ഇന്നത്തെ പ്രധാനവാർത്തകൾ (9/5/2019)

തെച്ചിക്കോട് രാമചന്ദ്രന്റെ വിലക്കിന്റെ കാര്യത്തിൽ നിയമോപദേശം തേടുമെന്ന് സർക്കാർ. ആനയുടമകൾ തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ആനയുടമകൾ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അന്തിമ തീരുമാനം തൃശൂരിൽ നാളെ ചേരുന്ന യോഗത്തിന് ശേഷം കൈക്കൊള്ളുമെന്ന് ആയുടമ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ ബി ഗണേഷ് കുമാർ പറഞ്ഞു.
പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിനെപ്പറ്റി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും
പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിനെപ്പറ്റി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി.
ദേശീയ പാത മുൻഗണന ക്രമത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി
ദേശീയപാത വികസനത്തിൽ കേരളതോട് വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. പദ്ധതിയിലെ ഒന്നാം മുൻഗണന പട്ടികയിൽ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള വിജ്ഞാപനം കേന്ദ്രം റദ്ദാക്കിയെന്നും നിതിൻ ഗഡ്കരി അറിയിച്ചു.
കേന്ദ്രത്തിന്റെ തടസവാദം തള്ളി; നിയമന ശുപാർശയിൽ ഉറച്ച് സുപ്രീംകോടതി കൊളീജിയം
ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരയ അനിരുദ്ധ ബോസ് (ജാർഖണ്ഡ്), എ.എസ്. ബൊപ്പണ്ണ (ഗുവാഹത്തി) എന്നിവരെ സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരായി നിയമിക്കണമെന്ന ശുപാർശയിൽ ഉറച്ച് സുപ്രീംകോടതി കൊളീജിയം. ഇരുവരേയും സുപ്രീംകോടതി ജഡ്ജിമാരായി വീണ്ടും നിർദ്ദേശിച്ചു.
സഭയിലെ ലൈംഗിക പീഡനങ്ങളിൽ മാർഗ്ഗനിർദ്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ
കത്തോലിക്ക സഭയിലെ ലൈംഗിക പീഡനങ്ങളിൽ മാർഗ്ഗനിർദ്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ. എല്ലാ രൂപതകളിലും പരാതികൾ സ്വീകരിക്കാൻ സംവിദാനമിണ്ടാകണമെന്ന് മാർപാപ്പ നിർദ്ദേശം നൽകി. കത്തോലിക്ക സഭയിലെ പരാതികളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഉടനെ വത്തിക്കാനെ അറിയിക്കണം.
അനധികൃത ക്വാറി; ആത്മഹത്യാ ഭീഷണിയുമായി ചെങ്ങോട്ടുമലയിലെ സമരക്കാർ
കോഴിക്കോട് ചെങ്ങോട്ടുമലയിൽ അനധികൃത ക്വാറിക്കെതിരെ അനിശ്ചിതകാല സമരം നടത്തുന്ന സമര സമിതി പ്രവർത്തകർ ആത്മഹത്യാ ഭീഷണി മുഴക്കി കോട്ടൂർ പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി. കന്നാസിൽ മണ്ണെണ്ണയുമായാണ് മൂന്ന് സമരസമിതി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.
മദപ്പാടുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകളെ പൂരദിവസങ്ങളിൽ തൃശൂർ നഗരത്തിൽ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ടി.വി അനുപമ അറിയിച്ചു. മെയ് 12 മുതൽ 14 വരെയാണ് ഇത്തരം ആനകളെ നഗരത്തിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞിരിക്കുന്നത്.
