Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 28-10-2019)

October 28, 2019
Google News 1 minute Read

വാളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ പാലക്കട് സി.ഡബ്ല്യു.സി ചെയർമാനെ സ്ഥാനത്ത് നിന്ന് മാറ്റി

പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എൻ രാജേഷിനെ മാറ്റി. വാളയാർ കേസിൽ പ്രതികൾക്കായി രാജേഷ് ഹാജരായത് വിവാദമായിരുന്നു. അഡ്വ.എൻ രാജേഷ് ഹാജരായ നടപടിയെ തള്ളി സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജയും രംഗത്തെത്തിയിരുന്നു.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാളെ രാവിലെ വനത്തിൽ നിന്ന് പുറത്തെത്തിക്കും

പാലക്കാട് അട്ടപ്പാടി അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാളെ രാവിലെ വനത്തിൽ നിന്ന് പുറത്തേക്ക് എത്തിക്കും. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുന്നത്. കാർത്തിക്, സുരേഷ്, ശ്രീമതി എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം, ചിതറിയോടിയ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്.

അഗളിയില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പാലക്കാട് അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മഞ്ചക്കണ്ടി മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. വനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത; ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്ത് തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ മേഖല രൂപംകൊണ്ടിട്ടുണ്ടെന്നും കന്യാകുമാരി മേഖലക്ക് മുകളിലായി ശക്തി പ്രാപിക്കാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള ലക്ഷദ്വീപ് തീരത്തിനിടയിൽ കടൽ വരും മണിക്കൂറുകളിൽ പ്രക്ഷുബ്ധമായേക്കും.

വാളയാർ കേസ്; സർക്കാർ ഒന്നും ചെയ്തില്ലെന്ന് പ്രതിപക്ഷം, അട്ടിമറി ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

വാളയാർ പീഡനക്കേസിൽ സർക്കാർ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. അപ്പീൽ അടക്കം കേസിന്റെ തുടർ നടപടികൾക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിൽ അട്ടിമറികളൊന്നും ഉണ്ടായിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാളയാർ പീഡനം; തെളിവുകൾ ദുർബലമായിരുന്നു; കേസ് പരാജയപ്പെടുമെന്ന് തോന്നിയിരുന്നുവെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

വാളയാർ പീഡനക്കേസിൽ തെളിവുകൾ ദുർബലമായിരുന്നുവെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ. പല കേസിലും സീൻ മഹസർ പോലുമുണ്ടായിരുന്നില്ല. പൊലീസിനോട് ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ജലജ മാധവൻ ട്വന്റിഫോറിനോട് പറഞ്ഞു.

കോതമംഗലം പള്ളിയിലേക്ക് ഓർത്തഡോക്‌സ് വിഭാഗമെത്തി; പ്രദേശത്ത് സംഘർഷാവസ്ഥ

യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ പളളിത്തർക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമാ ചെറിയ പളളിയിൽ കോടതി ഉത്തരവ് നടപ്പാക്കാൻ നീക്കം. ഓർത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ വൈദികരുടെയും വിശ്വാസികളുടെയും സംഘം പള്ളിയിലേക്കെത്തി. എന്നാൽ ഓർത്തഡോക്‌സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ പക്ഷം.

കരമന ദുരൂഹ മരണം; കാര്യസ്ഥൻ രവീന്ദ്രൻ നായർ അടക്കം 12 പ്രതികൾ; എഫ്‌ഐആറിന്റെ പകർപ്പ് പുറത്ത്

തിരുവനന്തപുരം കരമന കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട എഫ്‌ഐആറിന്റെ പകർപ്പ് പുറത്ത്. ഒക്ടോബർ പതിനേഴിന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറാണ് പുറത്തുവന്നത്. കാര്യസ്ഥൻ രവീന്ദ്രൻ നായർ അടക്കം പന്ത്രണ്ട് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. മുൻ ജില്ലാ കളക്ടറും മരിച്ച ഗോപിനാഥൻ നായരുടെ ബന്ധുവുമായ മോഹൻദാസ് പത്താം പ്രതിയാണ്.

60 മണിക്കൂർ പിന്നിട്ടു; തിരുച്ചിറപ്പള്ളിയിൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവർത്തനം 60 മണിക്കൂർ പിന്നിട്ടു. കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമം. എന്നാൽ കാഠിന്യമേറിയ പാറ രക്ഷാപ്രവർത്തനത്തിന് തടസമായിരിക്കുകയാണ്.

വാളയാർ കേസിൽ പ്രക്ഷോഭം ശക്തമാകുന്നു

കേരളത്തെ ഞെട്ടിച്ച വാളയാർ കേസിലെ കേസന്വേഷണം അട്ടിമറിച്ചതിനെതിരെ പ്രക്ഷോഭം ശക്തമാകുന്നു. കേസന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിച്ചത് സർക്കാർ ഇടപെടൽ മൂലമാണെന്ന് ആരോപിച്ച് വിവിധ യുവജന സംഘടനകൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here