Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (09-02-2021)

February 9, 2021
Google News 1 minute Read
feb 9

സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യ ശ്രമം

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യ ശ്രമം. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ളവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 5214 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ശബരിമല വിഷയത്തില്‍ മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്

ശബരിമല വിഷയത്തില്‍ മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്. ശബരിമല സ്ത്രീ പ്രവേശനം സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടത്തിന് വിശ്വാസികളെ സ്വാധീനിക്കാന്‍ ശബരിമലയെ ഉപയോഗിക്കുന്നുവെന്നും ആരോപണം.

ശബരിമല; കുംഭമാസ പൂജയ്ക്ക് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണം; ആവശ്യം തള്ളി

ശബരിമലയില്‍ കുംഭമാസ പൂജയ്ക്ക് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം തള്ളി സര്‍ക്കാര്‍. 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യമാണ് തള്ളിയത്.

സരിതയുടെ തിരുനെൽവേലിയിലെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു; വിവിധയിടങ്ങളിൽ നിന്ന് ഭീഷണി നേരിട്ടുവെന്ന് പരാതിക്കാരൻ

തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത എസ് നായർക്കെതിരെ പരാതിക്കാരൻ അരുൺ രംഗത്ത്. സരിതയുടെ ആരോപണങ്ങൾ തെറ്റാണെന്ന് അരുൺ പറഞ്ഞു. സരിതയുടെ തിരുനെൽവേലിയിലെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. പരാതി നൽകിയതിന്റെ പേരിൽ വിവിധയിടങ്ങളിൽ നിന്ന് ഭീഷണി നേരിട്ടെന്നും അരുൺ ട്വന്റിഫോറിനോട് പറഞ്ഞു.

ആർടിപിസിആർ പരിശോധനയുടെ നിരക്ക് കൂട്ടി; ഇനി 1700 രൂപ

സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്ക് വർധിപ്പിച്ചു. ആർടിപിപിസിആർ പരിശോധനയുടെ നിരക്കാണ് കൂട്ടിയത്. 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 200 രൂപ വർധിപ്പിച്ച് 1700 രൂപയാക്കി ഉയർത്തി. ഹൈക്കോടതി വിധിയെ തുടർന്നാണ് നടപടി.

ശബരിമല വിഷയത്തിൽ പുതിയ നിലപാടിന് മടിയില്ല; എംഎ ബേബി

ശബരിമല വിഷയ്ത്തിൽ പുതിയ നിലപാടിന് മടിയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇനി അധികാരത്തിൽ വരുന്നതെങ്കിൽ അത്തരത്തിൽ ചർച്ച നടക്കും. സമവായത്തിലൂടെ മാത്രമേ അത് നടപ്പാകൂ. പാർട്ടി നിലപാടിനോട് ജനങ്ങൾക്ക് വ്യത്യസ്ത സമീപനം ആണെങ്കിൽ നിലപാട് ബലാൽക്കാരേണ നടപ്പാക്കുന്ന സമീപനം കമ്യൂണിസ്റ്റുകാർക്കില്ലെന്നും ബേബി പറഞ്ഞു.

നിനിത കണിച്ചേരിയുടെ നിയമന വിവാദം; ക്രമക്കേടില്ലെന്ന് കാലടി സർവകലാശാല വിസി; ഗവർണർക്ക് റിപ്പോർട്ട് നൽകും

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടില്ലെന്ന് വൈസ് ചാൻസലർ ഡോ. ധർമരാജ അടാട്ട്. ഇക്കാര്യം വ്യക്തമാക്കിയായിരിക്കും ഗവർണർക്ക് റിപ്പോർട്ട് നൽകുകയെന്ന് വൈസ് ചാൻസലർ ട്വന്റിഫോറിനോട് പ്രതികരിച്ചു.

ചെങ്കോട്ട പ്രതിഷേധം; ദീപ് സിദ്ദു അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിലെ മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റിൽ. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി. ആറ് മാസം കൂടി സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു.

നിനിത കണിച്ചേരിയുടെ നിയമന വിവാദം; കാലടി സർവകലാശാല വിസി ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ ധർമരാജ അടാട്ട് ഇന്ന് ഗവർണർക്ക് റിപ്പോർട്ട് സമർപ്പിക്കും. നിയമന വിവാദത്തിൽ തനിക്ക് ലഭിച്ച പരാതിയെ തുടർന്ന് ഗവർണർ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെന്ന് ധർമരാജ അടാട്ട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിക്കുക. വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും വൈസ് ചാൻസലർ പറഞ്ഞു.

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87 രൂപ 46 പൈസയും ഡീസലിന് 81 രൂപ 72 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില.

Story Highlights – todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here