ഇന്നത്തെ പ്രധാന വാർത്തകൾ (26-01-2020)

ഇറാഖില്‍ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുള്ള അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റ് ആക്രമണം. അഞ്ച് റോക്കറ്റുകള്‍ എംബസിക്ക് സമീപം പതിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. റോക്കറ്റ് ആക്രമണം നടന്നിടത്തേത് എന്ന പേരില്‍ വീഡിയോകളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. അതീവസുരക്ഷാ മേഖലയായി കരുതുന്ന ഗ്രീന്‍ സോണിലാണ് എംബസി.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവര്‍ണറുടെ ചായ സല്‍ക്കാരം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവര്‍ണറുടെ ചായ സല്‍ക്കാരം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തുനിന്നുള്ള ആരും ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തില്ല. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വൈകുന്നേരമാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ചായ സല്‍ക്കാരം നടത്തുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കക്ഷി നേതാക്കള്‍, സംസ്ഥാന പൊലീസ് മേധാവി, മറ്റ് വകുപ്പുകളിലെ ഉന്നതര്‍ എന്നിവരെയെല്ലാം ക്ഷണിച്ചാണ് ചായ സല്‍ക്കാരം നടത്തുന്നത്. എന്നാല്‍ ഇത്തവണത്തെ ചായ സല്‍ക്കാരം പ്രതിപക്ഷം ബഹിഷ്‌കരിക്കുകയായിരുന്നു.

ചന്ദ്രശേഖർ ആസാദ് ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദ് സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടൽ മുറിയിൽ നിന്നാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ത്യക്ക് ഒരു മെച്ചപ്പെട്ട പ്രതിപക്ഷത്തെ ആവശ്യമുണ്ട്: അഭിജിത്ത് ബാനര്‍ജി

ഇന്ത്യയ്ക്ക് മെച്ചപ്പെട്ട ഒരു പ്രതിപക്ഷത്തെ ആവശ്യമുണ്ടെന്ന് നൊബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജി. പ്രതിപക്ഷം ജനാധിപത്യ സംവിധാനത്തിന്റെ കാതലാണ്. പ്രതിപക്ഷത്തെ മാനിക്കാന്‍ ഭരണപക്ഷം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അഭിജിത്ത് ബാനര്‍ജി.

ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു; അണിചേരുക 70 ലക്ഷം

ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു. കാസർകോട് മുതൽ കളിയിക്കാവിള വരെ തീർക്കുന്ന മനുഷ്യ മഹാശൃംഖലയിൽ എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. ഭരണഘടന വായിച്ചുകൊണ്ടായിരുന്നു തുടക്കം.

ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം; പ്രതിപക്ഷ നേതാവിന്റെ നോട്ടിസിൽ തീരുമാനം വെള്ളിയാഴ്ച

ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടിസിൽ വെള്ളിയാഴ്ച കാര്യോപദേശക സമിതി തീരുമാനമെടുക്കും. പ്രതിപക്ഷ നേതാവിന്റെ നോട്ടിസ് നിയമപ്രകാരം നിലനിൽക്കുന്നതാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കില്ലെന്നാണ് സൂചന. ഇതിനിടെ, നയപ്രഖ്യാപനത്തിനായി നിയമസഭയിൽ എത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്പീക്കറെ അറിയിച്ചു.

സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് തുടക്കമായി; തിരുവനന്തപുരത്ത് ഗവർണർ പതാക ഉയർത്തി

സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. തലസ്ഥാന നഗരിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരെയും മാറ്റിനിർത്തുന്നതല്ല നമ്മുടെ പാരമ്പര്യമെന്ന് ഗവർണർ അഭിസംബോധന പ്രസംഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കാട്ടാക്കട കൊലപാതകം; മുഖ്യപ്രതികൾ പിടിയിൽ

കാട്ടാക്കട കൊലപാതക കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. ഒളിവിലായിരുന്ന ഉത്തമനും സജുവുമാണ് പിടിയിലായത്. നെയ്യാറ്റിൻകരയിൽ നിന്നാണ് ഇരുവരേയും പിടികൂടിയത്. കേസിലെ മറ്റൊരു പ്രതി വിജിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Story Highlights- News Round Up, Headlines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top