Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (22 ഫെബ്രുവരി 2019)

February 22, 2019
Google News 1 minute Read

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി കൈക്കൊള്ളണം : സുപ്രീം കോടതി

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി കൈക്കൊള്ളണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. അതത് സംസ്ഥാനങ്ങളിലെ നോഡൽ ഓഫീസർമ്മാർ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കണം. നോഡൽ ഓഫിസുകളിലെ ഫോൺ നമ്പറുകൾ പ്രസിദ്ധീകരിക്കണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പതിനൊന്ന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമ്മാർക്ക് സുപ്രീം കോടതി നോട്ടീസയച്ചു.

 

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. നേരത്തെ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

 

ഇന്ത്യയുടെ ആക്രമണം ഭയന്ന് പാക്കിസ്ഥാൻ; സജ്ജമായിരിക്കാൻ ആശുപത്രികൾക്ക് നിർദേശം

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്നതിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ. അടിയന്തര ഘട്ടങ്ങളുണ്ടായാൽ സൈനികരുടെ ചികിത്സക്ക് തയ്യാറെടുക്കാൻ ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള ജിലാനി ആശുപത്രിക്കടക്കം പാകിസ്ഥാനിലുള്ള പ്രമുഖ ആശുപത്രികൾക്ക് പാക് അധികൃതർ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ.

 

ആയുധം കൈയിലെടുക്കാമെന്ന് സുഭാഷ് ചന്ദ്രബോസ് പറഞ്ഞത് പിണറായിയും കോടിയേരിയും മറക്കണ്ട’; മുന്നറിയിപ്പുമായി കെ മുരളീധരന്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഷുഹൈബ് വധക്കേസിലെ പോലെയാണ് അന്വേഷണമെങ്കില്‍ നിയമം കൈയിലെടുക്കേണ്ടി വരുമെന്നും കെ മുരളീധരന്‍ കാസര്‍ഗോഡ് പറഞ്ഞു.എല്ലാ വാതിലും കൊട്ടിയടച്ചാല്‍ പിന്നെ നിയമം കൈയിലെടുക്കുക മാത്രമേ വഴിയുള്ളൂ എന്ന് മുരളീധരന്‍ പറഞ്ഞു.

 

പാകിസ്ഥാന് വിസ നിഷേധിച്ച സംഭവം; ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ ഉപേക്ഷിക്കാന്‍ അംഗരാജ്യങ്ങളോട് നിര്‍ദ്ദേശിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി

ഇന്ത്യയുമായുള്ള എല്ലാ ചര്‍ച്ചകളും ഉപേക്ഷിക്കാന്‍ ഒളിമ്പിക്ക് ഫെഡെറേഷന്‍ രാജ്യങ്ങളോട് രാജ്യാന്തര ഒളിമ്പിക്ക് കമ്മിറ്റി. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഷൂട്ടിങ്ങില്‍ പാക്കിസ്ഥാന്‍ അത്‌ലറ്റുകള്‍ക്ക് വിസ നിഷേധിച്ച സാഹചര്യത്തിലാണ് ഒളിമ്പിക്ക് കമ്മിറ്റിയുടെ തീരുമാനം.

 

അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ശേഷം; ലോകകപ്പില്‍ പാക് ടീം ബഹിഷ്‌കരണ നടപടി വൈകും

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെ ബഹിഷ്‌ക്കരിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകും. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഐസിസിയെ അറിയിക്കാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. തീവ്രവാദ ബന്ധമുള്ള ടീമുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം

 

ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലിന്റെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഡീന്‍ അടക്കം 3 പേര്‍ക്ക് എതിരെ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here