ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (26-12-2020)
തിരുവനന്തപുരത്ത് ലഹരി മാഫിയ പൊലീസിനെ ആക്രമിച്ച സംഭവം; ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം തിരുവല്ലത്ത് മയക്കുമരുന്ന് സംഘം പൊലീസ് ജീപ്പ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് ദിവസം മുന്‍പ് മോഷണക്കേസ് പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ശാന്തിപുരം വണ്ടിത്തടത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം പൊഴിയൂരില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി
തിരുവനന്തപുരം പൊഴിയൂരില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് ഡിജെ പാര്‍ട്ടി. ആയിരത്തിലധികം പേരാണ് 13 മണിക്കൂര്‍ നീണ്ട പരിപാടിയില്‍ പങ്കെടുത്തത്. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്തു.
കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ എത്തിയ മുസ്ലിം ലീഗ് നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു
മുസ്ലിം ലീഗ് നേതാവ് മുനവറലി തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ വച്ച് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ വീട്ടില്‍. മുനവറലി തങ്ങള്‍ വീട് സന്ദര്‍ശിക്കവെ പ്രതിഷേധം അരങ്ങേറി. യൂത്ത് ലീഗ് പ്രവര്‍ത്തകരെ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സന്ദര്‍ശനത്തിന് ശേഷം നേതാക്കള്‍ മടങ്ങി.
ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ്; ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്ന് പരിശോധിക്കുന്നു
ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ജനിതക മാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സാമ്പിളുകള്‍ പൂനൈയിലേക്ക് അയച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും ജനിതക മാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്നും ആരോഗമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ഉറപ്പിക്കാന്‍ മുസ്ലീം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം കെ.പി.എ. മജീദും പി.വി. അബ്ദുള്‍ വഹാബും നിയമസഭയിലേക്ക് മത്സരിച്ചേക്കും. ആറിലധികം സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റുണ്ടാകില്ല. യുവാക്കള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാനും ലീഗ് തീരുമാനമുണ്ട്. ഭൂരിപക്ഷം കിട്ടിയാല്‍ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെടും.
വാഗമണ്ണിലെ നിശാപാര്‍ട്ടി; പിടിയിലായ പ്രതികള്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധം
വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ പിടിയിലായ മൂന്ന് പ്രതികള്‍ക്കും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധം. നബില്‍, സല്‍മാന്‍, അജ്മല്‍ എന്നിവര്‍ക്കാണ് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളത്. അജ്മല്‍ ലഹരിമരുന്ന് വാങ്ങിയിരുന്നത് നൈജീരിയന്‍ പൗരന്മാരില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. വിദേശ രാജ്യങ്ങളില്‍ നിന്ന് കൊറിയര്‍ വഴി ബംഗളൂരുവില്‍ എത്തുന്ന ലഹരിമരുന്നാണ് നൈജീരിയന്‍ പൗരന്മാരില്‍ നിന്ന് അജ്മല്‍ വാങ്ങിയിരുന്നത്. പൊലീസ് അന്വേഷണം നിലവില്‍ ബംഗളൂരുവിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമവിരുദ്ധം: ദേശീയ ഉപഭോക്തൃ കമ്മീഷന്‍
സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമവിരുദ്ധമെന്ന് ദേശീയ ഉപഭോക്തൃ കമ്മീഷന്‍. ഇതിനെതിരെയുള്ള ബിഗ് ബസാറിന്റെ അപ്പീല്‍ ഉപഭോക്ത്യ കമ്മീഷനും തള്ളി. ഉപഭോക്താക്കളുടെ ബാഗുകള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കൗണ്ടറുകളിലെ ക്യാരിബാഗ് വില്‍പന അനധികൃതമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
പാലക്കാട്ടെ ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയില്‍
പാലക്കാട്ടെ കുഴല്‍മന്ദത്ത് നടന്ന ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ പൊലീസ് പിടിയില്‍. പ്രണയിച്ച് വിവാഹം ചെയ്തതിനാല്‍ എലമന്ദം സ്വദേശി അനീഷിനെ ഇന്നലെയാണ് വെട്ടിക്കൊന്നത്. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ചർച്ചയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണത്തിൽ തീരുമാനമെടുക്കാൻ ഏഴംഗ സമിതി രൂപീകരിച്ച് കർഷക സംഘടനകൾ. പ്രത്യേക സമിതി ഇന്ന് യോഗം ചേർന്ന് തീരുമാനമെടുക്കും. അതേസമയം, കർഷകർ ഇന്ന് ഹരിയാനയിലെ കൂടുതൽ ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് പൊതുജനങ്ങൾക്ക് സൗജന്യ യാത്രയ്ക്ക് തുറന്നു കൊടുക്കും. പ്രക്ഷോഭ വേദികളിൽ കർഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.
കാര്‍ഷിക നിയമം: രാഹുല്‍ ഗാന്ധി കള്ളം പറയുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു: സ്മൃതി ഇറാനി
കാര്‍ഷിക നിയമത്തില്‍ രാഹുല്‍ ഗാന്ധി കള്ളം പറയുകയും തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കര്‍ഷകരുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടേത് മുതലക്കണ്ണീരാണ്. രാഹുല്‍ ഗാന്ധിയുടെ സഹോദരി ഭര്‍ത്താവ് ആണ് രാജ്യത്ത് എറ്റവും അധികം കര്‍ഷകരുടെ ഭൂമി കൈയേറിയവരില്‍ ഒരാളെന്നും സ്മൃതി ഇറാനി ആരോപിച്ചു.
ബിരുദ പ്രവേശനത്തിന് ഏകീകൃത പരീക്ഷ നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രം
രാജ്യത്തെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എകീകൃത പരീക്ഷാ സമ്പ്രദായം നടപ്പാക്കും. പ്ലസ് ടുവിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയും ഒന്നിലധികം പ്രവേശന പരിക്ഷകള്‍ സംഘടിപ്പിച്ചും ബിരുദ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നടത്തുന്ന രീതിയാകും ഇതോടെ ഇല്ലാതാകുക. കേന്ദ്ര സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള യൂണിവേഴ്‌സിറ്റികളില്‍ ആരംഭിച്ച് എല്ലാ യൂണിവേഴ്‌സിറ്റികളിലേക്കും സമ്പ്രദായം വ്യാപിപ്പിക്കാനാണ് തീരുമാനം.
Story Highlights – today headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here