Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (28-12-2020)

December 28, 2020
Google News 1 minute Read

ഓപ്പറേഷന്‍ പി ഹണ്ട്; യുവ ഡോക്ടര്‍ ഉള്‍പ്പെടെ 41 പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ വ്യാപക അറസ്റ്റ്. കുട്ടികളുടെ അശ്ലീല വീഡിയോകളടക്കം പ്രചരിപ്പിച്ച യുവ ഡോക്ടര്‍ ഉള്‍പ്പെടെ 41 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ കൂടുതലും ഐടി വിദഗ്ധരായ യുവാക്കളാണെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

നഗരസഭാ അധ്യക്ഷയെ ചൊല്ലി ആലപ്പുഴയില്‍ പ്രതിഷേധം; ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

നഗരസഭാ അധ്യക്ഷയെ ചൊല്ലി ആലപ്പുഴ നഗരസഭയില്‍ പ്രതിഷേധം. ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം. പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പി ചിത്തരഞ്ജന് എതിരെ മുദ്രാവാക്യം വിളിച്ചു.

മുഖ്യമന്ത്രിയുടെ കേരള പര്യടനം; മലപ്പുറം ജില്ലയിലെ കൂടിക്കാഴ്ചയില്‍ നിന്ന് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഒഴിവാക്കി

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഒഴിവാക്കി. മലപ്പുറം ജില്ലയില്‍ നടക്കുന്ന യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ നേതാക്കളെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ജില്ലയിലെ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളെയെല്ലാം കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്.

ഡോളര്‍ കടത്ത് കേസ്; മലയാളികളായ രണ്ട് വിദേശ വ്യവസായികളിലേക്ക് അന്വേഷണം

ഡോളര്‍ കടത്ത് കേസില്‍ വിദേശ വ്യവസായികളായ രണ്ട് മലയാളികളിലേക്ക് അന്വേഷണം. വിദേശത്തേക്ക് കടത്തിയ ഡോളര്‍ കൈമാറിയത് ഇവര്‍ക്കാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവരോട് വിദേശ കാര്യ മന്ത്രാലയം വഴി കസ്റ്റംസ് ആവശ്യപ്പെടും. ഇവരെ നാട്ടിലെത്തിക്കാനും ശ്രമം നടത്തി. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റിനെ കേരളത്തിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ് മുഹമ്മദ് അലി ഷോകരിയെയാണ് ഉടന്‍ നാട്ടിലെത്തിക്കുക.

ഡിസംബര്‍ 31 ന് മുന്‍പ് രാജ്യത്ത് കൊവിഡ് വാക്‌സിന് അനുമതി നല്‍കും

ഡിസംബര്‍ 31 ന് മുന്‍പ് കൊവിഡ് വാക്‌സിന് രാജ്യത്ത് അനുമതി നല്‍കും. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റേതാണ് തീരുമാനം. ഓക്‌സ്‌ഫേര്‍ഡ്- ആസ്ട്രസെനേക വാക്‌സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കാനും തീരുമാനമായി.

കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് മലപ്പുറത്തെത്തും

കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മലപ്പുറത്തെത്തും. ലീഗിന്റെ സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി എത്തുമ്പോള്‍ പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ രൂപപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സര്‍ക്കാരിന് സമസ്ത പ്രഖ്യാപിച്ച പിന്തുണ തെരഞ്ഞെടുപ്പ് കാലത്ത്് മുസ്ലീം ലീഗിനെ ആശങ്കയിലാക്കുന്നുണ്ട്.

കൊവിഡ് വാക്‌സിൻ; നാല് സംസ്ഥാനങ്ങളിൽ ഇന്ന് ഡ്രൈ റൺ നടത്തും

രാജ്യത്ത് കൊവിഡ് വാക്‌സിന്റെ അടിയന്തര അനുമതി നൽകാനിരിക്കെ നാല് സംസ്ഥാനങ്ങളിൽ ഇന്ന് കൊവിഡ് കുത്തിവെപ്പിന്റെ ഡ്രൈ റൺ നടത്തും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക. ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലാണ് ഡ്രൈ റൺ നടക്കുന്നത്.

സംസ്ഥാനത്തെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരെ ഇന്നറിയാം

സംസ്ഥാനത്തെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരെ ഇന്നറിയാം. കോര്‍പറേഷന്‍ മേയര്‍മാരേയും മുനിസിപ്പല്‍ അധ്യക്ഷന്മാരേയും ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 11 നാണ് തെരഞ്ഞെടുപ്പ്. ഉച്ചക്ക് രണ്ടിന് ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ തെരഞ്ഞെടുപ്പും നടക്കും. വ്യാഴാഴ്ചയാണ് ത്രിതല പഞ്ചായത്ത് അധ്യക്ഷരെ തെരഞ്ഞെടുക്കുക.

Story Highlights – news round up, todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here