Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (20/06/2019)

June 20, 2019
Google News 0 minutes Read

ആന്തൂരിലെ ആത്മഹത്യ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആന്തൂരിൽ പ്രവാസി വ്യാവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് നഗരസഭാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നഗരസഭ സെക്രട്ടറി, എഞ്ചിനിയർ, ഓവർസിയർ എന്നിവർക്കാണ് സസ്പെൻഷൻ.

ആത്മഹത്യ ചെയ്ത സുഗതന്റെ വർക്ക് ഷോപ്പിന് പഞ്ചായത്ത് ലൈസൻസ് നൽകും; 24 ഇംപാക്ട്

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ വർക്ക് ഷോപ്പിന് പഞ്ചായത്ത് ലൈസൻസ് നൽകും. ഇന്ന് ചേർന്ന വിളക്കുടി പഞ്ചായത്ത് ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്.

ബിഹാറിൽ മസ്തിഷ്‌ക ജ്വരം; മരണസംഖ്യ 117 ആയി

ബിഹാറിൽ മസ്തിഷ്‌ക ജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 117 ആയി ഉയർന്നു.മരണം ഉയരുന്നതിൻറെ കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കണ്ടെത്താനായിട്ടില്ല. രോഗ ലക്ഷണങ്ങളുമായി കൂടുതൽ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ

1990 ലെ കസ്റ്റഡി മരണക്കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. ഗുജറാത്ത് ജംനഗർ സെഷൻസ് കോടതിയാണ് ഇരുപത്തിയൊൻപത് വർഷം പഴക്കമുള്ള കേസിൽ ശിക്ഷ വിധിച്ചത്.

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവിന്റെ സസ്പെൻഷൻ പിൻവലിച്ചു

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയിക്കെതിരെ പീഡന ആരോപണമുന്നയിച്ച സുപ്രീംകോടതി മുൻ ജീവനക്കാരിയുടെ ഭർത്താവിനെയും ബന്ധുവിനെയും ഡൽഹി പൊലീസ് തിരിച്ചെടുത്തു.

വ്യോമ സേന വിമാനാപകടം; മലയാളികളടക്കം പതിമൂന്ന് പേരുടെയും മൃതദേഹങ്ങൾ ലിപോ മേഘലയിൽ നിന്ന് വീണ്ടെടുത്തു

വ്യോമ സേനയുടെ എഎൻ 32 വിമാനം തർന്ന് മരിച്ച മുന്ന് മലയാളികളടക്കം പതിമൂന്ന് പേരുടെ ഭൗതിക ശരീരങ്ങൾ അരുണാചൽപ്രദേശിലെ ലിപോ മേഘലയിൽ നിന്ന് വീണ്ടെടുത്തതായി വ്യോമസേന.

ചോദ്യം ചെയ്യലിന് മുംബൈ പൊലീസ് നോട്ടീസ് നൽകി; ബിനോയ് കോടിയേരി ഒളിവിൽ പോയതായി സൂചന

ബീഹാർ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരിക്ക് മുംബൈ പൊലീസ് നോട്ടീസ് നൽകി. ഇന്നലെ വൈകീട്ട് കോടിയേരിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്.

ബിനോയ് കോടിയേരി വിവാദം; നേതാക്കൾ പ്രതികരിക്കേണ്ടതില്ലെന്ന് സിപിഐഎം തീരുമാനം

ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതിയിൽ കേന്ദ്ര നേതാക്കൾ പ്രതികരിക്കേണ്ടതില്ലെന്ന് സിപിഐഎം. ഡൽഹിയിൽ ചേർന്ന അവെയ്ലബിൾ പൊളിറ്റ് ബ്യൂറോയ്ക്ക് ശേഷമാണ് സിപിഐഎം തീരുമാനം.

കല്ലട ബസിൽ പീഡനശ്രമം; ബസ് പൊലീസ് പിടിച്ചെടുത്തു,ഡ്രൈവർ കസ്റ്റഡിയിൽ

ബസിൽ വെച്ച് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ കല്ലട ബസ് പൊലീസ് പിടിച്ചെടുത്തു. ബസിലെ രണ്ടാം ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം സ്വദേശി ജോൺസൺ ജോസഫാണ് പിടിയിലായത്.

കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

കല്ലട ബസിൽ വെച്ച് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മോട്ടോർ വാഹന ചട്ടം 21 പ്രകാരമാണ് നടപടി.

സ്ഥലം എത്തിയോ എന്നറിയാൻ തട്ടിവിളിക്കുകയാണ് ചെയ്തത്; സ്ത്രീ പറയുന്നത് തെറ്റെന്ന് കല്ലട ബസിലെ ഡ്രൈവർ

താൻ കുറ്റം ചെയ്തിട്ടില്ലന്ന് കല്ലട ബസിലെ ഡ്രൈവർ ജോൺസൺ. സ്ത്രീ പറയുന്നത് തെറ്റാണ്. സ്ഥലം എത്തിയോ എന്നറിയാൻ തട്ടി വിളിക്കുക മാത്രമാണ് ചെയ്തതെന്നും ജോൺസൺ പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്. പരാതി നൽകിയ സ്ത്രീ ചാർട്ടിൽ ഉണ്ടായിരുന്നില്ലെന്നും ജോൺസൺ പറയുന്നു.

യുവതിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന കേസ്; നടൻ വിനായകന് ജാമ്യം

യുവതിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന പരാതിയിൽ നടൻ വിനായകന് ജാമ്യം. രാവിലെ അഭിഭാഷകർക്കൊപ്പം കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ഹാജരായ വിനായകനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here