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ സനാതൻ സൻസ്തയിലെ അംഗങ്ങൾക്ക് ബോംബുണ്ടാക്കാൻ പരിശീലനം നൽകിയത് മാലേഗാവ് സ്ഫോടന കേസിലെ പ്രതിയും ബിജെപി സ്ഥാനാർത്ഥിയുമായ പ്രജ്ഞ സിങ് താക്കൂറിന്റെ സംഘടനയായ അഭിനവ് ഭാരതിലെ അംഗങ്ങൾ. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ബംഗളൂരു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
പേവിഷ ബാധയ്ക്കെതിരെ സർക്കാർ ആശുപത്രികളിൽ നൽകുന്ന ചില മരുന്നുകൾക്ക് നിലവാരമില്ല
പേവിഷ ബാധയ്ക്കെതിരെ സർക്കാർ ആശുപത്രികളിൽ നൽകുന്ന ചില മരുന്നുകൾക്ക് നിലവാരമില്ല. ഡോക്ടർമാരുടെ പരാതിയെ തുടർന്ന് അഞ്ചു മാസത്തിനിടെ രണ്ടു കമ്പനികളുടെ മരുന്നുകളുടെ വിതരണം മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർത്തിവച്ചു. എന്നാൽ പരാതി ഉയരാത്ത കാലയളവിൽ ഇതേ ബാച്ചിൽപ്പെട്ട മരുന്ന് ആശുപത്രികളിൽ ഉപയോഗിക്കുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടിയെടുക്കാത്തതാണ് നിലവാരമില്ലാത്ത മരുന്നുകൾ വീണ്ടും നൽകാൻ ഇടയാക്കുന്നത്.
പൊലീസ് തപാൽ വോട്ട് തിരിമറിയിൽ വിശദമായ അന്വേഷണം നടത്തി വരുന്ന ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം. സംഭവത്തിൽ പൊലീസ് അസോസിയേഷന്റെ പങ്കും വിശദമായി അന്വേഷിക്കണം.
പൂനെയിൽ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിൽ തീ പിടുത്തം; അഞ്ച് തൊഴിലാളികൾ മരിച്ചു
മഹാരാഷ്ട്രയിലെ പൂനെയിൽ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. പൂനെയിലെ ഉരുളി ദേവാച്ചിയിലുള്ള ഗോഡൗണിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗണിനകത്തെ മുറിയിൽ കിടന്നുറങ്ങിയിരുന്ന തൊഴിലാളികളാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്.
പാലാരിവട്ടം പാലത്തിന്റെ തകർച്ചയ്ക്ക് കാരണം പ്രൊഫൈൽ കറക്ഷനിൽ വന്ന വീഴ്ചയെന്ന് വിലയിരുത്തൽ
പാലാരിവട്ടം പാലത്തിന്റെ തകർച്ചയ്ക്ക് കാരണം പ്രൊഫൈൽ കറക്ഷനിൽ വന്ന വീഴ്ചയെന്ന് വിലയിരുത്തൽ. ഇത് സംബന്ധിച്ച് കിറ്റ്‌കോ അധികൃതർ റിപ്പോർട്ട് തയ്യാറാക്കിയതായാണ് വിവരം. ടാറിംഗിലും വലിയ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
വയനാട് ജില്ലയിൽ കോളറയും സ്ഥിരീകരിച്ചു
വയനാട് ജില്ലയിൽ കുരങ്ങുപനിക്ക് പിന്നാലെ കോളറയും സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ആരോഗ്യവകുപ്പ്.മൂപ്പൈനാട് തേയില തോട്ടത്തിൽ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിലാണ് രോഗം കണ്ടെത്തിയത്.ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി.
അതിഷിയെ അപമാനിക്കുന്ന നോട്ടീസ് ബിജെപി വിതരണം ചെയ്തെന്ന് ആം ആദ്മി
ഈസ്റ്റ് ഡൽഹിയിലെ സ്ഥാനാർത്ഥി അതിഷി മെർലേനയുടെ സ്ത്രീത്വത്തെ ബിജെപി അപമാനിച്ചുവെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷി മെർലേനയെ അധിക്ഷേപിക്കുന്ന തരത്തിൽ ബിജെപി സ്ഥാനാർത്ഥി ഗൗതം ഗംഭീർ മണ്ഡലത്തിൽ നോട്ടീസ് വിതരണം ചെയ്തുവെന്നാണ് ആപ്പിന്റെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here