Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

May 6, 2019
Google News 1 minute Read

ചീഫ് ജസ്റ്റിസിനെതിരായ പീഡനപരാതി തള്ളി; ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളി. സുപ്രീം കോടതി മുൻ ജീവനക്കാരി ഉന്നയിച്ച പീഡന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ സമിതിയുടെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പരസ്യപ്പെടുത്തില്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.

 

കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന മീണയുടെ ശുപാർശ തള്ളി

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഇത്തരം ശുപാർശകൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരിധിയിൽ വരുന്നതല്ലെന്ന് കണ്ടെത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

 

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 98.11% ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷാഫലം പ്രസദ്ധീകരിച്ചു. സംസ്ഥാനത്താകെ 98.11 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ വർദ്ധനവുണ്ട്. സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ വിജയശതമാനം ഉയർന്നു. 434729 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 426513 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി.

 

സീറോ മലബാർ സഭ വ്യാജ രേഖാ കേസ്; ഫാദർ പോൾ തേലക്കാട്ടിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി

സീറോ മലബാർ സഭയിലെ വ്യാജരേഖാക്കേസിൽ ഫാദർ പോൾ തേലക്കാട്ടിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പോൾ തേലക്കാട്ടിനെ അന്വേഷണ സംഘം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു. അതേ സമയം പോൾ തേലക്കാട്ടിനോട് സഭാ സിനഡ് നീതി കാട്ടിയില്ലെന്ന് വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ വിമർശിച്ചു.

 

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു

മാപ്പിളപ്പാട്ടുകൾക്ക് തനതു ശൈലിയിലൂടെ ആസ്വാദക മനസുകളിൽ സ്ഥാനമൊരുക്കിയ ഗായകൻ എരഞ്ഞോളി മൂസ (79) വിടവാങ്ങി. അനാരോഗ്യം കാരണം കിടപ്പിലായ മൂസ തിങ്കളാഴ്ച 12.45 ഓടെയാണ് മരണപ്പെട്ടത്.  തലശ്ശേരി മട്ടാമ്പ്രം വീട്ടിൽ വച്ചായിരുന്നു അന്ത്യം.

 

അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്; ബംഗാളിലും പുൽവാമയിലും ബോംബാക്രമണം

പതിനേഴാം ലോക്‌സഭയിലേക്കുള്ള അഞ്ചാംഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെ വിവിധയിടങ്ങളിൽ ആക്രമണം. ജമ്മുകാശ്മീരിലെ പുൽവാമയിലും ബംഗാളിലെ ബാരഗ്പൂരിലും ബോംബ് ആക്രമണം ഉണ്ടായി. പുൽവാമയിൽ പോളിംഗ് ബൂത്തിന് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here