Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (14/05/2019)

May 14, 2019
Google News 1 minute Read

നെയ്യാറ്റിൻകര ജപ്തി നടപടി; ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു

നെയ്യാറ്റിൻകരയിൽ ബാങ്കിന്റെ ജപ്തി നടപടിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു. നെയ്യാറ്റിൻകര സ്വദേശിനി ലേഖയാണ് മരിച്ചത്. ലേഖയ്ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. നേരത്തേ മകൾ വൈഷ്ണവി സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.

തിരുവനന്തപുരത്ത് ജപ്തി നടപടികൾക്കിടെ അമ്മയുടേയും മകളുടേയും ആത്മഹത്യാ ശ്രമം; മകൾ മരിച്ചു

തിരുവനന്തപുരത്ത് ജപ്തി നടപടികൾക്കിടെ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു. തീകൊളുത്തിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മകൾ മരിച്ചു. പത്തൊമ്പതു വയസുകാരിയായ ഡിഗ്രി വിദ്യാർത്ഥിനി വൈഷ്ണവിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെയ്യാറ്റിൻകരയിലേത് ദൗർഭാഗ്യകരമായ സംഭവം; നഷ്ടപരിഹാരം ബാങ്കിൽ നിന്നും ഈടാക്കണമെന്ന് മന്ത്രി തോമസ് ഐസക്

നെയ്യാറ്റിൻകരയിൽ ഉണ്ടായത് അത്യന്തം ദൗർഭാഗ്യകരമായ സംഭവമെന്ന് ധനമന്ത്രി തോമസ് ഐസക്. സാവകാശം തേടിയിട്ടും അതു നൽകാത്തത് ശരിയല്ല. ബാങ്ക് നടപടി ന്യായീകരിക്കാൻ സാധിക്കാത്തതാണ്. വിഷയത്തിൽ വിശദമായ അന്വേഷണം വേണം. വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകാൻ ബാങ്ക് തയാറാകണമെന്നും മന്ത്രി പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; കമൽ ഹാസനെതിരെ ക്രിമിനൽ കേസ്

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനെതിരെ ക്രിമിനൽ കേസ്. ഹന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷ്ണു ഗുപ്ത എന്ന ആളാണ് പരാതിക്കാരൻ. ഈ മാസം പതിനാറിന് പട്യാല കോടതി കേസ് പരിഗണിക്കും.

പെരിയ ഇരട്ടക്കൊലപാതകം; രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊലപാതക കേസിൽ രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികൺഠനും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനുമാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ സിപിഎം നേതാക്കൾക്ക് ജാമ്യം ലഭിച്ചു

കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് അറസ്റ്റിലായ രണ്ട് സിപിഎം നേതാക്കൾക്കും ജാമ്യം ലഭിച്ചു. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇരുവരെയും ഇന്ന് ഉച്ചയോടെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പോസ്റ്റൽ ബാലറ്റ് ക്രമക്കേട്; ഹൈക്കോടതി വിശദീകരണം തേടി

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. ഈ മാസം 17 ന് മുമ്പായി വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് ബാലറ്റ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് നടപടി.

മത്സ്യത്തൊഴിലാളികൾക്കുള്ള പ്രളയ നഷ്ടപരിഹാര തുക നഷ്ടപ്പെടില്ല; ഉറപ്പ് നൽകി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

മത്സ്യത്തൊഴിലാളികൾക്കുള്ള പ്രളയ നഷ്ടപരിഹാര തുക നഷ്ടപ്പെടില്ലെന്ന് ഉറപ്പ് നൽകി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. തുക വീണ്ടും നൽകാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു. പത്തരലക്ഷം രൂപയാണ് പ്രളയത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കായി അനുവദിച്ചിരുന്നത്. എന്നാൽ നഷ്ടപരിഹാരത്തുക ഉദ്യോഗസ്ഥലുടെ അലംഭാവത്തെ തുടർന്ന് പാഴായെന്ന് ട്വന്റിഫോറാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

‘സുരേഷ് ഗോപി മത്സരിച്ചത് തിരിച്ചടിയായി’; തൃശൂരിലെ വിജയസാധ്യതയിൽ ആശങ്ക പ്രകടിപ്പിച്ച് ടിഎൻ പ്രതാപൻ

തൃശൂരിൽ സുരേഷ് ഗോപി മത്സരിച്ചത് തിരിച്ചടിയായെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ. ഇന്ന് ചേർന്ന കെപിസിസി നേതൃയോഗത്തിലാണ് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പ്രദേശത്തെ ഹിന്ദു വോട്ടുകൾ ബിജെപിക്ക് പോയെന്നും, സുരേഷ്‌ഗോപി മത്സരിച്ചത് തിരിച്ചടിയായെന്നും ടിഎൻ പ്രതാപൻ പറയുന്നു.

കൊൽക്കത്തയിൽ അമിത് ഷായുടെ റാലിക്കിടെ സംഘർഷം; ബിജെപിതൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി

കൊൽക്കത്തയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെ സംഘർഷം. ബിജെപിതൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. അമിത് ഷായുടെ ട്രക്കിന് നേരെ തൃണമൂൽ പ്രവർത്തകർ വടിയെറിയുകയായിരുന്നു. ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ ബിജെപി പ്രവർത്തകരും തിരിച്ചടിച്ചു. തുടർന്ന് പൊലീസ് ലാത്തി വീശി. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം.

