Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

March 6, 2019
Google News 1 minute Read
todays headlines (6-4-22)

പൊലീസില്‍ അഴിച്ചുപണി; മനോജ് എബ്രഹാം ദക്ഷിണമേഖല എഡിജിപി

പൊലീസില്‍ അഴിച്ചുപണി. മനോജ് എബ്രഹാം ദക്ഷിണമേഖല എഡിജിപിയാകും. ഷെയ്ഖ് ദര്‍ബേഷ് സാഹിബിനെ ഉത്തരമേഖല എഡിജിപി ആയി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയാണ് തൃശൂര്‍ റേഞ്ച് ഐജി.

റഫാല്‍: അഴിമതിയാരോപണം രാജ്യസുരക്ഷയുടെ മറവില്‍ മൂടിവെയ്ക്കുമോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

റഫാലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. റഫാലില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണം രാജ്യസുരക്ഷയുടെ മറവില്‍ മൂടിവെയ്ക്കാനാണോ കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് സുപ്രീംകോടതി ചോദിച്ചു. മോഷ്ടിച്ച രേഖകള്‍ പ്രസക്തമെങ്കില്‍ പരിശോധിക്കേണ്ടി വരുമെന്നും ജസ്റ്റിസ് കെ എം ജോസഫ് കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു.

അയോധ്യ; ഒത്തുതീര്‍പ്പ് സാധ്യത തേടി സുപ്രീം കോടതി, എതിര്‍ത്ത് ഹിന്ദുമഹാസഭ, വിധി പറയാന്‍ മാറ്റി

അയോധ്യ കേസില്‍ ഒത്തുതീര്‍പ്പ് സാധ്യത തേടി സുപ്രീം കോടതി.  മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് മുസ്ലീം സംഘടനകള്‍ക്കായി എത്തിയ രാജീവ് ധവാന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കക്ഷികളുടെ അനുമതി ആവശ്യമില്ലെന്നാണ് രാജീവ് ധവാന്‍ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഹിന്ദു മഹാസഭ മധ്യസ്ഥ ചര്‍ച്ചയെ എതിര്‍ത്തു. ഉത്തരവ് വിധി പറയാന്‍ മാറ്റി

ഹര്‍ത്താല്‍കൊണ്ട് ആര്‍ക്കും ഉപകാരമില്ലെന്ന് ഹൈക്കോടതി; സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് ഡീന്‍ കുര്യാക്കോസിനും വിമര്‍ശനം

ഹര്‍ത്താലിനെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ഹര്‍ത്താല്‍കൊണ്ട് ആര്‍ക്കും ഉപകാരമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആര് ആഹ്വാനം ചെയ്തു എന്നല്ല, മിന്നല്‍ ഹര്‍ത്താല്‍ നടന്നു എന്നതാണ് വിഷയമെന്നും കോടതി ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ മിന്നല്‍ ഹര്‍ത്താലിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. എന്ത് പ്രകോപനമുണ്ടായാലും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പാക് വാദം തള്ളി ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന പാകിസ്ഥാന്റെ വാദം തള്ളി ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ബാലാകോട്ടിലെ ഭീകരക്യാമ്പുകൾ നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ളതാണ് ഉപഗ്രഹ ചിത്രങ്ങൾ. ഇന്ത്യൻ നാവിക സേനയുടെ സമുദ്രാതിർത്തി ലംഘനം സ്ഥാപിക്കാൻ പാകിസ്ഥാൻ പുറത്തുവിട്ട വീഡിയോ വ്യാജമാണെന്ന് ഇന്ത്യൻ നാവിക സേന വ്യക്തമാക്കിയിട്ടുണ്ട്.

റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലപേശല്‍ നടത്തി; സുപ്രധാന രേഖകള്‍ പുറത്ത്

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര വിലപേശല്‍ നടത്തിയതിന്റെ രേഖകള്‍ പുറത്ത്. 2015ല്‍ പ്രതിരോധ മന്ത്രിയും പ്രതിരോധ സെക്രട്ടറിയും ഇക്കാര്യം രേഖാമൂലം അറിയിച്ചിരുന്നു. വില പേശല്‍ സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാക്കി . ദ ഹിന്ദു ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്.

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം

അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയാണ് പാക് സൈന്യം ആക്രമിച്ചത്.  വെടിവയ്പ് നാലര വരെ നീണ്ടു. ഇന്നലെ രാവിലെയും ഇതേ മേഖലയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു.

രാജ്യത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ പോലും ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് സച്ചിന്‍ പൈലറ്റ്

ഭീകരവാദം അടക്കം രാജ്യം നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പോലും ബി ജെ പി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ഭരണഘടന സ്ഥാപനങ്ങളുടെ പവിത്രത നഷ്ടപ്പെടുത്തിയവര്‍ക്ക് എതിരായ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. തിരുവനന്തപുരത്ത് ഡിസിസി ഭാരവാഹികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; പിന്‍മാറുന്നതിനായി കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും പിന്‍മാറുന്നതായി കാണിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുന്നത് പ്രയോഗികമല്ലെന്നും സാക്ഷികള്‍ക്ക് സമന്‍സ് പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും വ്യക്തമാക്കിയാണ് സുരേന്ദ്രന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതായി കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

താന്‍ തീവ്രവാദവും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ ശമിക്കുന്നു, പ്രതിപക്ഷം തന്നെ പുറത്താക്കാനും: മോദി

തീവ്രവാദവും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ ശമിക്കുമ്പോള്‍ പ്രതിപക്ഷം തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  കര്‍ണ്ണാടകയില്‍ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പരാമര്‍‌ശം.

‘ ആര്‍ക്കാണോ 125 കോടി ജനങ്ങളുടെ അനുഗ്രഹമുള്ളത്, അയാള്‍ എന്തിന് ആരെയെങ്കിലും ഭയക്കണം. അത് ഇന്ത്യക്കാരെയായാലും പാക്കിസ്ഥാനെ ആയാലും കള്ളന്മാരെയായാലും. ഇന്ത്യയും 125 കോടി ജനങ്ങളും എനിക്ക് അതിനുള്ള ശക്തി തന്നു.’ മോദി പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here