകുംതോറും മഞ്ഞ് ഉരുകി വരുന്ന വെള്ളം കൂടി വലിയ വെള്ളച്ചാട്ടമായി മാറും. അവസ്ഥ ചിന്തിക്കാൻ ആവില്ല.
മുൻപിൽ ഡിംപി അനങ്ങി ആണ് നടപ്പ്. ഈ കണക്കിന് പോയാൽ അവളെ ഞാൻ ഈ വെള്ളത്തിൽ മുക്കി കൊല്ലും. ‘ഒന്ന് വേഗം പോകുവോ, കാലിപ്പോ മരച്ചു ചാവും’. അവളെ കുറ്റം പറയാൻ ആവില്ല, പാവം അവളും നടക്കാൻ പാടുപെടുകയാണ്. ഇതാണ് അഭിഷേക് ആദ്യം പറഞ്ഞ അപകടം. ഇത്രയും തണുപ്പിന്റെ ഒപ്പം വെള്ളം കൂടിയാൽ എന്താകും അവസ്ഥ. ഒരുവിധം അപ്പുറത്ത് എത്തി. ആശ്വാസമായി.

വീണ്ടും ഉയരങ്ങളിലേക്ക് നടന്നു. പോകുന്ന വഴികളിൽ ആടുകളെയും മേച്ചുകൊണ്ട് ആളുകൾ വരുന്നുണ്ട്.. ഒന്നോ രണ്ടോ ആടുകളല്ല, അറുന്നൂറോളം വരുന്ന ഒരു കൂട്ടം ആടുകൾ. അവയെ നയിക്കാൻ നാല് പട്ടികളും രണ്ട് മനുഷ്യരും കാണും. ഏതെങ്കിലും ഒരു ആട് വഴിതെറ്റി പോയാൽ പട്ടികൾ അപ്പോ തന്നെ കുരച്ചുകൊണ്ട് തിരികെ കൊണ്ടുവരും. കാണണ്ട കാഴ്ചയാണ്.

അതുപോലെ പറയണ്ട ഒന്നാണ് ഈ കുന്നിൻചെരിവുകളിൽ കാണുന്ന പൂക്കൾ. മഞ്ഞയും ചുമപ്പും നീലയും എല്ലാ കളറും ഉണ്ട്. കല്ല്യാണമണ്ഡപമാക്കെ അലങ്കരിച്ചപോലെ ആ താഴ്വാരം മുഴുവൻ പൂക്കളാണ്. കൺകുളിർക്കെ കാണാം. നടന്നു നടന്ന് പോകുമ്പോ പെട്ടന്നാവും മഴ വരിക, ചാറ്റൽ മഴയാവും. പെട്ടന്ന് റെയ്ൻ കോട്ടൊക്കെ എടുത്തിട്ട് വീണ്ടും യാത്ര തുടരും. അങ്ങനെ 8 മണിക്കൂർ എടുത്ത്’ ബാലു ഖ ഘേര ‘ എത്തി, 11,900 അടി ഉയരം. എന്താ ഭംഗി, പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു സ്ഥലം. അരികിൽ തെളിഞ്ഞ പുഴ. അകലെ വെട്ടി തിളങ്ങുന്ന വലിയ മലയും കാണാം.. അതാണ് ഹംപ്ത പാസ്.
മൂന്നാം ദിവസമാണ് സ്വർഗത്തിന്റെ ഉച്ചസ്ഥായി, 14,100 അടി ഉയരത്തിലേക്കുള്ള നടപ്പ്. കുത്തനെ മുകളിലേക്ക് ഏഴ് കിലോമീറ്റർ. അതിനേക്കാൾ ബുദ്ധിമുട്ടുള്ള മൂന്ന് കിലോമീറ്റർ കുത്തനെ ഇറക്കമാണ്. പത്ത് മണിക്കൂർ എടുക്കും മലക്ക് അപ്പുറത്തുള്ള ടെന്റ് എത്താൻ.

