ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (06-02-2021)

സംസ്ഥാനത്ത് പിൻവാതിൽ നിയമനമേള തുടരുന്നു; ‌മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത് 456 പേരെ

സംസ്ഥാനത്ത് പിൻവാതിൽ നിയമനമേള തുടരുന്നു. മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത് 456 പേരെയാണ്.
ധന- നിയമ വകുപ്പുകളുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് നിയമനം. വിശദാംശങ്ങൾ ട്വൻറിഫോറിന് ലഭിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ്; ഒറ്റയ്ക്ക് അന്‍പത് സീറ്റെങ്കിലും നേടാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് അന്‍പത് സീറ്റെങ്കിലും നേടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം. 20 സീറ്റിന് മുകളില്‍ മുസ്ലീംലീഗ് നേടുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. അന്‍പത് മണ്ഡലങ്ങള്‍ എ ക്ലാസ് സീറ്റുകളായി പരിഗണിക്കും. കടുത്ത മത്സരം കാഴ്ചവച്ചാല്‍ ജയിക്കാവുന്ന സീറ്റുകളെ ബി ക്ലാസില്‍ പരിഗണിക്കും. ഇടത് കോട്ടകളെ സി ക്ലാസ് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനം: സംവരണക്രമം വ്യക്തമാക്കുന്ന രേഖ പുറത്തുവിടണമെന്ന് ആവശ്യം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലേക്കുള്ള അധ്യാപക നിയമനങ്ങളിലെ സംവരണക്രമം വ്യക്തമാക്കുന്ന രേഖ പുറത്ത് വിടണമെന്ന് ആവശ്യപെട്ട് ഗവര്‍ണര്‍ക്ക് പരാതി. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി. റഷീദ് അഹമ്മദാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ സമീപിച്ചത്.

കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തല്‍; കൊച്ചിയില്‍ ഇന്ന് പ്രത്യേക യോഗം

നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് കൊച്ചിയില്‍ പ്രത്യേക യോഗം. എഐസിസി ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേക യോഗത്തില്‍ ഡിസിസി പ്രസിഡന്റുമാരെയും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരെയുമാണ് വിളിച്ചിരിക്കുന്നത്.

കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം ഇന്ന്

കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം ഇന്ന് നടക്കും. ഡല്‍ഹി നഗരപരിധി ഒഴിച്ച് രാജ്യത്തെ എല്ലായിടങ്ങളും ഇന്നത്തെ മൂന്ന് മണിക്കൂര്‍ നീളുന്ന റോഡ് തടയല്‍ സമരത്തിന്റെ ഭാഗമാകും എന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് അവകാശപ്പെട്ടു. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടക്കുന്നതിനാലാണ് ഡല്‍ഹി നഗരപരിധിയെ ഒഴിവാക്കിയതെന്നും ടിക്കായത്ത് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top