25
Jul 2021
Sunday

ഇന്നത്തെ പ്രധാനവാർത്തകൾ (03/07/2021)

സംസ്ഥാനത്തെ സ്വർണക്കടത്ത് അനുബന്ധ കുറ്റകൃത്യങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം

സംസ്ഥാനത്തെ സ്വർണക്കടത്ത് അനുബന്ധ കുറ്റകൃത്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാനത്ത് മുമ്പ് നടന്ന സ്വർണകടത്തുമായി ബന്ധപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലടക്കമുള്ള അനുബന്ധ കുറ്റകൃത്യങ്ങളാണ് വീണ്ടും പരിശോധിക്കുക. മോഷണം, തട്ടി കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

‘കൊടി സുനിയും ഷാഫിയും സഹായിച്ചു’; ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ അർജുൻ ആയങ്കിയുടെ മൊഴി

ടി. പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ അർജുൻ ആയങ്കിയുടെ മൊഴി. സ്വർണം പൊട്ടിക്കാൻ ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ ആയങ്കി വെളിപ്പെടുത്തിയതായാണ് വിവരം. കൊടി സുനി, ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചതായാണ് അർജുന്റെ മൊഴി.

‘ഐസിഎംആർ ഗൈഡ് ലൈൻ ഉയർത്തിപ്പിടിച്ചാൽ പോര, വായിച്ചു നോക്കണം’; ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

കൊവിഡ് മരണക്കണക്കുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കേരളത്തിൽ കൊവിഡ് മരണം നിശ്ചയിക്കുന്നത് ഐസിഎംആർ മാനഡണ്ഡപ്രകാരമല്ലെന്ന് വി. ഡി സതീശൻ ആരോപിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ 44,111 കൊവിഡ് കേസുകൾ; 738 മരണം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 44,111 കൊവിഡ് കേസുകളാണ്. 738 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

റഫാൽ ഇടപാട്; ഫ്രാൻസിൽ അന്വേഷണം

ഇന്ത്യയുമായുള്ള റഫാൽ യുദ്ധ വിമാന ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് സർക്കാർ. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന ആരോപണങ്ങൾ അന്വേഷിക്കാനാണ് തീരുമാനം. ക്രമവിരുദ്ധ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കും.

ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തം; മുഖ്യമന്ത്രിക്ക് പരാതി

എസ്എസ്എൽസി, പ്ലസ്ടു ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഗ്രേസ് മാർക്ക് സംബന്ധിച്ച സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കായികതാരങ്ങളും പരിശീലകരും രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.

‘കെ. സുരേന്ദ്രനെ വേട്ടയാടാൻ അനുവദിക്കില്ല; ചോദ്യം ചെയ്യലിന് ഹാജരാകണോ എന്നത് പിന്നീട് തീരുമാനിക്കും’: കുമ്മനം രാജശേഖരൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പിന്തുണച്ച് കുമ്മനം രാജശേഖരൻ. കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് സിപിഐഎമ്മിന്റെ കേസുകൾ മറയ്ക്കാനാണെന്ന് കുമ്മനം രാജശേഖരൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഉദ്ദേശ ശുദ്ധിയെ വളച്ചൊടിച്ചു; ഡിജിപിക്ക് കത്തയച്ചത് സല്യൂട്ട് ചോദിച്ചു വാങ്ങാനല്ലെന്ന് തൃശൂർ മേയർ

സല്യൂട്ട് വിവാദത്തിൽ പ്രതികരിച്ച് തൃശൂർ മേയർ. സല്യൂട്ട് ചോദിച്ചു വാങ്ങാനല്ല ഡിജിപിക്ക് കത്തയച്ചതെന്ന് മേയർ എം. കെ വർഗീസ് പറഞ്ഞു. തന്റെ ഉദ്ദേശ ശുദ്ധിയെ വളച്ചൊടിക്കുകയായിരുന്നു. പൊലീസിൽ നിന്ന് ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ലെന്നും മേയർ വ്യക്തമാക്കി.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ പോസ്റ്റർ പ്രതിഷേധം

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധം. ഭൂമി ഇടപാട് വിവാദത്തിൽ വത്തിക്കാൻ ഉത്തരവിന് പിന്നാലെയാണ് പോസ്റ്റർ പ്രതിഷേധം. സീറോ മലബാർ സഭാ ദിനത്തിലാണ് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

എറണാകുളത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു

എറണാകുളത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂരിലാണ് സംഭവം. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷിന്റെ അച്ഛൻ സോമനെ പൊലീസ് അറസ്റ്റ് ചെയ്തു.

Story Highlights: News round up

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top