Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (24-02-22)

February 24, 2022
Google News 2 minutes Read
Headlines today Feb (24)

യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ട്; മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ട്. മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്ന് നിരവധി പേർ ഉണ്ട്. അവരെ തിരികെ കൊണ്ട് വരാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

റഷ്യ- യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ്

റഷ്യ- യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നിലവിൽ ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ചേരുന്നില്ലെന്നും വിദേശകാര്യ സഹമന്ത്രി അറിയിച്ചു.

രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവം; ആന്റണി ടിജിന്‍ കസ്റ്റഡിയില്‍

തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെയും കുടുംബത്തിന്റെയും ഒപ്പം താമസിച്ചിരുന്ന പുതുവൈപ്പ് സ്വദേശി ആന്റണി ടിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

/രണ്ടര വയസുകാരി കണ്ണ് തുറന്നു; വായിലൂടെ ആഹാരം കൊടുത്തു

തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടര വയസുകാരിയുടെ ആരോഗ്യ നില മെച്ചപെട്ടു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുട്ടി കണ്ണു തുറക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. 

റഷ്യയുടെ അഞ്ച് വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് യുക്രൈൻ

റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് യുക്രൈൻ. യുക്രൈൻ സൈന്യത്തിൻ്റെ ജനറൽ സ്റ്റാഫ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

യുക്രൈനില്‍ കുടുങ്ങിയ മലയാളികൾക്കായുള്ള ഹെൽപ് ലൈൻ ആരംഭിച്ചു

യുക്രൈനില്‍ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. ഇന്ത്യൻ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ യുക്രൈനിലുള്ളവർക്ക് ബന്ധപ്പെടാനുള്ള ഇ മെയിൽ ഐ ഡി; cosn1.kyiv@mea.gov.in.

ശക്തമായി പ്രതിരോധിക്കും; നാറ്റോ തിരിച്ചടിക്കുമെന്ന് അമേരിക്ക

റഷ്യയുടെ അധിനിവേശ നീക്കത്തെ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രെയിനിനെതിരെ യുദ്ധം ആരംഭിക്കുകയും യുക്രെയിന്‍ സൈനികരോട് ആയുധം വച്ച് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്ത നടപടിയില്‍ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

ബലാറസ് സൈന്യം റഷ്യന്‍ സൈനത്തോടൊപ്പം ചേര്‍ന്നു

യുക്രൈനനെതിരായ യുദ്ധത്തില്‍ റഷ്യ സൈന്യത്തോടൊപ്പം ചേര്‍ന്ന് ബലാറസ് സൈന്യവും. റഷ്യ നടത്തുന്ന തന്ത്രപരമായ സൈനീക നീക്കത്തില്‍ ബലാറസിലൂടെ യുക്രൈനെ ആക്രമിക്കുകയെന്ന ലക്ഷ്യമാണ് റഷ്യയിടുന്നത്

യുക്രൈന്‍ യുദ്ധം : ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ

യുക്രൈന്‍- റഷ്യാ യുദ്ധ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഇന്ത്യ അറിയിച്ചു. 

റഷ്യൻ മിസൈലാക്രമണത്തിൽ 10 മരണം; യുക്രൈൻ ജനതയെ സംരക്ഷിക്കാനാണ് ആക്രമണമെന്ന് റഷ്യ

യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. 

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടി അനിവാര്യമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. തടയാൻ ശ്രമിക്കുന്നവർക്ക് ഇതുവരെ കാണാത്ത തിരിച്ചടി നൽകും. എന്തിനും തയ്യാറെന്നും പുടിൻ പറഞ്ഞു.

യുക്രൈനില്‍ അടിയന്തരാവസ്ഥ; യുഎന്നിന്റെ സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ പ്രസിഡന്റ്

റഷ്യന്‍ ആക്രമണ സാധ്യത നിലനില്‍ക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുക്രൈന്‍. റഷ്യയുടെ ആക്രമണമുണ്ടായാല്‍ നേരിടാനും പ്രതിരോധിക്കാനും തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചു. നടപടികള്‍ക്കെതിരെ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി

Story Highlights: todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here