കഴിഞ്ഞ രണ്ട് ദിവസത്തെ പോലെയല്ല, ബാലു ഖാ ഘേര തൊട്ട് പച്ചപ്പ് തീരെ കുറഞ്ഞു. വലിയ പാറക്കെട്ടുകൾ, വലിയ കല്ലുകൾ.. ഓരോന്നായി വളരെ സൂക്ഷിച്ചു ചാടി കടക്കണം. എത്ര വലിയ പാറക്കെട്ടാണെങ്കിലും ഇതൊന്നും ഗൗനിക്കാതെ ഒരുത്തൻ കൂടെ ഉണ്ട്, ബ്രൂണോ. ഇടക്ക് വൻ സ്‌നേഹമാണ് അവന്. കൂടെ ഇങ്ങനെ ഒട്ടി ചേർന്ന് നടക്കും. വലിയ പാറക്കെട്ടുകൾ കണ്ടാൽ ഏതോ പ്രളയത്തിൽ ഒലിച്ചു വന്നത് പോലെ ഉണ്ട്. അത് അങ്ങനെ തന്നെ ആവും. അത്രയ്ക്കുണ്ട് അവ. പക്ഷെ അതിന് ഇടയിലും ചില പൂക്കളൊക്കെ നിറഞ്ഞു നിൽപുണ്ട്, അലങ്കാരമായിട്ട്.

മഞ്ഞുമല കയറുക അത്ര എളുപ്പമല്ല. ശ്വാസമെടുക്കാൻ തന്നെ ബുദ്ധിമുട്ടി. ഓരോ കാലും വളരെ ബദ്ധപ്പെട്ടാണ് വയ്ക്കുന്നത്. ഒരല്പ ദൂരം ചെന്ന് താഴേക്ക് നോക്കി! എന്റെ പൊന്നോ, ആകെ കയറിയത് കുറച്ച് ദൂരം! നേരെ മുകളിലേക്ക് നോക്കി, നീണ്ട് നിവർന്ന് കിടക്കുകയാണ് മുകളിലേക്ക്. പകുതി കിളി പോയി! ഒന്ന് ഉറപ്പിച്ചു, ഇനി പിന്നോട്ട് നോക്കില്ല. ഏറ്റവും മുൻപിൽ അഭിഷേക് വഴി കാട്ടി. രണ്ടാമതായി ഞാൻ, ബാക്കി ഉള്ളവർ നിരനിരയായി എനിക്ക് പിന്നിൽ. നടന്ന് മടുക്കുന്നതല്ലാതെ എങ്ങും എത്തുന്നില്ല എന്ന തോന്നൽ പോലെ. ഓരോ കാൽവയ്പും മടുത്തു.

‘പക്ഷെ ഒരു ഐഡിയ ഉണ്ട്. ‘അഭിഷേകിന്റെ കാൽപാദങ്ങളെ പിന്തുടരുക. പിന്നെ ഒന്നും നോക്കിയില്ല, അഭിഷേക് പതിപ്പിച്ച കാൽപാടുകൾ പിന്തുടർന്നു. നടന്ന് തുടങ്ങിയതും ചാറ്റൽ മഴ! അത് സഹിക്കാവുന്നതിലും അധികമായിരുന്നു. കൈ രണ്ടും തണുത്ത് മരവിച്ചു.
തണുപ്പ് കൂടി കൂടി വരുന്നുണ്ട് ! ശ്വാസം എടുക്കാൻ ഉള്ള ബുദ്ധിമുട്ടും കൂടി. ഓരോ തവണയും ഇപ്പോൾ എത്തും എന്ന് തോന്നിക്കും, പക്ഷെ വീണ്ടും ഉയരങ്ങിലേക്ക് കയറുന്നതേയുള്ളൂ.

