ഇന്നത്തെ പ്രധാന വാർത്തകൾ (02-09-2021)
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാന്‍ ആലോചന; വിദഗ്ധ സമിതിയെ നിയോഗിക്കും: മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന് സർക്കാർ. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പ്രൊജക്ട് റിപ്പോർട്ട് തയാറാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം
ആലപ്പുഴ കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം. വലിയഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേരാണ് മരിച്ചത്. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
കൊവിഡ് പരിശോധനയും നിയന്ത്രണങ്ങളുമില്ലാതെ യാത്രക്കാരെ അതിർത്തി കടത്തി ട്രാവൽ ഏജൻസികൾ
കൊവിഡ് പരിശോധനയും നിയന്ത്രണങ്ങളുമില്ലാതെ യാത്രക്കാരെ അതിർത്തി കടത്തി ട്രാവൽ ഏജൻസികൾ. ബസുകളിലൂടെയാണ് ഏജൻസികൾ യാത്രക്കാരെ ഒളിച്ചുകടത്തുന്നത്. ഇതിനായി ട്രാവൽ ഏജൻസികൾ ടിക്കറ്റ് നിരക്കിൽ വൻ തുകയാണ് ഈടാക്കുന്നതെന്നാണ് കണ്ടെത്തൽ.
കൊവിഡ് നിയന്ത്രണങ്ങളില്ലാതെ യാത്രക്കാരെ ട്രാവൽ ഏജൻസികൾ അതിർത്തി കടത്തുന്ന സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു.
ഇടുക്കിയിൽ ബാലവേല നടക്കുന്നുവെന്ന് വ്യാപക പരാതി; അതിർത്തി മേഖലകളിൽ വിവിധ വകുപ്പുകളുടെ പരിശോധന
ഇടുക്കിയിൽ ബാലവേല നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ കർശനമാക്കി പൊലീസും, ചൈൽഡ് വെൽഫയർ കമ്മിറ്റിയും. അതിർത്തി മേഖലകളിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന തുടരും. തോട്ടങ്ങളിൽ നേരിട്ട് എത്തി പരിശോധനകൾ നടത്തുമെന്ന് ജില്ല സി.ഡബ്ള്യു.സി. ചെയർമാൻ ജോസഫ് അഗസ്റ്റിൻ 24നോട് പറഞ്ഞു.
കോഴിക്കോട് പയ്യാനക്കലിൽ അമ്മ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. കൊലപാതകം നടക്കുമ്പോൾ അമ്മക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കേസിൽ കുറ്റപത്രം ഉടൻ ഉണ്ടാകും.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല തന്നെ മാറ്റി; വിജിലൻസ് അന്വേഷണ റിപ്പോർട്ട്
ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷ മാല മോഷണം പോയത് തന്നെയെന്ന് റിപ്പോർട്ട്. യഥാർത്ഥ മാല മാറ്റി പകരം പുതിയത് വച്ചെന്ന് അന്വേഷണത്തിൽ ദേവസ്വം ബോർഡ് വിജിലൻസ് കണ്ടെത്തി. സംഭവം അധികാരികളെ അറിയിക്കുന്നതിൽ ബോർഡ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ദേവസ്വം ബോർഡ് പ്രസിഡന്റിന് കൈമാറി.
താലിബാനോട് മൃദുസമീപനം വേണ്ട; തീരുമാനത്തിൽ ഉറച്ച് ഇന്ത്യ
താലിബാനോട് മൃദുസമീപനം വേണ്ടെന്ന തീരുമാനത്തിൽ ഉറച്ച് ഇന്ത്യ. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ദേശിയ സുരക്ഷാ സമിതി യോഗത്തിലാണ് തിരുമാനം.
ചരിത്രമെഴുതി റൊണാൾഡോ; രാജ്യാന്തര ഫുടബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം; 111 ഗോളുകൾ
രാജ്യാന്തര ഫുടബോളിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി പോര്‍ച്ചുഗല്‍ ഇതിഹാസ താരത്തിന് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇറാന്റെ അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ മാറി കടന്നിരിക്കുന്നത്. അയര്ലണ്ടിനെതിരായ യോഗ്യത മത്സരത്തിലാണ് റൊണാൾഡോ റൊണാൾഡോ പുതു റെക്കോർഡ് തന്റെ പേരിൽ എഴുതി ചേർത്തത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലണ്ടിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം.
Story Highlight: sept 2 top news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here