Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (06-09-2019)

September 6, 2019
Google News 1 minute Read

ചരിത്ര നിമിഷത്തിലേക്ക് ഒരു പകൽദൂരം; ചന്ദ്രനെ തൊടാൻ വിക്രം ലാൻഡർ

രാജ്യം ഉറ്റുനോക്കുന്ന അഭിമാന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ചന്ദ്രയാൻ 2 ന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രനെ തൊടുന്ന അപൂർവ നിമിഷത്തിനായാണ് രാജ്യം കാത്തിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയിലാണ് ചരിത്ര നിമിഷം പിറക്കുക. 74 ദിവസം കൊണ്ട് 3.48 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലാൻഡർ ലക്ഷ്യത്തിലേക്കെത്തുന്നത്.

‘ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം കൊണ്ടുവരും’; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ശബരിമലയിലെ ഭരണക്കാര്യത്തിനാണ് പ്രത്യേക നിയമനിർമാണം കൊണ്ടുവരിക. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായതായി സംസ്ഥാനസർക്കാർ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ഭരണസംവിധാനം പരിഷ്‌കരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രിം കോടതിയുടെ അന്ത്യശാസനം തടയണ കെട്ടി ആവാസ വ്യവസ്ഥ തകർക്കുന്നവർക്കുള്ള താക്കീതാണെന്ന് വി.എസ്

നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രിം കോടതിയുടെ അന്ത്യശാസനം തടയണ കെട്ടിയും കുന്നിടിച്ചും ജനങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകൾക്കുള്ള താക്കീതാണെന്ന് വി.എസ് അച്യുതാനന്ദൻ. ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീർപ്പാണതെന്നും വി.എസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇവിടെ വഞ്ചിക്കപ്പെട്ടത് ഫ്‌ളാറ്റുടമകളാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കാൻ സർക്കാരിന്റെ പിന്തുണയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കണം അവർ ഫ്‌ളാറ്റുകൾ സ്വന്തമാക്കിയത്. നിയമലംഘനത്തിന് കൂട്ടു നിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടതെന്നും വിഎസ് വ്യക്തമാക്കുന്നു.

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; ചോർന്ന ചോദ്യപേപ്പർ ഉപയോഗിച്ച് പ്രതികളെ വീണ്ടും പരീക്ഷ എഴുതിപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ ചോർന്ന ചോദ്യപേപ്പർ ഉപയോഗിച്ച് പ്രതികളെ വീണ്ടും പരീക്ഷ എഴുതിപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്.

അതിർത്തിയിൽ 2000 സൈനികരെ വിന്യസിച്ച് പാകിസ്താന്റെ പ്രകോപനം

അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കി പാകിസ്താന്റെ സൈനിക നീക്കം. പാക് അധീന കശ്മീരിന് സമീപം ബാഖ് ആന്റ് കോത്‌ലി സെക്ടറിൽ രണ്ടായിരത്തോളം സൈനികരടങ്ങുന്ന വ്യൂഹത്തെ പാകിസ്താൻ വിന്യസിച്ചിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് പാകിസ്താന്‍ സൈനിക നീക്കം നടത്തിയിരിക്കുന്നത്.

ബന്ധുനിയമന വിവാദം; മന്ത്രി കെ.ടി ജലീലിനെതിരായ പരാതി ഗവർണർ തള്ളി

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് എതിരായ പരാതി ഗവർണർ തള്ളി. ന്യൂനപക്ഷ വികസന കോർപറേഷനിലെ ജനറൽ മാനേജർ നിയമനത്തിൽ അഴിമതിയുണ്ടെന്ന് കാണിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് നൽകിയ പരാതിയാണ് ഗവർണർ തള്ളിയത്. പരാതിയിൽ കഴമ്പില്ലെന്നാണ് ഗവർണറുടെ കണ്ടെത്തൽ. മന്ത്രി കെ.ടി ജലീൽ വീഴ്ച വരുത്തിയെന്ന് തെളിയിക്കുന്ന വസ്തുതാപരമായ തെളിവുകളില്ലെന്നും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്താനാകില്ലെന്നും ഗവർണറായിരുന്ന പി.സദാശിവം അറിയിച്ചു.

മരടിലെ ഫ്‌ളാറ്റുകൾ ഈ മാസം ഇരുപതിനകം പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കൊച്ചി മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളും ഈ മാസം ഇരുപതിനകം പൊളിച്ചു നീക്കണമെന്ന് സംസ്ഥാനസർക്കാരിന് സുപ്രിം കോടതിയുടെ അന്ത്യശാസനം. ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റുന്നതിന് സാവകാശം വേണമെന്ന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. വിധി നടപ്പാക്കാൻ വൈകിയതിൽ ചീഫ് സെക്രട്ടറി ഈ മാസം ഇരുപത്തിമൂന്നിന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു.

കേരളത്തിൽ അഞ്ച് ദിവസം കൂടി കനത്തമഴ; ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ ഒമ്പതുവരെ ‘യെല്ലോ’ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here