Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (05-01-2021)

January 5, 2021
Google News 2 minutes Read

പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കും

പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിക്കും. പക്ഷിപ്പനി പ്രതിരോധം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്ന് തുടങ്ങി. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും രോഗം മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

കൊച്ചി- മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു

കൊച്ചി- മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ കര്‍ണാടക- കേരള ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉദ്യോഗസ്ഥരും അടക്കം പങ്കെടുത്തു.

20000 കോടിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം; അനുമതി നല്‍കി സുപ്രിം കോടതി

കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുള്ള തടസം നീക്കി സുപ്രിം കോടതി. ഡല്‍ഹിയില്‍ ബഹുനില കെട്ടിടങ്ങള്‍ പണിയാനുള്ള സ്റ്റേ മൂലമാണ് പദ്ധതി തടസപ്പെട്ടത്. കോടതി പദ്ധതിക്ക് അനുമതി നല്‍കി. പാരിസ്ഥിതിക അനുമതിയും ഭൂവിനിയോഗത്തിലെ മാറ്റവും കോടതി അംഗീകരിച്ചു. വിസ്ത പദ്ധതിക്ക് എതിരെയുള്ള ഹര്‍ജി പരിഗണിച്ച മൂന്നംഗ ബഞ്ചിന്റെയാണ് തീര്‍പ്പ്. ഒരംഗത്തിന്റെ വിയോജിപ്പോടെയാണ് വിധി.

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് കെ. അയ്യപ്പന് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.

ആലപ്പുഴയില്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനു നേരെ ആക്രമണം

ആലപ്പുഴയില്‍ രണ്ടിടത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനു നേരെ ആക്രമണം. ആലപ്പുഴ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കുത്തേറ്റു. പരുക്കേറ്റ സിപിഒ വിജേഷിനെ വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യേഷ്ഠാനുജന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റത്.

കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥര്‍ മടങ്ങി; രാത്രിമുഴുവന്‍ ഓഫീസ് തുറന്നുകിടന്നു

കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥന്മാര്‍ മടങ്ങിപോയതായി പരാതി. കഴിഞ്ഞ രാത്രി മുഴുവന്‍ ഓഫീസ് തുറന്നുകിടക്കുകയായിരുന്നു. പ്രസിഡന്റും ഉദ്യോഗസ്ഥന്മാരും ഓഫീസിലിരുന്ന് മദ്യപിച്ചശേഷം ഓഫീസ് പൂട്ടാന്‍ മറന്നതാണെന്ന് ബിജെപി ആരോപിച്ചു.

പക്ഷിപ്പനി; ദേശാടന പക്ഷികളെ നിരീക്ഷിക്കും

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദേശാടന പക്ഷികളെ നിരീക്ഷിക്കും. രോഗം സ്ഥിരീകരിച്ച ഫാമിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ വളര്‍ത്തു പക്ഷികളുടെ സാമ്പിളുകളും മൃഗസംരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് പരിശോധന നടത്തും. രോഗം കൂടുതല്‍ മേഖലകളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണിത്.

കൊച്ചി – മംഗളൂരു ഗെയില്‍ പൈപ്പ്‌ലൈന്‍ ഉദ്ഘാടനം ഇന്ന്

കൊച്ചി – മംഗളൂരു ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി ) പൈപ്പ്ലൈന്‍ ഇന്ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്ര എണ്ണ പ്രകൃതിവാതക സ്റ്റീല്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അതിതീവ്ര കൊവിഡ് വ്യാപനം; ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഒന്നര മാസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നാളെ അര്‍ധരാത്രി മുതല്‍ ഫെബ്രുവരിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

തിയറ്റര്‍ ഉടമകളുടെ യോഗം ഇന്ന്

സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും പ്രദര്‍ശനം തുടങ്ങുന്നതില്‍ അനിശ്ചിതത്വം. പ്രദര്‍ശനം പുനഃരാരംഭിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിയറ്ററുടമകള്‍ യോഗം ചേരും. ഫിയോക്, ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എന്നീ മൂന്ന് സംഘടനകളുടെ പ്രതിനിധികളും ചര്‍ച്ച നടത്തും.

ചര്‍ച്ച പരാജയം; സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍

കേന്ദ്രസര്‍ക്കാരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. പ്രതിഷേധമാര്‍ച്ചും ട്രാക്ടര്‍ പരേഡുമായി മുന്നോട്ടുപോകും. സമരത്തിന്റെ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ യോഗം ചേരും. കര്‍ഷക സമരം നിലവില്‍ 41 ദിവസങ്ങള്‍ പിന്നിട്ടു.

ഡോളർ കടത്ത് കേസ്; കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ഡോളർ കടത്ത് കേസിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനേയും സംസ്ഥാന അസി. പ്രോട്ടോകോൾ ഓഫിസർ എംഎസ് ഹരി കൃഷ്ണനേയുമാണ് കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യുന്നത്. ഇരുവരോടും രാവിലെ 10 മണിക്ക് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാവാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

Story Highlights – todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here