ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (02-02-2021)

കത്വ, ഉന്നാവ് പെൺകുട്ടികൾക്കായുള്ള ധനസമാഹരണത്തിൽ അട്ടിമറി; യൂത്ത് ലീഗിനെതിരെ ആരോപണവുമായി ദേശീയ സമിതി അംഗം

മുസ്ലീം യൂത്ത് ലീഗിന് എതിരെ സുനാമി ഫണ്ട് തട്ടിപ്പിന് സമാനമായ ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗം രംഗത്ത്. കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തിൽ അട്ടിമറി നടന്നതായി യൂസഫ് പടനിലം ആരോപിച്ചു. ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സംസ്ഥാന നേതാക്കൾ വിനിയോഗിച്ചതായാണ് ആരോപണം.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടറെ ഇഡി ചോദ്യം ചെയ്യുന്നു

എം.സി. കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ കെ. ഷാഹുലിനെയാണ് ചോദ്യം ചെയ്യുന്നത്. കോഴിക്കോട് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

ചെറിയാന്‍ ഫിലിപ്പ് നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ചുമതല ഒഴിയുന്നു

ചെറിയാന്‍ ഫിലിപ്പ് നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ചുമതല ഒഴിയുന്നു. എകെജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ് ട്വന്റിഫോറിനോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണമോ എന്നതൊക്കെ പാര്‍ട്ടി തീരുമാനിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിലേക്ക് പോകുന്നത് നിറുത്തിയെന്നും സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപനമുണ്ടായിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ആലപ്പുഴയില്‍ ആര്‍എസ്എസിന്റെ പരിപാടി കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴയില്‍ ആര്‍എസ്എസിന്റെ പരിപാടി കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തു. അയോധ്യാ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവാണ് ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ള ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളില്‍ രഘുനാഥ പിള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനമാണ്. ക്ഷേത്ര ഭാരവാഹിയെന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥ പിള്ളയുടെ വിശദീകരണം.

അധികാരത്തിനായി തീവ്രവാദ പ്രസ്ഥാനങ്ങളുടെ കൂട്ടുകൂടുന്നത് അംഗീകരിക്കാനാകില്ല; മുന്നണികള്‍ക്ക് മുന്നറിയിപ്പുമായി തൃശൂര്‍ അതിരൂപത

ഇരു മുന്നണികള്‍ക്കും മുന്നറിയിപ്പുമായി തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. അധികാരത്തിനായി തീവ്രവാദ പ്രസ്ഥാനങ്ങളുടെ കൂട്ടുകൂടുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം നീക്കത്തിലൂടെ മതേതര മൂല്യങ്ങള്‍ ഇവര്‍ നഷ്ടപ്പെടുത്തുന്നുവെന്നും വിമര്‍ശനം. പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ സമൂഹത്തെ ആരും കാണേണ്ടെന്നും മുന്നറിയിപ്പുണ്ട്.

കര്‍ഷക പ്രക്ഷോഭം; അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു; പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാമെന്ന് രാജ്യസഭാ ചെയര്‍മാന്‍ പറഞ്ഞു. പ്രതിഷേധവുമായി രംഗത്ത് എത്തിയ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ കൂട്ടണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പ്

ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ സംസ്ഥാനത്ത് കൂട്ടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പ്. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് ചെലവ് കൂടുതലാണെന്നും ഫലം വരാന്‍ വൈകുമെന്നുമാണ് വിശദീകരണം. കടുത്ത ലക്ഷണമുള്ളവര്‍ക്കും രോഗ സാധ്യത കൂടുതലുള്ള സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ അഭിപ്രായം. ആര്‍ടിപിസിആര്‍ ടെസ്റ്റിനേക്കാള്‍ ഫലപ്രദം ആന്റിജന്‍ ടെസ്റ്റാണെന്നും മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് രോഗ്യവ്യാപനം കുറഞ്ഞെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

താന്‍ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാന്‍ ഒരു വിഭാഗം ഗൂഢനീക്കം നടത്തിയിട്ടുണ്ട്: കെ. സുധാകരന്‍

താന്‍ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാന്‍ നേരത്തെ ഒരു വിഭാഗം ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി. ഇക്കാര്യം എഐസിസി നേതൃത്വത്തില്‍ നിന്ന് തന്നെയാണ് താന്‍ അറിഞ്ഞത്. കോണ്‍ഗ്രസിന് അകത്തെ ഗൂഢസംഘം ഇപ്പോള്‍ സജീവമല്ലെന്നും കെപിസിസി പ്രസിഡന്റ് ആകാന്‍ സാധ്യതയുണ്ടെ സൂചനയും കെ. സുധാകരന്‍ നല്‍കി. രാഹുല്‍ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

എല്‍പി, യുപി അധ്യാപക തസ്തികയിലേക്കുള്ള ഒഴിവുകള്‍ പൂഴ്ത്തിവച്ച് നിയമനത്തിന് നീക്കം

എല്‍പി, യുപി അധ്യാപക തസ്തികയിലേക്കുള്ള ഒഴിവുകള്‍ പൂഴ്ത്തിവച്ച് നിയമനത്തിന് നീക്കം. 774 തസ്തികകള്‍ നിലവിലുണ്ടെന്നിരിക്കെ 450 ആളുകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് ഇപ്പോഴത്തെ നീക്കം. കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് നിയമന ഉത്തരവ് ലഭിച്ചിട്ടും നിയമനം ലഭിക്കാത്ത നിരവധി പേര്‍ ഈ പരീക്ഷ എഴുതിയിട്ടുണ്ട്. ഇവര്‍കൂടി ലിസ്റ്റില്‍ വന്നാല്‍ പുതിയ റാങ്ക് ലിസ്റ്റ് വീണ്ടും ചുരുങ്ങും. ഇതിന് പുറമേ അയോഗ്യരും പരീക്ഷ എഴുതിയെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആക്ഷേപം.

ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ ഗുണഭോക്താവിന്റെ അവകാശികള്‍ക്ക് നല്‍കില്ല

ക്ഷേമനിധി ബോര്‍ഡുകള്‍ നല്‍കുന്ന പെന്‍ഷന്‍ ഗുണഭോക്താവിന്റെ അവകാശികള്‍ക്ക് നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു. ഗുണഭോക്താവ് മരിച്ചാല്‍ അവകാശികള്‍ക്ക് പെന്‍ഷന് അര്‍ഹയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് നിര്‍ദേശം കൊടുത്തു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പെന്‍ഷന്‍ വിതരണം ചെയ്യുന്ന ക്ഷേമനിധി ബോര്‍ഡുകളിലാണ് ഈ നിയന്ത്രണം. ഇതിനായി നിയമാവലിയില്‍ ഭേദഗതിയുണ്ടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Story Highlights – todays headlines 02-02-2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top