‘ടീക് ബോലോ അഭിഷേക് ഭായ് കിതനാ ദൂർ ? ‘അഭി ആയേഗാ’!
ഈ ‘അഭി’ കേൾക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി! ശ്വാസം എടുക്കാൻ നല്ല പാട് പെടുന്നുണ്ട്..
” Guys, come one fast. Just 15 minutes. We will reach at Hampta Pass , 14,100 ft. Come on fast….- ‘
അഭിഷേകിന്റെ വാക്കുകൾക്ക് ഉള്ളിലേക്ക് എടുത്ത വെള്ളത്തേക്കാൾ ശക്തി ഉണ്ടായിരുന്നു. പിന്നെ ശ്വാസം ആഞ്ഞ് ഉള്ളിലേക്ക് എടുത്ത് കയറിക്കൊണ്ടേ ഇരുന്നു..
അവസാനത്തെ നാല് മീറ്ററിന് നാല് കിലോമീറ്ററേക്കാൾ ദൈർഘ്യം. ഇനി മലയുടെ മറു വശത്തേക്ക് തിരിച്ച് ഇറങ്ങണം. അതുപക്ഷെ കയറുന്നതിനേക്കാൾ അൽപം കൂടി ബുദ്ധിമുട്ടാണ്. വളരെ ശ്രദ്ധിച്ച് വോക്കിംഗ് സ്റ്റിക് നിലത്ത് അമർത്തി വേണം നടക്കാൻ. ചെറിയ അശ്രദ്ധ ചിലപ്പോൾ ജീവനെടുക്കും. പക്ഷെ കാണുന്ന കാഴ്ചകൾ, അത് വേറൊരു ലോകം തന്നെയാണ്. നാല് ചുറ്റും മഞ്ഞു മലകളും കൂട്ടിന് നല്ല പച്ചപ്പും. ഹോ ഫീലാണ്. മൂന്നാം ദിവസം ‘സിയ ഗുരുവിൽ ‘ആണ് ടെന്റ്. വലിയ മലകൾക്കിടയിലെ ഒരു കൊച്ചു സുന്ദര ഭൂമി.

നാലാം ദിവസമാണ് ഇതുവരെ കാണാത്ത വേറൊരു അദ്ഭുതം ഉള്ളത്. സിയ ഗുരുവിൽ നിന്ന് ചത്രുവിലേക്കുള്ള യാത്ര, അത്ഭുത ലോകമാണ്. നമ്മൾ ചെറുപ്പത്തിൽ ചിത്രം വരയ്ക്കാൻ പറഞ്ഞാൽ, ആദ്യം എളുപ്പത്തിൽ വരയ്ക്കുന്ന ഒന്നില്ലേ, രണ്ട് മലയും നദിയും ഉദിച്ചു വരുന്ന സൂര്യനും, കിളികളും.. ദേ അതെന്റെ മുന്നിൽ. ശരിക്കും ക്യാൻവാസ് തന്നെ. ചിലപ്പോൾ ദൈവം വരച്ചുവച്ചതാണെന്ന് തോന്നും. അത്ര ഭംഗിയാണ്
കാഴ്ചകൾ കണ്ട് മണാലിയിൽ എത്തുമ്പോൾ മറ്റൊരു ലോകത്തെന്ന പോലെയാണ്. അദ്ഭുതങ്ങൾ കണ്ട് എന്റെ ഓർമ്മകൾ തന്നെ പോയ പോലെ. ഇത്രയും ദിവസം കണ്ടത് ശരിക്കും ഉള്ളതുതന്നെയാണോ എന്ന് ആലോചിച്ചു പോകും. കണ്ടത് ഏതൊക്കെ എന്ന് ഓർത്തെടുക്കാൻ തന്നെ ബുദ്ധിമുട്ട്, അത്രയ്ക്കുണ്ട് ഓരോന്നും. ഇതാണ് ലോകത്തിലെ ഏറ്റവും ഭംഗിയും സമാധനവും ഉള്ള സ്ഥലം. ഇനി അങ്ങോട്ട് മരിച്ചു കഴിഞ്ഞാൽ സ്വർഗം കാണണമെന്ന പ്രാർത്ഥനയും എനിക്ക് ഇല്ല, കാരണം ഞാൻ സ്വർഗം കണ്ടു കഴിഞ്ഞു അങ്ങ് ഹിമാചലിലെ ഹംപ്ത പാസിലെ മലനിരകളിൽ.

Story highlights- travelogue, Alwin jose, Readers Blog
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here