Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (17-02-2021)

February 17, 2021
Google News 1 minute Read

സ്‌പോര്‍ട്‌സ് കൗണ്‍സിലിലും നിയമന വിവാദം; ഇന്റര്‍വ്യൂ തിയതിക്ക് മുന്‍പ് നിയമനം നടത്തിയെന്ന് പരാതി

സ്‌പോര്‍ട്‌സ് കൗണ്‍സിലിലും നിയമന വിവാദം. താത്കാലിക നിയമനത്തിലാണ് ക്രമക്കേട് ആരോപണം. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തില്‍ ഇടപെടല്‍ നടന്നെന്ന് വിജിലന്‍സിന് പരാതി ലഭിച്ചു. വിജ്ഞാപനത്തില്‍ പറഞ്ഞ ഇന്റര്‍വ്യൂ തിയതിക്ക് മുന്‍പ് നിയമനം നടന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന പരാതി.

നിയമസഭാ തെരഞ്ഞെടുപ്പ്; മത്സരിക്കുന്ന കാര്യം എല്‍ഡിഎഫ് തീരുമാനിക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

താന്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കണ്ണൂരില്‍ വീണ്ടും മത്സരിക്കുമോയെന്ന് വ്യക്തമാക്കാതിരുന്ന മന്ത്രി കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും പറഞ്ഞു. മാണി സി. കാപ്പന്‍ പോയെങ്കിലും എന്‍സിപി ഇടത് മുന്നണിയില്‍ തന്നെയുണ്ട്. ദേശീയ നേതൃത്വം അത് വ്യക്തമാക്കിയതാണെന്നും കടന്നപ്പള്ളി ട്വന്റിഫോറിനോട് പറഞ്ഞു.

അധ്യാപക നിയമനത്തിൽ ചട്ടവിരുദ്ധമായി ഇടപെട്ടു; മന്ത്രി കെ.ടി ജലീലിനെതിരെ പരാതി

മന്ത്രി കെ. ടി ജലീലീനെതിരെ പരാതി. അധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ കേരള വിസിക്ക് നിർദേശം നൽകിയെന്നാരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.

രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു

രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിപ്പിച്ചു. ഡീസലിന് 10 ദിവസംകൊണ്ട് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപയ്ക്ക് അടുത്തെത്തി. കൊച്ചിയില്‍ പെട്രോള്‍ വില ഇന്ന് 89 രൂപ 70 പൈസയായി. ഡീസല്‍ വില ലിറ്ററിന് 84 രൂപ 32 പൈസയായി.

മന്ത്രിസഭാ യോഗം ഇന്ന്; കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചേക്കും

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനുറച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിക്കും. പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേത്.

ട്രെയിന്‍ തടയല്‍ സമരം വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കര്‍ഷക സംഘടനകള്‍

നാളത്തെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കര്‍ഷക സംഘടനകള്‍. സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊലീസ് ജാഗ്രത ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിനാലാം ദിവസത്തിലേക്ക് കടന്നു. ദേശീയ പാതകളില്‍ പൊലീസ് തീര്‍ത്തിരിക്കുന്ന തടസങ്ങള്‍ നീക്കണമെന്ന ഹര്‍ജിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.

Story Highlights – todays headlines 17-02-2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here