Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (11/06/2019)

June 11, 2019
Google News 0 minutes Read

ബാലഭാസ്‌ക്കറിന്റെ മരണം; വാഹനമോടിച്ചത് അർജുനാണെന്നും അല്ലെന്നും മൊഴി

ബാലഭാസ്‌ക്കറിന്റെ വാഹനമോടിച്ചത് അർജുനാണെന്ന് സാക്ഷി മൊഴി. ബാലഭാസ്‌ക്കറും കുടുംബവും കൊല്ലത്ത് ജ്യൂസ് കുടിക്കാനിറങ്ങിയ കടയിലുണ്ടായിരുന്ന മൂന്ന് പേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

നിപ ബാധിച്ച യുവാവിന്റെ പനി മാറിയതായി മെഡിക്കൽ ബുള്ളറ്റിൻ

നിപ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറായി യുവാവിന് പനിയില്ലെന്നും പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം കഴിയുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് എൽഡിഎഫ് വിലയിരുത്തൽ

ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് എൽഡിഎഫ് യോഗത്തിൽ വിലയിരുത്തൽ. ശബരിമലയിലെ നിലപാട് വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വനിതാ മതിലിന് തൊട്ടടുത്ത ദിവസം യുവതികൾ മല ചവുട്ടിയത് സ്ത്രീ വോട്ടുകൾ നഷ്ടപ്പെടുത്തിയെന്നും ഇടത് മുന്നണി യോഗം വിലയിരുത്തി.

ഉത്തരേന്ത്യയിൽ കൊടുംചൂട്; കേരള എക്സ്പ്രസിലെ നാല് യാത്രക്കാർ മരിച്ചു

ഉത്തരേന്ത്യയിൽ കൊടും ചൂടിനെ തുടർന്ന് ട്രെയിൻ യാത്രക്കിടെ നാല് പേർ മരിച്ചു. നിർജലീകരണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിൽ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്.

കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അരുണാചലിലെ വടക്കൻ ലിപ്പോയിൽ നിന്നാാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. അസമിലെ ജോഹർഹട്ടിൽ നിന്നാണ് വിമാനം പറന്നുയർന്നത്.

സിറോ മലബാർ വ്യാജരേഖാ കേസ്; ഫാ.പോൾ തേലക്കാട്, ഫാ.ആന്റണി കല്ലൂക്കാരൻ എന്നിവർക്ക് മുൻകൂർ ജാമ്യം

സിറോ മലബാർ സഭാ വ്യാജരേഖാക്കേസിൽ വൈദികർക്ക് എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നു നാലും പ്രതികളായ ഫാദർ പോൾ തേലക്കാട്ട്, ഫാദർ ആന്റണി കല്ലൂക്കാരൻ എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട്; നാല് ഭാരവാഹികൾക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ നാല് ഭാരവാഹികൾക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.

കേരളത്തിൽ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലവസ്ഥാ നീരീക്ഷണ കേന്ദ്രം. ഒമ്പതു ജില്ലകളിൽ നാളെയും യെല്ലൊ അലേർട്ട് തുടരും. അറബികടലിൽ രൂപം കൊണ്ടിരിക്കുന്ന വായു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കടൽക്ഷോഭം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.

കൊല്ലത്ത് കാൻസർ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി

കൊല്ലത്ത് കാൻസർ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. അഞ്ചലിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ ഓട്ടോ നിർത്തിയില്ലെന്നാരോപിച്ചാണ് മർദ്ദനം.

പരപ്പനങ്ങാടിയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കടലുണ്ടി നഗരം സ്വദേശി മുസമ്മിലിന്റെ മൃതദേഹമാണ് വൈകീട്ട് മൂന്ന് മണിയോടെ കണ്ടെത്തിയത്.

കോഴിക്കോട് ട്രാൻസ്ജെൻഡർ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

കോഴിക്കോട് ട്രാൻസ്ജൻഡർ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ വിവരം നൽകുവാൻ സാധിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here