Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 21-04-2022 )

April 21, 2022
Google News 1 minute Read
april 21 news round up

സിൽവർലൈൻ കല്ലിടലിനിടെ സംഘർഷം; കോൺഗ്രസ് പ്രവർത്തകൻ ബോധരഹിതനായി വീണു ( april 21 news round up )

സിൽവർലൈൻ കല്ലിടൽ പുനരാരംഭിച്ച തിരുവനന്തപുരം കരിച്ചാറയിൽ സംഘർഷം. പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും. കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു.

വീണ്ടും സഹകരണ കൊള്ള; മൈലപ്ര സഹകരണ ബാങ്കിൽ പെൻഷൻ തുകകളിൽ തിരിമറി

പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്കിൽ ഗുരുതര ക്രമക്കേട്. പെൻഷൻ തുകകളിൽ വ്യാപക തിരിമറി നടന്നതായി കണ്ടെത്തൽ. ഭൂരിഭാഗത്തിനും പെൻഷൻ ലഭിച്ചില്ല. മൈലപ്ര ബാങ്ക് ക്രമക്കേടിൽ അന്വേഷണം വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ‘പണം പോയ വഴി’ എന്ന ട്വന്റിഫോർ പരമ്പരയാണ് മൈലപ്ര സഹകരണ ബാങ്കിന്റെ ക്രമക്കേട് തുറന്നു കാട്ടിയത്.

ഡിവൈഎഫ്‌ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ; കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി

ഡിവൈഎഫ്‌ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി. പത്തനംതിട്ട ചിറ്റാറിലെ കുടംബശ്രീ സിഡി എസ് ചെയർ പേഴ്‌സനാണ് വാട്‌സ് ആപ് ഗ്രൂപ്പിൽ സന്ദേശം അയച്ചത്. ചിറ്റാറിൽ ഇന്ന് പി.കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ എല്ലാ കുടുംബശ്രീ ഗ്രൂപ്പിൽ നിന്നും 5 പേർ വീതം പങ്കെടുക്കണം. ഇല്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്നാണ് സന്ദേശം.

ജിഗ്നേഷ് മെവാനി അറസ്റ്റിൽ

ഗുജറാത്ത് കോൺഗ്രസ് നേതാവും വഡ്ഗാം എംഎൽഎയുമായ ജിഗ്നേഷ് മെവാനി അറസ്റ്റിൽ. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് പാലൻപൂരിലെ സർക്യൂട്ട് ഹൗസിൽ നിന്ന് അസം പൊലീസ് ജിഗ്നേഷ് മെവാനിയെ അറസ്റ്റ് ചെയ്തത്.

ഇന്ധനവില വർദ്ധനവിനെതിരെ 251 കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് പ്രതിഷേധം

കേന്ദ്ര സർക്കാർ അവ​ഗണനയിലും ഇന്ധനവില വർദ്ധനവിലും പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടക്കും. കേരളത്തിലെ 251 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

കെ.വി. തോമസിനെതിരായ അച്ചടക്ക നടപടി താക്കീതിൽ മാത്രമായി ഒതുങ്ങിയേക്കും; കോൺ​ഗ്രസ് അച്ചടക്ക സമിതി യോ​ഗം ഇന്ന്

സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിന്റെ പേരിലുള്ള വിവാദത്തിൽ കെ.വി. തോമസിന്റെ വിശദീകരണം ചർച്ച ചെയ്യാൻ ഇന്ന് കോൺ​ഗ്രസ് അച്ചടക്ക സമിതി യോ​ഗം ചേരും. അച്ചടക്ക നടപടി താക്കീതിൽ മാത്രമായി ഒതുങ്ങാനാണ് സാധ്യത. എ.ഐ.സി.സി അം​ഗത്വത്തിൽ നിന്ന് കെ.വി. തോമസിനെ മാറ്റി നിർത്തിയേക്കും.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; ഹർജി വിചാരണക്കോടതി ഇന്ന് പരി​ഗണിക്കും

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി വിചാരണക്കോടതി ഇന്ന് പരി​ഗണിക്കും. കേസിൽ ദിലീപ് തെളിവ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതേസമയം, ശബ്‌ദരേഖ പുറത്തുവിട്ട സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകർ രംഗത്തെത്തി. ബാർ കൗൺസിലിലാണ് അഭിഭാഷകർ പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. ക്രൈംബ്രാഞ്ചിനെതിരെയാണ് ദിലീപിന്റെ അഭിഭാഷകർ പരാതി നൽകിയത്.

സ്കൂൾ ബസ് അപകടങ്ങൾ വർദ്ധിക്കുന്നത് തടയാൻ കർശന നടപടി വേണമെന്ന് രക്ഷിതാക്കൾ

ഒമാനിൽ സ്കൂൾ ബസ് അപകടങ്ങൾ വർദ്ധിക്കുന്നത് തടയാൻ കർശന നടപടി വേണമെന്ന് രക്ഷിതാക്കളുടെ ആവശ്യം. ഏഴ് കുട്ടികളുടെ ജീവനാണ് 22 മാസത്തിനിടെയുണ്ടായ വിവിധ വാഹനാപകടങ്ങളിൽ പൊലിഞ്ഞത്. ബാത്തിന മേഖലയിൽ നിയന്ത്രണം വിട്ട ബസ് ഏതിർദിശയിൽനിന്ന് വന്ന ട്രക്കിനെയടക്കം ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം. സഹം വിലായത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here