ഇന്നത്തെ പ്രധാനവാർത്തകൾ (27/09/2019)

ഭീകരവാദത്തിനെതിരെ രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി

ഭീകരവാദത്തിനെതിരെ രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹോദര്യം, സമാധാനം എന്നിവയാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യമെന്നും മോദി പറഞ്ഞു.

പാലായിൽ മാണി സി കാപ്പൻ വിജയിച്ചു

പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വിജയിച്ചു. അട്ടിമറി വിജയമാണ് മാണി സി കാപ്പൻ സ്വന്തമാക്കിയിരിക്കുന്നത്. 2943 വോട്ടുകൾക്കാണ് മാണി സി കാപ്പൻ വിജയിച്ചിരിക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഫലം കൂടുതൽ ഉത്തരവാദിത്തമാണ് എൽഡിഎഫിന് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘യുഡിഎഫിലെ അനൈക്യത്തിന് ജനങ്ങൾ നൽകിയ താക്കീത്’; പൊട്ടിത്തെറിച്ച് നേതാക്കൾ

പാലായിലേറ്റ കനത്ത തോൽവിയിൽ പൊട്ടിത്തെറിച്ച് യുഡിഎഫ് നേതൃത്വം. യുഡിഫിലെ അനൈക്യത്തിന് ജനങ്ങൾ നൽകിയ താക്കീതാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മുന്നണി പരിശോധിക്കും.

പാലായിലേത് സ്വയം ചോദിച്ച് വാങ്ങിയ തോൽവി : പിജെ ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനേറ്റത് ചോദിച്ച് വാങ്ങിയ തോൽവിയെന്ന് പിജെ ജോസഫ്. ചിഹ്നം മേടിക്കാതെ പോയതിന്‍റെ ഉത്തരവാദി ആരാണെന്നും കത്തയച്ചിരുന്നുവെങ്കിൽ കൊടുക്കാമായിരുന്നുവെന്നും പിജെ ജോസഫ് പറഞ്ഞു.

കെഎം മാണിയുടെ വീടിന് മുമ്പിൽ സംഘർഷം; കയ്യാങ്കളി

അന്തരിച്ച കേരളാ കോൺഗ്രസ് നേതാവ് കെഎം മാണിയുടെ വീടിന് മുന്നിൽ സംഘർഷം. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ മുന്നേറ്റത്തിൽ മാണിയുടെ വസതിക്ക് മുന്നിൽ ഇടത് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷം ഉടലെടുത്തത്.

അരൂരിൽ ഷാനിമോൾ ഉസ്‌മോൻ; യുഡിഎഫ് സ്ഥാനാർത്ഥികളായി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ യുഡിഎഫിന് സ്ഥാനാർത്ഥികളായി. അരൂരിൽ ഷാനിമോൾ ഉസ്മാൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും. ഇത് സംബന്ധിച്ച് അന്തിമ പട്ടിക ഹൈക്കമാൻഡിന് അയച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ; മുഴുവൻ സീറ്റും തൂത്തുവാരി എസ്എഫ്‌ഐ

ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം കെഎസ്‌യു മത്സര രംഗത്തെത്തിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും എസ്എഫ്‌ഐ തൂത്തുവാരി.

ഗോരഖ്പൂർ ആശുപത്രിയിലെ ശിശുമരണം; ഡോ. കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോർട്ട്

ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ഡോ. കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോർട്ട്.

ഡോ. കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ.

ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ മുടങ്ങിയതിനെ തുടർന്ന് അറുപതിലധികം കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ.

ഐഎൻഎക്‌സ് മീഡിയ കേസ്; ഇന്ദ്രാണി മുഖർജിയും പി ചിദംബരവും കൂടിക്കാഴ്ച നടത്തിയതിന് തെളിവുണ്ടെന്ന് സിബിഐ

ഐഎൻഎക്‌സ് മീഡിയ മേധാവി ഇന്ദ്രാണി മുഖർജിയും പി. ചിദംബരവും കൂടിക്കാഴ്ച നടത്തിയതിന് തെളിവുള്ളതായി സിബിഐ ഡൽഹി ഹൈക്കോടതിയിൽ.

പിറവം പള്ളി തർക്കം; ആരാധന ചടങ്ങുകളിൽ യാക്കോബായ വിശ്വാസികൾക്കും പങ്കെടുക്കാമെന്ന് ഹൈക്കോടതി

പിറവം പള്ളിയിൽ ആരാധന ചടങ്ങുകളിൽ യാക്കോബായ വിശ്വാസികൾക്കും പങ്കെടുക്കാമെന്ന് ഹൈക്കോടതി. വിശ്വാസികൾക്ക് യാക്കോബായ ഓർത്തഡോക്‌സ് വ്യത്യാസം ഇല്ല. 1934ലെ ഭരണഘടന അംഗീകരിക്കുന്ന ആർക്കും കുർബാനയിൽ പങ്കെടുക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top