ഇന്നത്തെ പ്രധാന വാർത്തകൾ (27.01.2020)
നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റില്ല ; നിലപാടിലുറച്ച് സര്‍ക്കാര്‍
നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശത്തില്‍ മാറ്റം വരുത്തില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറോടുള്ള വെല്ലുവിളിയല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കി കത്തില്‍ പറയുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം വേണം : എകെ ആന്റണി
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം വേണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. ഇന്ത്യന്‍ ഭരണഘടന പൊളിച്ച് എഴുതാനുള്ള നീക്കമാണ് നടക്കുന്നത്. എല്‍ഡിഎഫ്-യുഡിഫ് എന്ന രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍എസ്എസിന് എതിരെ നിലപാടുള്ള എല്ലാവരും ഒന്നിക്കണമെന്നും എകെ ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.
ഇനി അധികാര പരിധി നോക്കണ്ട; സംസ്ഥാനത്തെ ഏത് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാം
അധികാര പരിധി നോക്കാതെ സംസ്ഥാനത്തെ ഏത് സ്റ്റേഷനിലും ഇനി എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഇറക്കിയ പത്രക്കുറിപ്പിലൂടെയാണ് പൊലീസ് വിവരം അറിയിച്ചത്. ഏത് സ്റ്റേഷനിൽ നിന്നും പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റർ ചെയ്യാം. തുടർന്ന് ഇത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് അയക്കുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു. പൊലീസ് മീഡിയ സെന്ററിൻ്റെ ഫേസ്ബുക്ക് പേജിൽ പത്രക്കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
എൻആർസി പട്ടിക: രണ്ടായിരത്തോളം ട്രാൻസ്ജെൻഡറുകൾ പുറത്ത്; കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടിസ്
ദേശീയ പൗരത്വ പട്ടികയിൽ നിന്ന് രണ്ടായിരത്തോളം ട്രാൻസ്ജെൻഡറുകൾ ഒഴിവാക്കപ്പെട്ടെന്ന പരാതിയിൽ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ നോട്ടിസ്. അസമിൽ നടപ്പാക്കിയ പൗരത്വ പട്ടികയിൽ നിന്നാണ് ട്രാൻസ്ജെൻഡറുകളെ വെട്ടിയത്. സംഭവത്തിൽ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് കേന്ദ്രത്തിന് നോട്ടീസയച്ചത്.
കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയില്‍ സമ്പൂര്‍ണ അച്ചടക്കം അനിവാര്യമാണ്. അച്ചടക്ക ലംഘനം അനുവദിക്കാനാകില്ല. എത്ര വലിയ നേതാവായാലും ലക്ഷ്മണരേഖയ്ക്ക് അപ്പുറം പോകാന്‍ അനുവദിക്കില്ല. സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യവും ആഭ്യന്തര ജനാധിപത്യവും പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ; സ്ഥിതിഗതി വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയില്‍
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി. സംഘം വിവിധ ഇടങ്ങളില്‍ പരിശോധന തുടങ്ങി. ഡോ. ഷൗക്കത്ത് അലിയും സംഘവുമാണ് കൊച്ചിയില്‍ എത്തിയത്. ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും കേന്ദ്രസംഘം അറിയിച്ചു.
പിണറായിയോടും മോദിയോടും ശൗര്യം കാണിക്കൂ: മുല്ലപ്പള്ളിക്ക് മറുപടിയുമായി കെ മുരളീധരന്‍
കെപിസിസി പുനഃസംഘടനയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍. പരസ്യ പ്രസ്താവന ഏത് ഭാഗത്തുനിന്ന് വന്നാലും അച്ചടക്ക ലംഘന നടപടി എടുക്കണം. ആരും മോശക്കാരല്ല, ആരെയും ഭാരവാഹിയാക്കാം. തീരുമാനമെടുത്താല്‍ അത് നടപ്പിലാക്കണം. അത് അട്ടിമറിച്ചുവെന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു. പിണറായിയോടും മോദിയോടും ശൗര്യം കാണിക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
ഗവര്‍ണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസില്‍ ഉറച്ചുനില്‍ക്കുന്നു: രമേശ് ചെന്നിത്തല
ഗവര്‍ണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ കൊണ്ടുവരേണ്ടിയിരുന്ന പ്രമേയമാണിത്. സഭയെ അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കഠിനാധ്വാനം ചെയ്താലെ വിജയിക്കാനാവൂ. പുതിയ ഭാരവാഹികളെല്ലാം യോഗ്യരും അര്‍ഹരുമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ഭാരവാഹികളുടെ പ്രഥമ യോഗത്തിലാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം. നേതാക്കള്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ചൈനയില്‍ നിന്നെത്തിയ യുവതി പാട്‌ന മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബിഹാര്‍ ചാപ്ര സ്വദേശിനിയാണ് ചികിത്സയിലുള്ളത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ കൊറോണ രോഗ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെ പാട്‌ന മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
കൊറോണ: സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്
കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. ഇതിൽ ഏഴ് പേർ ആശുപത്രികളിലാണുള്ളത്. കൊച്ചിയിൽ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് ആശുപത്രികളിൽ കഴിയുന്നത്.
കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബൈ പ്രവിശ്യയിൽ മാത്രം 24 പേരാണ് മരിച്ചത്. ഹൂബൈയിൽ 769 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 461 പേരുടെ നില അതീവ ഗുരുതരമാണ്. അതിനിടെ ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയർന്നു.
കോതമംഗലം പള്ളി തർക്കം; സർക്കാരിന്റെ പുനഃപരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കോതമംഗലം പള്ളി കലക്ടർ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാരിന്റെ പുനഃപരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രിം കോടതിയുടെ കെ. എസ് വർഗീസ് കേസിലെ വിധിക്ക് വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവെന്നാണ് സർക്കാർ വാദം. ഉത്തരവ് സ്റ്റേ ചെയ്യണന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ബാസ്‌കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു
അമേരിക്കൻ ബാസ്‌കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.കാലിഫോർണിയയിലെ കലാബസാസിൽ വച്ചാണ് അപകടമുണ്ടായത്. കോബിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് തകർന്നുവീണത്. കൂടെയുണ്ടായിരുന്ന മകൾ ജിയാന (13) ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു.
news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here