അഞ്ചേരി ബേബി വധക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി

ഇടുക്കിയിലെ യൂത്ത് കോൺഗ്രസ്,ഐഎൻടിയുസി നേതാവായിരുന്ന അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. അഞ്ചേരി ബേബിയുടെ സഹോദരൻ നൽകിയ ഹർജിയിലാണ് നടപടി. പ്രോസിക്യൂട്ടറെ മാറ്റിയത് മന്ത്രി എം എം മണി ഉൾപ്പെടെയുള്ള പ്രതികളെ രക്ഷിക്കാനാണെന്നും നടപടി റദ്ദാക്കണമെന്നും കാണിച്ചായിരുന്നു ഹർജി.1982 നവംബർ 13 നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്.

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതിലൈൻ നിർമാണത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതിലൈൻ നിർമാണത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്രസംസ്ഥാന സർക്കാരുകൾക്കും കെഎസ്ഇ ബിക്കുമാണ് നോട്ടീസ് അയച്ചത്. ശാന്തിവനത്തിലൂടെ കെ എസ് ഇ ബി കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന 110 കെ വി ലൈൻ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്.

കെവിൻ വധക്കേസ്; സാങ്കേതിക തെളിവുകൾ വിചാരണ കോടതി പരിശോധിച്ചു

കെവിൻ കേസിലെ സാങ്കേതിക തെളിവുകൾ വിചാരണ കോടതി പരിശോധിച്ചു. പ്രതികൾ കോട്ടയത്ത് വന്നതിനും, കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയ ശേഷം മേയ് ഇരുപത്തിയേഴിന് പുലർച്ചെ കൊല്ലം ചാലിയേക്കരയിൽ എത്തിയതിനും തെളിവായ ദൃശ്യങ്ങളാണ് പരിശോധിച്ചത്.

പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച തുകയിൽ പകുതി പോലും സർക്കാർ ചിലവഴിച്ചില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച തുകയിൽ പകുതി പോലും സർക്കാർ ചിലവഴിച്ചില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രളയസെസ് ഏർപ്പെടുത്താനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. പെരിയ ഇരട്ട കൊലപാതക കേസിൽ നീതിപൂർവമായ അന്വേഷണം നടക്കണം. ഏതെങ്കിലും നേതാക്കളുടെ അറസ്റ്റിൽ മാത്രം തങ്ങൾക്ക് സംതൃപ്തിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഉത്തരക്കടലാസിൽ അധ്യാപകന്റെ തിരുത്തൽ; വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയെഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട് നീലേശ്വരം സ്‌ക്കൂളിൽ വിദ്യാർത്ഥികൾക്ക് പകരം അധ്യാപകൻ പരീക്ഷയെഴുതുകയും ഉത്തരക്കടലാസിൽ കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയെഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്.ചില വിദ്യാർത്ഥികളുടെ ഉത്തരക്കടലാസിൽ അധ്യാപകൻ തിരുത്തലുകളും കൂട്ടിച്ചേർക്കലും നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു.

ഔദ്യോഗിക യാത്രകളിൽ ഭാര്യയുടെ ചിലവ് സർക്കാർ വഹിക്കണമെന്ന പിഎസ്‌സി ചെയർമാന്റെ ആവശ്യം തള്ളി

ഔദ്യോഗിക യാത്രകളിൽ ഭാര്യയുടെ ചിലവ് സർക്കാർ വഹിക്കണമെന്ന പിഎസ്‌സി ചെയർമാന്റെ ആവശ്യം പൊതുഭരണ വകുപ്പ് തള്ളി. മന്ത്രിമാർക്കില്ലാത്ത സൗകര്യം പിഎസ്‌സി ചെയർമാന് നൽകാനാവില്ലെന്ന് വകുപ്പ് നിലപാടെടുത്തു.

രഞ്ജിത്ത് ജോൺസൺ വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം; രണ്ട് ലക്ഷം രൂപ വീതം പിഴ

കൊല്ലം രജ്ഞിത് ജോൺസൻ വധക്കേസിൽ 7 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.25 വർഷത്തേക്ക് പ്രതികൾക്ക് പരോൾ അനുവദിക്കരുതെന്ന് സെക്ഷൻസ് കോടതി വ്യക്തമാക്കി.പ്രതികൾ രണ്ടു ലക്ഷം രൂപ വീതം പിഴയൊടുക്കണം.

മനോജ് (48), രഞ്ജിത്ത് (32), ബൈജു (45), പ്രണവ് (26), വിഷ്ണു (21), വിനേഷ് (44), റിയാസ് (34) എന്നിവരാണ് കേസിലെ ഏഴ് പ്രതികൾ. കേസിൽ പ്രതികൾക്കെതിരെ 225 തെളിവുകളും, 26 രേഖകളുമുണ്ടായിരുന്നു. ഫെബ്രുവരി 13നാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here