ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (06-03-2021)
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ്
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ്. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ വിനോദിനിക്ക് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് നോട്ടീസ്.
അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍
അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. പുതിയ സ്ഥാനാര്‍ത്ഥി എച്ച്. സലാം എസ്ഡിപിഐക്കാരനെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. സുധാകരന്‍ മാറിയാല്‍ മണ്ഡലത്തില്‍ തോല്‍വിയുണ്ടാകുമെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. ജി. സുധാകരന് സീറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. ഇതിനൊടുവിലാണ് ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
വടകര മണ്ഡലം ആര്‍എംപിക്ക് നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം
വടകര മണ്ഡലം ആര്‍എംപിക്ക് നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ഡിസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കെപിസിസി, എഐസിസി നേതൃത്വത്തിന് പ്രവര്‍ത്തകര്‍ കത്ത് അയച്ചുകഴിഞ്ഞു. ആര്‍എംപിക്ക് വടകര സീറ്റ് നല്‍കിയാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെന്ന് വടകരയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഡോളര്‍ കടത്ത് കേസില്‍ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്
ഡോളര്‍ കടത്ത് കേസില്‍ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി. മുന്‍ യുഎഇ കോണ്‍സില്‍ അറ്റാഷെ റാഷിദ് ഗാഫിസ്, കോണ്‍സുല്‍ ജനറല്‍ ജമാന്‍ അല്‍ സബി, ഫിനാന്‍സ് വിഭാഗം തലവന്‍ ഗാലിദ് എന്നിവരെ ചോദ്യം ചെയ്യാനാണ് നീക്കം.
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് കസ്റ്റംസ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ മുഖ്യമന്ത്രിയെയും ഇടത് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ കസ്റ്റംസ് വഴിവിട്ട നീക്കം നടത്തുവെന്നാരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് കസ്റ്റംസ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ജില്ലകളിലെ കസ്റ്റംസ് മേഖലാ ഓഫിസുകളിലേക്കാണ് മാര്‍ച്ച്.
രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കും
ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്നു. രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കും. ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്‌സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും. ജനുവരി 26 ന് ശേഷം കര്‍ഷകരുമായി സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയാറായിട്ടില്ല. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
സാധ്യത പട്ടിക പരിശോധിക്കല്‍; സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റുകള്‍ ഇന്ന് ചേരും
സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും അംഗീകരിച്ച സാധ്യത പട്ടിക പരിശോധിക്കാന്‍ സിപിഐഎമ്മിന്റെ ജില്ല സെക്രട്ടേറിയറ്റുകള്‍ ഇന്ന് ചേരും. രണ്ടു ടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി വിജയിച്ചവരെ മുഖം നോക്കാതെ ഒഴിവാക്കിയതിനെതിരെ യോഗങ്ങളില്‍ പ്രതികരണങ്ങള്‍ ഉണ്ടായേക്കാം. പത്താം തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
കര്‍ഷക സമരം 100 ദിവസം പിന്നിടുമ്പോള്‍ സമരം ഒത്തു തീര്‍പ്പാക്കുന്ന കാര്യത്തില്‍ മെല്ലെപോക്ക് നയം സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമരത്തിന് പിന്നില്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചന ആണെന്നാണ് ഇപ്പോള്‍ സമര്‍ത്ഥിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം കര്‍ഷക സമരം തിരിച്ചടിക്കുള്ള കാരണം ആകാതിരിക്കാന്‍ ശക്തമായ പ്രചാരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here