Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (02-07-2019)

July 2, 2019
Google News 1 minute Read

നിയമസഭയിൽ എൻ. ഷംസുദ്ധീൻ എൻഡിഎയുടെ സമയം ആവശ്യപ്പെട്ട സംഭവം; ലീഗിൽ ഭിന്നത

നിയമസഭയിൽ എൻഡിഎയുടെ സമയം ആവശ്യപ്പെട്ട എൻ. ഷംസുദ്ധീൻ എംഎൽഎയുടെ നടപടിയെ ചൊല്ലി ലീഗിൽ ഭിന്നത. ബിജെപിയുടെ സമയം ചോദിക്കാൻ ലീഗ് തീരുമാനിച്ചിരുന്നില്ലെന്നു മുംസ്ലീംലീഗ് നിയമസഭ കക്ഷിനേതാവ് എം.കെ.മുനീർ.

ബാലഭാസ്‌ക്കറിന്റെ മരണം; അപകട സമയത്ത് കാറിന്റെ വേഗം 100നും 120നും ഇടയിൽ; അമിത വേഗം അപകടകാരണമെന്ന് സൂചന

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം അമിതവേഗതെയെന്ന് ശാസ്ത്രീയ നിഗമനം. അപകട സമയം മണിക്കൂറില്‍ നൂറിനും നൂറ്റി ഇരുപത് കിലോമീറ്ററിനുമിടയിലായിരുന്നു കാറിന്റെ വേഗതയെന്ന് മോട്ടോര്‍വാഹന വകുപ്പും കാര്‍ കമ്പനിയും നല്‍കിയ സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു.ഫോറൻസിക് പരിശോധന ഫലം കൂടി ലഭിച്ചതിനു ശേഷമാകും ക്രൈംബ്രാഞ്ച് അന്തിമ നിഗമനത്തിലേക്കെത്തുക.

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

പീഡനപരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ ജാമ്യഹര്‍ജിയില്‍ വിധി നാളെ.മുംബൈ ദിന്‍ഡോഷി കോടതിയില്‍ വാദം പൂര്‍ത്തിയായി.യുവതി കെട്ടച്ചമച്ച കേസാണിതെന്ന് പ്രതിഭാഗവും, ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയുടേയും കുട്ടിയുടേയും ജീവന് പോലും ഭീഷണിയാകുമെന്ന് യുവതിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു.ഡിഎന്‍എ ടെസ്റ്റിനേയും ബിനോയിയുടെ അഭിഭാഷകന്‍ എതിര്‍ത്തു.

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം; നടൻ ആദിത്യയ്‌ക്കൊപ്പമുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമർപ്പിച്ച് അഭിഭാഷകൻ

ബിനോയ് കോടിയേരിയുടെ മുൻകൂർജാമ്യഹർജിയിൽ മുംബൈ ദിൻഡോഷി കോടതിയിൽ വാദം ആരംഭിച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ബിനോയി വിസമ്മതം അറിയിച്ചു. ഏറെ നാൾ ഒന്നിച്ച് താമസിച്ച് തെറ്റി പിരിയുമ്പോൾ ഇരുകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ബലാത്സംഗ കുറ്റമാകുന്നതെങ്ങനെയെന്നും അഭിഭാഷകൻ ചോദിച്ചു. നടൻ ആദിത്യ മോഹനൊപ്പമുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങളും അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. പണം തട്ടാനുളള നീക്കം മാത്രമാണ് യുവതിയുടേതെന്നും അഭിഭാഷകൻ പറഞ്ഞു.

സഭാ തർക്ക കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി; ചീഫ് സെക്രട്ടറിയെ ജയിലിൽ അടയ്ക്കുമെന്ന് മുന്നറിയിപ്പ്

ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കക്കേസിൽ സംസ്ഥാനസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. കോടതിവിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലിലടയ്ക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. കട്ടച്ചിറ, വരിക്കോലി പള്ളിക്കേസുകൾ പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം.

നെടുങ്കണ്ടം കസ്റ്റഡി മരണം; സാമ്പത്തിക തട്ടിപ്പ് തടയുന്നതിലും പൊലീസിന് വന്‍ വീഴ്ച

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍, സാമ്പത്തിക തട്ടിപ്പ് തടയുന്നതിലും പൊലീസിന് വന്‍ വീഴ്ച. ഹരിതാ ഫിനാന്‍സിന്റെ വായ്പ സാമ്പത്തിക തട്ടിപ്പാണെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ലോക്കല്‍ പോലീസ് പൂഴ്ത്തിവച്ചു. റിപ്പോര്‍ട്ട് അവഗണിച്ചത് ഹൈറേഞ്ചിലെ ഒരു എഎസ്‌ഐക്കു വേണ്ടി. ഇദ്ദേഹത്തിനും ഹരിതാ ഫിനാന്‍സില്‍ പങ്കെന്ന് സൂചന ലഭിച്ചു.

ആലപ്പുഴയിലെ തോൽവി; സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ് സമിതിയുടെ റിപ്പോർട്ട്

ആലപ്പുഴയിൽ കോൺഗ്രസിന്റെ പരാജയത്തിന് സംഘടനാപരമായ വീഴ്ചകൾ കാരണമായെന്ന് തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട്. പ്രചാരണ വേളയിൽ ഡിസിസി നേതൃത്വം പലപ്പോഴും സജീവമായിരുന്നില്ലെന്നും സ്ഥാനാർത്ഥി സ്വന്തം നിലയ്ക്കാണ് പലപ്പോഴും പ്രചാരണത്തിനിറങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here