ഇന്നത്തെ പ്രധാന വാർത്തകൾ

മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സർക്കാർ നടപടി തുടങ്ങി; കളക്ടർക്കും നഗരസഭയ്ക്കും നോട്ടീസ്
സുപ്രിം കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന് സർക്കാർ നടപടി തുടങ്ങി. സുപ്രിം കോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കളക്ടർക്കും മരട് നഗരസഭയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
എൻഡിഎ സർക്കാർ വീണ്ടും അധികാരമേറ്റ് ആദ്യ നൂറ് ദിവസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ കാലയളവിൽ എത്ര വലിയ തീരുമാനങ്ങളാണ് എൻഡിഎ സർക്കാർ എടുത്തതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 130 കോടി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ സർക്കാരിന് കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊട്ടക്കമ്പൂർ ഭൂമി ഇടപാടിൽ ജോയ്‌സ് ജോർജ്ജിന് തിരിച്ചടി. ജോയ്സ് ജോർജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള പട്ടയവും തണ്ടപേരും കളക്ടർ റദ്ദ് ചെയ്തു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് മതിയായ രേഖകൾ ഹാജരാക്കാൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് നടപടി.
‘നിങ്ങളുടെ ദൗത്യങ്ങൾ ഞങ്ങൾക്ക് പ്രചോദനമാണ്’; ഐഎസ്ആർഒയെയും ചന്ദ്രയാൻ-2വിനെയും പ്രശംസിച്ച് നാസ
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ-2 ദൗത്യത്തെ പ്രശംസിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഐഎസ്ആർഒയുടെ നേട്ടങ്ങൾ തങ്ങളെ പ്രചോദിപ്പിക്കുന്നെന്നാണ് നാസ ട്വിറ്ററിൽ കുറിച്ചു. ഐഎസ്ആർഒയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു നാസയുടെ പ്രശംസ.
ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ കണ്ടെത്തിയെന്ന് ഐഎസ്ആർഒ
ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയതായി ഐഎസ്ആർഒയുടെ സ്ഥിരീകരണം. ചന്ദ്രയാന്റെ ഓർബിറ്റർ അയച്ച ചിത്രങ്ങളിൽ നിന്നുമാണ് ലാൻഡർ ചന്ദ്രോപരിതലത്തിലുണ്ടെന്ന നിഗമനത്തിൽ ഐഎസ്ആർഒ എത്തിയത്. എന്നാൽ ആശയവിനിമയം പുനഃസ്ഥാപിച്ചിട്ടില്ല. ഇതിനായുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി അന്തരിച്ചു
മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന രാം ജഠ്മലാനി അന്തരിച്ചു. 95 വയസായിരുന്നു. ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. നിലവിൽ രാജ്യസഭാംഗമാണ്.
ഉയർന്ന പിഴ അശാസ്ത്രീയം; മോട്ടോർ വാഹന നിയമഭേദഗതിക്കെതിരേ സിപിഐഎം
മോട്ടോർ വാഹന നിയമ ഭേദഗതിയെ വിമർശിച്ചു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിഷ്കാരം അശാസ്ത്രീയമാണെന്നും ഉയർന്ന പിഴ വിപരീതഫലമുണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here