ഇന്നത്തെ പ്രധാന വാർത്തകൾ (23.01.2020)
അനിശ്ചിതത്വം മാറി; ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം
യൂറോപ്യൻ യൂണിയൻ ഉപേക്ഷിക്കാനുള്ള ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം. ബ്രിട്ടീഷ് പാർലമെന്റിന്റെ ഹൗസ് ഓഫ് ലോർഡ്സിൽ ബിൽ പാസാക്കി മണിക്കൂറുകൾക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നൽകിയത്.
റോഹിങ്ക്യൻ വംശഹത്യക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി
റോഹിങ്ക്യൻ വംശഹത്യക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മ്യാൻമറിനോട് ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ രാജ്യാന്തര നീതിന്യായ കോടതി.
വർക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കി; കെപിസിസി ഭാരവാഹികളുടെ ഭാഗിക പട്ടിക സമർപ്പിച്ചു
കെപിസിസി ഭാരവാഹികളുടെ ഭാഗിക പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു. നാൽപതോളം പേർ അടങ്ങിയ പട്ടികയാണ് നൽകിയത്.
‘കെപിസിസി ഭാരവാഹിപട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കും’: മുല്ലപ്പള്ളി രാമചന്ദ്രൻ
കെപിസിസി ഭാരവാഹിപട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ ആദ്യം പ്രഖ്യാപിക്കും.
കോറോണ ബാധ: നടപടി ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
സൗദി അറേബ്യയിലെ അസിർ അബാ അൽ ഹയാത്ത് ആശുപത്രിയിലെ നഴ്‌സുമാർക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
പന്തീരാങ്കാവ് യുഎപിഎ കേസ്: മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
പന്തീരാങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അലനെയും താഹയെയും പാർട്ടി ഇതുവരെ പുറത്താക്കിയിട്ടില്ല. പാർട്ടി ഈ വിഷയത്തിൽ അന്വേഷണം നടത്തുകയാണ്.
പന്തീരങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പറഞ്ഞ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ.
നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിലും ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ്
നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിലും ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ്. ഹൈദരാബാദിലെ വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.
കോട്ടയത്ത് അക്ഷരം പഠിപ്പിക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂര പീഡനം
കോട്ടയം കുറുപ്പന്തറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂര പീഡനം. മണ്ണാറപ്പാറ സെൻറ് സേവ്യേഴ്‌സ് എൽപി സ്‌കൂളിൽ മലയാളം അക്ഷരം പഠിപ്പിക്കുന്നതിനായാണ് അധ്യാപിക കുട്ടിയെ തല്ലി ചതച്ചത്. കുട്ടിയുടെ ശരീരത്തിൽ അടി കൊണ്ട് നിരവധി പാടുകളുണ്ട്. അധ്യാപികയായ മിനിമോൾ ജോസാണ് രണ്ടാം ക്ലാസിലെ വിദ്യാർത്ഥി പ്രണവ് രാജിനെ മർദ്ദിച്ചത്. കുട്ടിയുടെ രണ്ട് കാലുകളിലുമായി അടി കിട്ടിയ 21 പാടുകളുണ്ട്. കഴിഞ്ഞ ദിവസം രാത്രി കുട്ടിയെ വീട്ടുകാർ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
കോട്ടയത്ത് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക മർദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
കോട്ടയം കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കോട്ടയത്ത് അഴിമതി ചോദ്യം ചെയ്ത വിവരാവകാശ പ്രവർത്തകന് മർദ്ദനം
അഴിമതി ചോദ്യം ചെയ്ത വിവരാവകാശ പ്രവർത്തകന് കോട്ടയം നഗരസഭയിൽ മർദ്ദനമേറ്റു. നിയമ പ്രകാരം നൽകിയ ചോദ്യങ്ങൾക്ക് വിശദീകരണം ആവശ്യപ്പെടുന്നതിനിടെയാണ് വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയന് മർദ്ദനമേറ്റത്. നഗരസഭയിൽ കരാർ എടുക്കുന്ന കോൺട്രാക്ടർമാരാണ് മർദ്ദിച്ചതെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here