ഇന്നത്തെ പ്രധാനവാർത്തകൾ (25/07/2019)

കർണാടകയിൽ മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി
കർണാകടയിൽ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല. മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. ബിജെപിയിലേക്കുള്ള നീക്കത്തിന് ചുക്കാൻ പിടിച്ച രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തള്ളി, സ്വതന്ത്ര എംഎൽഎയായ ആർ ശങ്കർ എന്നിവരെയാണ് അയോഗ്യരാക്കിയത്.
മുത്തലാഖ് ബിൽ ലോക്‌സഭ പാസാക്കി
മുത്തലാഖ് ബിൽ ലോക്‌സഭ പാസാക്കി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസാക്കിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനെ പ്രതിപക്ഷം എതിർത്തു. എൻ കെ പ്രേമചന്ദ്രൻ ഉൾപ്പടെയുള്ള പ്രതിപക്ഷ എംപിമാർ കൊണ്ടുവന്ന ഭേദഗതികൾ തള്ളി.
ജയ്ശ്രീരാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാൻ ബിജെപി നേതാവ്
ജയ്ശ്രീരാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാൻ ബിജെപി നേതാവ് ബി ഗോപീലകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അഭിപ്രായം പറയുന്നവരെ ശത്രുക്കളായി കാണുന്നത് വിഡ്ഢിത്തമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ജയ് ശ്രീറാമിനെതിരെയല്ല, അത് കൊലവിളിയാക്കിയതിനെതിരെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
സംസ്ഥാനത്ത് വൻകള്ളനോട്ട് വേട്ട; 24 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടികൂടി
സംസ്ഥാനത്ത് വൻകള്ളനോട്ട് വേട്ട. തിരുവനന്തപുരത്തു നിന്നും കോഴിക്കോട് നിന്നുമായി 24 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. തിരുവനന്തപുരത്ത് നിന്ന് ആറ് ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്.
അമ്പൂരിയിലെ കൊലപാതകം; രാഖിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പ്രാഥമിക നിഗമനം
അമ്പൂരിയിൽ രാഖിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പ്രാഥമിക നിഗമനം. കഴുത്തെല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. ആന്തരിക അവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. രാഖി പീഡനത്തിനിരയായെന്നും സംശയമുണ്ട്. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനയ്ക്കു ശേഷം ഇക്കാര്യം സ്ഥിരീകരിക്കും.
നെടുങ്കണ്ടം കസ്റ്റഡി മരണം; മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഇന്നലെ അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. ഇന്നലെ വൈകീട്ടാണ് എഎസ്‌ഐ അടക്കം മൂന്ന് പൊലീസുകാരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്.
സർക്കാരിനെതിരെ വിവിധ വിഷയങ്ങളുയർത്തി യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിച്ചു. രാവിലെ ആറു മണിക്ക് ആരംഭിച്ച ഉപരോധം ഉച്ചക്ക് സമാപിച്ചു. മനുഷ്യത്വം മരവിച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കൾ കുറ്റപ്പെടുത്തി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്‌ജോസ് കെ മാണി വിഭാഗങ്ങൾ പങ്കിടാൻ ധാരണയായി. ആദ്യ എട്ട് മാസക്കാലം ജോസ് കെ മാണി വിഭാഗത്തിനാണ് പദവി. ജോസ് കെ മാണി വിഭാഗത്ത് നിന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസിഡന്റാകും. അവസാന ആറ് മാസം പിജെ ജോസഫ് പക്ഷത്തിന്റെ അജിത് മുതിരമലയാകും അധ്യക്ഷൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here