ഇന്നത്തെ പ്രധാന വാര്‍‍ത്തകള്‍ (20-03-2019)

  1. ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാള്‍ കൂടി പിടിയില്‍

കൊല്ലം ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്യാരിയാണ് പിടിയിലായത്. വഴിയാത്രക്കാരെ വെട്ടിപ്പരിക്കേല്‍പിച്ച് പണം കവര്‍ന്ന കേസിലും മറ്റൊരു പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണ്.

2. പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിന് യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

പ്രണയം നിരസിച്ചതിന് മുന്‍ സഹപാഠി പെട്രോളൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിയത്. പൊള്ളലേറ്റ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

3. സീറോ മലബാര്‍ സഭയിലെ വ്യാജരേഖ; ബിഷപ്പിനെ പ്രതിചേര്‍ത്തു

സീറോ മലബാര്‍ സഭയിലെ വ്യാജരേഖ കേസില്‍ ബിഷപ്പിനെ പ്രതിചേര്‍ത്തു. ബിഷപ്പ് ജേക്കബ് മനത്തോടത്തെയാണ് പ്രതി ചേര്‍ത്തത്.സീറോ മലബാർ സഭാ ഇന്റർനെറ്റ് മിഷൻ ഡയറക്ടർ ഫാദർ ജോബി മാപ്രക്കാവിലിന്റെ പരാതിയിലാണ് നടപടി. എറണാകുളം‌ – അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററാണ് ജേക്കബ് മനത്തോടത്ത്. കേസിലെ രണ്ടാം പ്രതിയാണ് ജേക്കബ് മനത്തോടത്ത്. ഫാദർ പോൾ തേലക്കാടാണ് ഒന്നാം പ്രതി.

4. സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്; മുരളീധരനെ പിന്തുണയ്ക്കാന്‍ ആര്‍എസ്എസ് ധാരണയെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും സഖ്യ ധാരണയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വടകരയില്‍ കെ മുരളീധരനെ പിന്തുണയ്ക്കാനാണ് ആര്‍എസ്എസിന്റെ തീരുമാനം. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആര്‍എസ്എസ് നിര്‍ദ്ദേശിച്ചു. പ്രത്യുപകാരമായി യുഡിഎഫ് ബിജെപിയെ സഹായിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

5.  മോഡി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രിയങ്കയുടെ ഗംഗാ ദിനത്തിന്റെ മൂന്നാം ദിനമാണിത്. യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് പ്രിയങ്കാ ഗാന്ധി മോഡിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി എത്തിയത്.

6. കേരളത്തില്‍ എന്‍ഡിഎ സീറ്റുകളില്‍ ധാരണയായി; ബിജെപി പതിനാലു സീറ്റുകളില്‍; അഞ്ചു സീറ്റുകളില്‍ ബിഡിജെഎസ്

കേരളത്തില്‍ എന്‍ഡിഎയുടെ സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമായി. ബിജെപി പതിനാലു സീറ്റുകളിലാണ് മത്സരിക്കും. അഞ്ചു സീറ്റുകളില്‍ ബിഡിജെഎസ് ആയിരിക്കും മത്സരിക്കുക. വയനാട് ആലത്തൂര്‍, തൃശൂര്‍, ഇടുക്കി, മാവേലിക്കര എന്നീ മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുക. കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ പി സി തോമസായിരിക്കും മത്സരിക്കുക

7നീരവ് മോദി അറസ്റ്റിൽ

പിഎൻബി സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നീരവ് മോദി അറസ്റ്റിൽ. ലണ്ടനിൽവെച്ചാണ് പൊലീസ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതിയിൽ ഹാജരാക്കും. നേരത്തെ വെസറ്റ് മിനിസ്റ്റർ കോടതി നീരവ് മോദിക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

8. സംസ്ഥാനം സ്ഥിരം ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നു

സംസ്ഥാന സര്‍ക്കാര്‍ സ്ഥിരം ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടിയന്തര ഘട്ടത്തില്‍ ഹെലികോപ്ടര്‍ അത്യാവശ്യമെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെലികോപ്ടര്‍ സ്ഥിരമായി വാടകയ്ക്ക് എടുക്കുന്നതിന്റെ സാമ്പത്തിക വശം പരിശോധിക്കാന്‍ നാളെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ഹെലികോപ്ടര്‍ നല്‍കാന്‍ രണ്ട് കമ്പനികള്‍ രംഗത്തുണ്ട്. ഇവരുടെ ടെണ്ടറുകള്‍ നാളെ ചേരുന്ന യോഗത്തില്‍ പരിശോധിക്കും

9. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മായാവതി മത്സരിക്കില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബഹുജൻ സമാജ് പാർട്ടി അദ്ധ്യക്ഷ മായവതി അറിയിച്ചു. തിരഞെടുപ്പിൽ മായവതി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മായവതിയുടെ വെളിപെടുത്തൽ.

പാർട്ടിയുടെ മുഴുവൻ തെരഞ്ഞെടുപ്പ് ചുമതലയും ഏറ്റെടുക്കുന്നതനിനാൽ മത്സരിക്കുന്നില്ലെന്നാണ് മായാവതി വ്യക്തമാക്കിയത്. ഭാവിയിൽ മത്സരിക്കേണ്ട സാഹചര്യമുണ്ടായാൽ മത്സരിക്കാമെന്നും, തൽക്കാലം മത്സരിക്കേണ്ട സാഹചര്യമില്ലെന്നും മായവതി കൂട്ടിചേർത്തു. ഉത്തർപ്രദേശിൽ മായവതിയുടെ ബിഎസ്പി യും അഖിലേഷ് നയിക്കുന്ന എസ്പിയും സഖ്യമായാണ് തിരഞെടുപ്പിൽ മത്സരിക്കുന്നത്.

10.  ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ; മത്സരിക്കുമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് പി എസ് ശ്രീധരന്‍പിള്ള

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

11.  ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ബാങ്കിന് : ഹൈക്കോടതി

ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് വ്യാപകമായ എടിഎം. തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് വിധി. പണം നഷ്ടപ്പെട്ടയാള്‍ക്ക് തുക നല്‍കേണ്ടത് ബാങ്കാണ്. ഇക്കാര്യത്തില്‍ യാതൊരു കാരണവശാലും ബാങ്കിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു

12കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടികയായി; പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ

കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടികയായി. ആർഎസ്എസ് സമ്മർദ്ദത്തിന് വഴങ്ങിയാണ് പട്ടിക പുറത്തിറക്കിയത്. പട്ടിക പ്രകാരം കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായേക്കും. ശ്രീധരൻപിള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ശബരിമല കർമ്മസമിതിയാണ് സുരേന്ദ്രന് അനുകൂല നിലപാടെടുത്തത്.

13.ത്രില്ലടിപ്പിച്ച് സ്റ്റീഫന്‍ നെടുമ്പള്ളി, ലൂസിഫര്‍ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി

കാത്തിരിപ്പ് നിരാശരാക്കിയില്ല, ത്രില്ലറടിപ്പിച്ച് ലൂസിഫറിന്റെ ഒഫീഷ്യല്‍ ട്രെയിലറെത്തി.പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്.പൃഥ്വിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.  ചെയ്ത പാപങ്ങളല്ലേ ഫാദർ കുമ്പസാരിക്കാൻ പറ്റൂ… ചെയ്യാത്ത പാപങ്ങൾ കുമ്പസാരിക്കാൻ പറ്റില്ലല്ലോ എന്ന പഞ്ച് ഡയലോഗുമായി എത്തിയ ടീസറും ആരാധകര്‍ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയിരുന്നു

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top